www.gensol.in, Canva
News & Views

സെബി വടിയെടുത്തു! ജെന്‍സോള്‍ തട്ടിപ്പില്‍ പ്രമോട്ടര്‍മാരുടെ പടിയിറക്കം; ഓഹരിവിലയില്‍ കുതിച്ചു കയറ്റം

ഒരു വര്‍ഷം മുമ്പുവരെ 1,125 രൂപ വരെ ഉയര്‍ന്ന ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെ ഓഹരിവില ഇപ്പോള്‍ 57 രൂപയ്ക്കടുത്താണ്

Dhanam News Desk

ഓഹരി വിപണിയെ പിടിച്ചു കുലുക്കിയ ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെ (gensol engineering) പ്രമോട്ടര്‍മാര്‍ പടിയിറങ്ങുന്നു. മാനേജിംഗ് ഡയറക്ടര്‍ അന്‍മോള്‍ സിംഗ് ജഗ്ഗി, മുഴുവന്‍ സമയ ഡയറക്ടര്‍ പുനീത് സിംഗ് ജഗ്ഗി എന്നിവരാണ് സ്ഥാനങ്ങള്‍ രാജിവച്ചത്. കമ്പനിയുടെ പ്രധാന സ്ഥാനങ്ങളില്‍ തുടരുന്നതില്‍ നിന്ന് സെബി ഇരുവരെയും കഴിഞ്ഞ മാസം വിലക്കിയിരുന്നു. സെബിയുടെ കര്‍ശന നിര്‍ദ്ദേശം വന്നതോടെയാണ് ഇരുവരും പടിയിറക്കം പ്രഖ്യാപിച്ചത്.

സെബി ഉത്തരവിനെതിരേ കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല വിധി സമ്പാദിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് ഇരുവരും രാജിവയ്ക്കാന്‍ തയാറായത്. 2015ലാണ് കമ്പനി സ്ഥാപിതമാകുന്നത്. 2019 ഫെബ്രുവരി എട്ടിന് പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറി. സോളാര്‍ പ്ലാന്റുകളുടെ രൂപകല്പന, നിര്‍മാണം, ഇന്‍സ്റ്റാലേഷന്‍ എന്നിവയ്ക്കൊപ്പം ഇ.വി വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലയിലും ജെന്‍സോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കമ്പനിക്കെതിരേ സെബി ഇപ്പോള്‍ അതിഗുരുതരമായ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. കമ്പനിക്ക് സ്വരൂപിച്ച നിക്ഷേപത്തില്‍ വലിയൊരു പങ്ക് വകമാറ്റി ചിലവഴിച്ചെന്നും ഇത് മറച്ചുവയ്ക്കാന്‍ വ്യാജ രേഖ ചമച്ചെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഓഹരികളില്‍ ഇടിവ് തുടര്‍ക്കഥ

ഒരു വര്‍ഷം മുമ്പുവരെ 1,125 രൂപ വരെ ഉയര്‍ന്ന ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെ ഓഹരിവില ഇപ്പോള്‍ 57 രൂപയ്ക്കടുത്താണ്. പ്രമോട്ടര്‍മാര്‍ പടിയിറങ്ങിയെന്ന വാര്‍ത്ത പുറത്തു വന്നത് ഇന്ന് ഓഹരിവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ന് (മെയ് 13) ഉച്ചയ്ക്ക് നാലു ശതമാനത്തോളം ഓഹരിവില ഉയര്‍ന്നു. ഡിസംബര്‍ പാദത്തില്‍ 18 കോടി രൂപയോളം ലാഭം നേടിയ കമ്പനി മാര്‍ച്ച് പാദ ഫലങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

SEBI action forces Gensol promoters to step down amid fraud allegations, causing a brief surge in stock prices

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT