ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജെഴ്‌സി സ്‌പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്സ് കരാറൊപ്പിട്ടു. രണ്ടര വര്‍ഷത്തേക്ക് 579 കോടി രൂപക്കാണ് കരാര്‍. നിലവിലെ സ്‌പോണ്‍സര്‍മാരായ ഡ്രീം ഇലവന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) പുതിയ സ്‌പോണ്‍സര്‍മാരെ തേടിയത്. കഴിഞ്ഞ മാസം ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതാണ് ഡ്രീം ഇലവന് വിനയായത്. 358 കോടി രൂപക്കാണ് ഡ്രീം ഇലവന്‍ ബി.സി.സി.ഐ കരാര്‍ സ്വന്തമാക്കിയത്.
മാര്‍ച്ച് 2028 വരെയുള്ള രണ്ടര വര്‍ഷക്കാലത്തേക്കാണ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുക. എല്ലാ ഫോര്‍മാറ്റുകളിലെയും പുരുഷ-വനിത ക്രിക്കറ്റ് ടീമുകളുടെ ജഴ്‌സിയില്‍ അപ്പോളോ ടയേഴ്സിന്റെ ലോഗോ പ്രദര്‍ശിപ്പിക്കും. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്‌പോണ്‍സര്‍മാര്‍ ഇല്ലാതെയാണ് കളിക്കാനിറങ്ങിയത്.
ഓസ്‌ട്രേലിയന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ കാന്‍വ, ജെ.കെ ടയേഴ്സ്, ബിര്‍ള ഓപ്പസ് പെയിന്റ്‌സ് എന്നിവരും ടീം ഇന്ത്യയുടെ ജെഴ്‌സി സ്‌പോണ്‍സര്‍ ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് എത്തിയിരുന്നു. ഓഗസ്റ്റിലാണ് സ്‌പോണ്‍സര്‍മാരെ തേടി ബി.സി.സി.ഐ പരസ്യം പുറത്തിറക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ്, ബെറ്റിംഗ്, ക്രിപ്‌റ്റോ, പുകയില കമ്പനികളെ സ്‌പോണ്‍സര്‍ഷിപ്പിന് പരിഗണിക്കില്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അത്‌ലെറ്റിക്, സ്‌പോര്‍ട്‌സ് വെയര്‍, ബാങ്കിംഗ്, സാമ്പത്തിക സ്ഥാപനങ്ങള്‍, ഫാനുകള്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഷുറന്‍സ് കമ്പനികളെയും ബോര്‍ഡ് ഒഴിവാക്കി.
ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ അപ്പോളോ ടയേഴ്സ് 1975ല്‍ തൃശൂരിലെ പേരാമ്പ്രയിലാണ് സ്ഥാപിക്കുന്നത്. 2019ല്‍ നെതര്‍ലാന്‍ഡിലെ വ്രെഡസ്റ്റെയ്ന്‍ ബാന്‍ഡന്‍ ബി.വി എന്ന കമ്പനി ഏറ്റെടുത്തു. ഇന്ന് നൂറിലധികം രാജ്യങ്ങളില്‍ അപ്പോളോ ടയറുകള്‍ വിപണനം ചെയ്യപ്പെടുന്നു. അഞ്ചോളം സ്ഥലങ്ങളില്‍ കമ്പനിക്ക് നിര്‍മാണവുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയില്‍ ഇടംപിടിക്കുന്നതോടെ ആഗോളതലത്തില്‍ കമ്പനിയുടെ പ്രശസ്തിയെത്തും. ടീം ഇന്ത്യ കളിക്കുന്ന മത്സരങ്ങളിലെല്ലാം അപ്പോളോയുടെ സാന്നിധ്യവുമുണ്ടാകും.
ഓരോ അന്താരാഷ്ട്ര മത്സരത്തിനും 4.5 കോടി രൂപ വീതമാണ് കമ്പനി ബി.സി.സി.ഐക്ക് നല്‍കേണ്ടത്. ഡ്രീം ഇലവന്‍ 4 കോടി രൂപ വീതമാണ് നല്‍കിയിരുന്നത്. 142 മത്സരങ്ങളിലാണ് ടീം ഇന്ത്യ അപ്പോളോയുടെ ജഴ്‌സി അണിയുക. സെപ്റ്റംബര്‍ 30 മുതല്‍ ആരംഭിക്കുന്ന ഐ.സി.സി വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലാകും ആദ്യമായി ഇതുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ടീം ഇന്ത്യക്കൊപ്പം ചേര്‍ന്ന വാര്‍ത്തക്ക് പിന്നാലെ ഇന്ന് മൂന്ന് ശതമാനത്തോളം ഉയര്‍ന്നാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. ഉച്ചക്ക് 12 മണിക്ക് 0.65 രൂപയോളം ഉയര്‍ന്ന് ഓഹരിയൊന്നിന് 486.50 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനം 93 ശതമാനം ഇടിഞ്ഞ് 12.88 കോടി രൂപയിലെത്തിയിരുന്നു. എന്നാല്‍ മൊത്തവരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6,423.59 കോടി രൂപയില്‍ നിന്നും 6,560.76 കോടി രൂപയിലെത്തി. 2.1 ശതമാനം വര്‍ധന.
Apollo Tyres replaces Dream11 as Team India’s jersey sponsor with a ₹579 crore deal for 2.5 years. The company will pay ₹4.5 crore per match. Apollo shares gained after the announcement.
Read DhanamOnline in English
Subscribe to Dhanam Magazine