Canva
News & Views

ആരാധകരുടെ പരാതി മാറ്റാന്‍ ആപ്പിള്‍! ഐഫോണ്‍ 17ല്‍ വമ്പന്‍ സര്‍പ്രൈസുകള്‍, പുതിയൊരു അതിഥിയും വരും

ഐഫോണ്‍ 17 എയര്‍ എന്ന പേരില്‍ ഏറ്റവും കനംകുറഞ്ഞ ഐഫോണും ഇക്കുറിയെത്തുമെന്നാണ് വിവരം

Dhanam News Desk

പുതിയ ഫീച്ചറുകള്‍ രംഗത്തിറക്കി ടെക് ലോകത്തെ ഞെട്ടിക്കുന്ന ആപ്പിളിന്റെ ഐഫോണ്‍ 17 സീരീസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പതിവ് പോലെ മാസങ്ങള്‍ക്ക് മുമ്പേ സജീവം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ കാര്യമായ അപ്‌ഡേറ്റുകളില്ലാതെ പുറത്തിറങ്ങിയ ഐഫോണുകളോട് ആപ്പിള്‍ ആരാധകര്‍ക്കുള്ള സൗന്ദര്യപ്പിണക്കം ഇക്കുറി മാറുമെന്നാണ് ടെക് ലോകത്തെ സംസാരം. 2017ല്‍ ഐഫോണ്‍ എക്‌സ് പുറത്തിറക്കിയതിന് ശേഷം ആപ്പിള്‍ നടത്തുന്ന ഏറ്റവും വലിയ മാറ്റമായിരിക്കും ഇക്കുറിയെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഡിസൈനിലും ഡിസ്‌പ്ലേ വലിപ്പത്തിലും ക്യാമറ സെറ്റപ്പിലുമായി ഐഫോണ്‍ എയര്‍ എന്ന മോഡല്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് പ്രമുഖ ടെക് വെബ്‌സൈറ്റുകള്‍ പറയുന്നത്. അതായത് ഇക്കുറി നാല് ഐഫോണുകളാകും സെപ്റ്റംബറില്‍ പുറത്തിറക്കുന്നത്.

പുതിയ അതിഥി

ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നീ മോഡലുകളാണ് 2025ല്‍ വിപണിയിലെത്തുകയെന്ന് ടെക് വെബ്‌സൈറ്റായ മാക് റൂമേര്‍സ് പറയുന്നു. സാധാരണ ഐഫോണ്‍ 17നേക്കാള്‍ കനം കുറഞ്ഞ സൈസിലായിരിക്കും പുതിയ അതിഥി എത്തുന്നത്. ഐഫോണുകളു ടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ മോഡലായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ മോഡലിന്റെ വില്‍പ്പന അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും അടുത്ത വര്‍ഷം ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

വില ഇങ്ങനെ

ഐഫോണ്‍ 17 പ്രോ, 17 പ്രോ മാക്‌സ് എന്നിവക്ക് നടുവിലായിരിക്കും എയറിന്റെ സ്ഥാനം. നേരത്തെ ഹൈഎന്‍ഡ് മോഡല്‍ ആയിട്ടായിരിക്കും എയര്‍ എത്തുകയെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഐഫോണ്‍ 17 പ്രോ, 17 പ്രോ മാക്‌സ് എന്നിവയേക്കാള്‍ കുറവും ഐഫോണ്‍ 17യേക്കാള്‍ കൂടുതലുമാകും വിലയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫോബ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഐഫോണ്‍ 6 പ്ലസിന്റെ വിലയായ 899 ഡോളറായിരിക്കും (ഏകദേശം 77,000 രൂപ) ഐഫോണ്‍ 17 എയറിനുണ്ടാവുക. ലൈറ്റ്‌നിംഗ് പോര്‍ട്ടുകള്‍ക്ക് പകരം ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടിലേക്ക് മാറിയെങ്കിലും ഇക്കുറി പോര്‍ട്ടുകളില്ലാതെ പൂര്‍ണമായും വയര്‍ലെസ് ചാര്‍ജിംഗില്‍ മാത്രം പ്രവര്‍ത്തിക്കുന്ന രീതി ഐഫോണ്‍ എയറില്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 48 മെഗാപിക്‌സലിന്റെ സിംഗിള്‍ ക്യാമറയായിരിക്കും ഫോണിനുണ്ടാവുകയെന്നും റിപ്പോര്‍ട്ട് തുടരുന്നു.

ഡിസ്‌പ്ലേയിലും മാറ്റം

ഇക്കൊല്ലം വിപണിയിലെത്തുന്ന നാല് മോഡലുകളിലും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള എല്‍.ടി.പി.ഒ ഒ.എല്‍.ഇ.ഡി പ്രോ-മോഷന്‍ ഡിസ്‌പ്ലേയായിരിക്കും നല്‍കുക. നിലവില്‍ ഉയര്‍ന്ന മോഡലുകളില്‍ മാത്രമാണ് ഈ ഡിസ്‌പ്ലേ ഓപ്ഷന്‍ നല്‍കുന്നത്. കൂടുതല്‍ ഈടുനില്‍ക്കുന്ന പുതിയ ആന്റി റിഫ്‌ളക്ടീവ് ഡിസ്‌പ്ലേയായിരിക്കും ഇത്തവണയുണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. നിലവിലുള്ള ഐഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഗൂഗിള്‍ പിക്‌സലിന്റെ ചില മോഡലുകളില്‍ കാണുന്നത് പോലെ ബാക്ക് പാനലില്‍ നിന്നും തള്ളിനില്‍ക്കുന്ന രീതിയിലായിരിക്കും ക്യാമറയുടെ ഡിസൈന്‍. ഐഫോണ്‍17 പ്രോ, പ്രോ മാക്‌സ് മോഡലുകളില്‍ ചതുരാകൃതിയിലുള്ള വലിയ ക്യാമറ ഐലന്‍ഡായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT