News & Views

എന്‍എഫ്‌സിയില്‍ പേയ്‌മെന്റുമായി ആപ്പിള്‍പേ ഇന്ത്യയിലേക്ക്; ഗൂഗിള്‍പേയ്ക്കും ഫോണ്‍പേയ്ക്കും വെല്ലുവിളിയാകുമോ?

നിലവില്‍ 89 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍പേ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലും എത്തുമെന്നാണ് കരുതുന്നത്.

Dhanam News Desk

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് ഒരു പതിറ്റാണ്ടിനിടെ വലിയ വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ ഡിജിറ്റലായി. ഇന്റര്‍നെറ്റ് സാര്‍വത്രികമായത് ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള കുതിപ്പ് വേഗത്തിലാക്കി. ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനികളാണ്.

ഫോണ്‍പേയും ഗൂഗിള്‍പേയുമാണ് രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടിന്റെ 80 ശതമാനവും നിയന്ത്രിക്കുന്നത്. ഈ കമ്പനികള്‍ക്ക് ഭാവിയില്‍ വെല്ലുവിളിയാകാന്‍ മറ്റൊരു ആഗോള വമ്പന്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു.

ഐഫോണിന്റെ നിര്‍മാതാക്കളായ ആപ്പിളാണ് ഇന്ത്യയിലെ വലിയ സാധ്യത മുന്നില്‍ കണ്ടെത്തുന്നത്. നിലവില്‍ 89 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍പേ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലും എത്തുമെന്നാണ് കരുതുന്നത്. നിയമപരമായ അനുമതികള്‍ ലഭിച്ചാല്‍ ആപ്പിള്‍പേയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകില്ല.

വെല്ലുവിളിയാകുമോ?

തുടക്കത്തില്‍ ആപ്പിള്‍പേ ഗൂഗിള്‍പേയ്ക്കും ഫോണ്‍പേയ്ക്കും വെല്ലുവിളിയാകില്ല. ജിപേ, ഫോണ്‍പേ എന്നിവ യു.പി.ഐ ക്യൂആര്‍ കോഡ് അധിഷ്ഠിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആപ്പിള്‍പേ എന്‍എഫ്‌സിയില്‍ കേന്ദ്രീകരിച്ചുള്ള പേയ്‌മെന്റ് രീതിയാണ് പിന്തുടരുന്നത്. ഇന്ത്യയില്‍ ഇപ്പോഴും നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ മണി ട്രാന്‍സ്ഫര്‍ അത്ര വ്യാപകമല്ല. ആപ്പിള്‍പേ ഉപയോഗിക്കാന്‍ ഐഫോണോ ആപ്പിള്‍ വാച്ചോ ഐപാഡോ വേണം.

ആപ്പിളിന്റേതല്ലാത്ത ഉപകരണങ്ങളില്‍ ആപ്പിള്‍പേ പ്രവര്‍ത്തിക്കില്ല. രാജ്യത്ത് ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം പൊതുവേ കുറവാണ്. അതുകൊണ്ട് തന്നെ പ്രീമിയം ഉപയോക്താക്കളെയാകും തുടക്കത്തില്‍ ആപ്പിള്‍പേ ലക്ഷ്യംവയ്ക്കുക. ഗൂഗിള്‍പേയും ഫോണ്‍പേയുമാകട്ടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും സാധാരണക്കാരുടെ ഇഷ്ട ആപ്ലിക്കേഷനാണ്.

ആപ്പിള്‍ പേ എങ്ങനെ പ്രവര്‍ത്തിക്കുന്നു

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്സി) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റ് സൊല്യൂഷനാണ് ആപ്പിള്‍പേ നല്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഐഫോണോ ആപ്പിള്‍ വാച്ചോ കോണ്‍ടാക്റ്റ്ലെസ് റീഡറിന് സമീപം പിടിച്ച് പേയ്മെന്റുകള്‍ നടത്താം. ഇന്ത്യയില്‍ വന്‍കിട നഗരങ്ങളില്‍ പോലും എന്‍എഫ്‌സി അത്ര സാധാരണമല്ല. അതുകൊണ്ട് തന്നെ ആപ്പിള്‍പേയ്ക്ക് ഇന്ത്യയില്‍ വലിയ നിക്ഷേപം നടത്തേണ്ടിവരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT