Canva
News & Views

കേരളത്തിന് തൊട്ടടുത്ത് രണ്ട് ഐഫോണ്‍ ഫാക്ടറികള്‍ കൂടി! അടി തുടര്‍ന്ന് യു.എസും ചൈനയും; ആപ്പിളിന്റെ തിടുക്കത്തിന് പിന്നിലെന്ത്

ആഗോള വിപണിയില്‍ വില്‍ക്കുന്ന ഐഫോണുകളുടെ 75 ശതമാനവും വില്‍ക്കുന്നത് ചൈനയിലെന്നും കണക്കുകള്‍ പറയുന്നു

Dhanam News Desk

യു.എസ്.എയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യയെ ഐഫോണ്‍ നിര്‍മാണ ഹബ്ബാക്കാന്‍ ഒരുങ്ങി ആപ്പിള്‍. അമേരിക്കന്‍ വിപണിയിലേക്കുള്ള ഐഫോണുകളെല്ലാം ഇന്ത്യയില്‍ നിര്‍മിക്കാനാണ് നീക്കം. നിലവില്‍ ചൈനയിലുള്ള നിര്‍മാണ പ്ലാന്റുകളില്‍ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റും. ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിക്കാന്‍ ടാറ്റ, ഫോക്‌സ്‌കോണ്‍ എന്നീ കമ്പനികള്‍ അടുത്ത് തന്നെ രണ്ട് ഫാക്ടറികള്‍ കൂടി തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മൂന്ന് ആപ്പിള്‍ ഫാക്ടറികളാണ് ഇന്ത്യയിലുള്ളത്. തമിഴ്‌നാട്ടില്‍ രണ്ടും കര്‍ണാടകയില്‍ ഒന്നും.

കേരളത്തിന് തൊട്ടടുത്ത് രണ്ട് ഐഫോണ്‍ ഫാക്ടറി

തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ടാറ്റയുടെ പുതിയ ആപ്പിള്‍ ഫാക്ടറിയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. പഴയ മോഡല്‍ ഐഫോണുകളാണ് ഇവിടെ നിര്‍മിക്കുന്നത്. കൂടാതെ ആപ്പിളിന്റെ ഏറ്റവും വലിയ വാടക നിര്‍മാതാവായ ഫോക്‌സ്‌കോണ്‍ അടുത്ത് തന്നെ ബംഗളൂരുവില്‍ പുതിയ ഫാക്ടറി തുറക്കുമെന്നും റിപ്പോര്‍ട്ട് തുടരുന്നു. 21,000 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഉത്പാദനം തുടങ്ങും. ഇവിടെ ഐഫോണ്‍ 16, ഐഫോണ്‍ 16 ഇ മോഡലുകളാകും നിര്‍മിക്കുന്നത്. 2027ല്‍ പൂര്‍ണ പ്രവര്‍ത്ത സജ്ജമാകുമ്പോള്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനും മണിക്കൂറില്‍ 300 മുതല്‍ 500 ഐഫോണുകള്‍ വരെ നിര്‍മിക്കാനും ഈ പ്ലാന്റിന് കഴിയും.

ആപ്പിളിന്റെ തിടുക്കം എന്തിന്?

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ട്രംപ് സര്‍ക്കാര്‍ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതോടെ യു.എസില്‍ ഐഫോണുകളുടെ വില കുത്തനെ ഉയരുമെന്ന ആശങ്ക ശക്തമായിരുന്നു. നിലവില്‍ സ്മാര്‍ട്ട് ഫോണുകള്‍ അടക്കമുള്ള ചില ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഇളവുകള്‍ ഏത് സമയത്ത് വേണമെങ്കിലും പിന്‍വലിക്കാമെന്നും യു.എസ് സര്‍ക്കാര്‍ പറയുന്നു. തുടര്‍ന്നാണ് ഇന്ത്യയിലേക്ക് ഐഫോണ്‍ ഉത്പാദനം കേന്ദ്രീകരിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്.

75 ശതമാനവും ചൈനയില്‍

മാര്‍ച്ചില്‍ മാത്രം 2 ബില്യന്‍ ഡോളറിന്റെ (ഏകദേശം 16,000 കോടി രൂപ) വില വരുന്ന 600 ടണ്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണുകളാണ് ആപ്പിള്‍ യു.എസ് വിപണിയിലെത്തിച്ചത്. ഇതില്‍ 1.3 ബില്യന്‍ ഡോളറിന്റെ ഫോണുകളും ഫോക്‌സ്‌കോണ്‍ നിര്‍മിച്ചവയാണ്. ബാക്കി ടാറ്റയും. നിലവില്‍ ആപ്പിളിന്റെ ആഗോള വിപണിയിലേക്കുള്ള 75 ശതമാനം ഐഫോണുകളും നിര്‍മിക്കുന്നത് ചൈനയിലാണ്. ഇത് കുറക്കാനുള്ള നീക്കത്തിലാണ് ചൈന. ഇന്ത്യയില്‍ 18 ശതമാനം ഐഫോണുകളാണ് നിര്‍മിക്കുന്നത്. അടുത്ത കൊല്ലത്തോടെ അമേരിക്കന്‍ വിപണിയില്‍ വില്‍ക്കുന്ന ഐഫോണുകളെല്ലാം ഇന്ത്യയില്‍ നിര്‍മിക്കാനാണ് ആപ്പിളിന്റെ പ്ലാന്‍.

Apple expands iPhone production in India with new assembly plants from Tata and Foxconn, aiming to reduce reliance on China amid trade tensions.​

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT