News & Views

$250,000 സമ്മാനത്തുക! ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡ് 2026ന് ഇപ്പോള്‍ അപേക്ഷിക്കാം

കഴിഞ്ഞ പതിപ്പില്‍ 199 രാജ്യങ്ങളില്‍ നിന്നായി 100,000ലധികം നഴ്‌സുമാരില്‍ നിന്നുള്ള രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്

Dhanam News Desk

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ നഴ്‌സിംഗ് മികവിന് നല്കുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡിന്റെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു. 250,000 യുഎസ് ഡോളറാണ് സമ്മാനത്തുക. ലോകമെമ്പാടുമുള്ള രജിസ്റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് ഈ അവാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാം.

രോഗീ പരിചരണം, നഴ്‌സിംഗ് രംഗത്തെ നേതൃപാടവം, നഴ്‌സിംഗ് വിദ്യാഭ്യാസം, സോഷ്യല്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയില്‍ അസാധാരണമായ സംഭാവനകള്‍ നല്‍കിയ രജിസ്റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് അപേക്ഷ നല്‍കാം.

അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു പ്രൈമറി, രണ്ട് സെക്കന്‍ഡറി പ്രവര്‍ത്തന മേഖലകള്‍ വരെ നഴ്‌സുമാര്‍ക്ക് തിരഞ്ഞെടുക്കാം. കഴിഞ്ഞ പതിപ്പില്‍ 199 രാജ്യങ്ങളില്‍ നിന്നായി 100,000ലധികം നഴ്‌സുമാരില്‍ നിന്നുള്ള രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. 2026 എഡിഷനുള്ള അപേക്ഷകള്‍ www.asterguardians.com വഴി വിവിധ ഭാഷകളില്‍ 2025 നവംബര്‍ 10നകം സമര്‍പ്പിക്കാം.

അവാര്‍ഡ് ദാനം നഴ്‌സസ് ദിനത്തില്‍

വ്യത്യസ്ത ഘട്ടങ്ങളുള്ള മൂല്യനിര്‍ണയ പ്രക്രിയ കൈകാര്യം ചെയ്യുന്നത് ഏണസ്റ്റ് ആന്‍ഡ് യംഗ് എല്‍എല്‍പി (EY) ആയിരിക്കും. അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ രംഗത്തെ വിദഗ്ധരാണ് മൂല്യ നിര്‍ണയ ഘട്ടങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.

അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ നടക്കുന്ന ആഗോള അവാര്‍ഡ് ദാന ചടങ്ങില്‍ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും.

ആരോഗ്യ പരിചരണത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നവരെ ആദരിക്കുന്നതിനും അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT