News & Views

അറിയണം സാമ്പത്തിക ലോകത്തെ വലിയ മാറ്റങ്ങള്‍: ആദായ നികുതി മുതല്‍ ഫാസ്ടാഗ് വരെ നാളെ മുതല്‍ പലതും മാറും

ഇനിമുതല്‍ ഫിനാന്‍ഷ്യല്‍ ഇയര്‍, അസസ്മെന്റ് ഇയര്‍എന്നിങ്ങനെയുള്ള രണ്ട് വേര്‍തിരിവുകള്‍ ഉണ്ടാകില്ല, പകരം 'ടാക്‌സ് ഇയര്‍'

Dhanam News Desk

പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് (2026-27) ചുവടുവെക്കുമ്പോള്‍, ഇന്ത്യയിലെ നികുതി, ബാങ്കിംഗ്, തുടങ്ങി ഗതാഗത മേഖലകളില്‍ വരെ വിപ്ലവകരമായ മാറ്റങ്ങളാണ് വരുന്നത്. സാധാരണക്കാരുടെ നിത്യജീവിതത്തെയും സാമ്പത്തിക ആസൂത്രണത്തെയും നേരിട്ട് ബാധിക്കുന്ന ഈ മാറ്റങ്ങള്‍ വിശദമായി നോക്കാം.

1. ആദായനികുതി രംഗത്തെ പരിഷ്‌കാരങ്ങള്‍

നികുതിദായകര്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതിനായി ആദായനികുതി വകുപ്പ് വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

ഒറ്റ 'ടാക്‌സ് ഇയര്‍': ഇനിമുതല്‍ ഫിനാന്‍ഷ്യല്‍ ഇയര്‍ (FY), അസസ്മെന്റ് ഇയര്‍ (AY) എന്നിങ്ങനെയുള്ള രണ്ട് വേര്‍തിരിവുകള്‍ ഉണ്ടാകില്ല. പകരം 'ടാക്‌സ് ഇയര്‍' എന്ന ഒറ്റ സങ്കല്‍പ്പം മാത്രമാകും നിലവിലുണ്ടാവുക. നിങ്ങള്‍ വരുമാനം നേടുന്ന വര്‍ഷം തന്നെയാണ് നികുതി കണക്കാക്കുന്ന വര്‍ഷവും.

പുതിയ നികുതി വ്യവസ്ഥ (New Tax Regime): പുതിയ നികുതി വ്യവസ്ഥയായിരിക്കും ഇനി 'ഡിഫോള്‍ട്ട്' ഓപ്ഷന്‍. പഴയ രീതി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അത് പ്രത്യേകം തിരഞ്ഞെടുക്കണം.

HRA ക്ലെയിം ചെയ്യാന്‍ തെളിവുകള്‍ നിര്‍ബന്ധം: വീട്ടുവാടക ഇളവ് (HRA) ലഭിക്കുന്നതിന് ഇനിമുതല്‍ കൃത്യമായ വാടക രസീതുകളും വീടുടമയുടെ പാന്‍ (PAN) കാര്‍ഡ് വിവരങ്ങളും സമര്‍പ്പിക്കേണ്ടി വരും.

റിട്ടേണ്‍ ഫയലിംഗ്: ശമ്പളക്കാരായ നികുതിദായകര്‍ക്ക് ഐടിആര്‍ (ITR) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആയിരിക്കും.

2. പാന്‍ കാര്‍ഡ് നിയമങ്ങള്‍ കര്‍ശനമാകുന്നു

പാന്‍ കാര്‍ഡ് സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ആധാര്‍ മാത്രം പോരാ: ഇനിമുതല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രം പാന്‍ കാര്‍ഡ് എടുക്കാന്‍ കഴിയില്ല. ഇതിനായി പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.

പാന്‍ നിര്‍ബന്ധമായ ഇടപാടുകള്‍:

* 10 ലക്ഷം രൂപയില്‍ കൂടുതല്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍.

* 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനം വാങ്ങാന്‍.

* 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാടുകള്‍ക്ക്.

3. ബാങ്കിംഗ്, ഡിജിറ്റല്‍ സുരക്ഷാ മാറ്റങ്ങള്‍

ബാങ്കിംഗ് സേവനങ്ങളില്‍ സുരക്ഷയ്ക്കും സുതാര്യതയ്ക്കും മുന്‍ഗണന നല്‍കുന്ന മാറ്റങ്ങളാണുള്ളത്.

* ഒരു വര്‍ഷം ക്രെഡിറ്റ് കാര്‍ഡ് വഴി 10 ലക്ഷം രൂപയില്‍ കൂടുതല്‍ ചിലവഴിച്ചാല്‍ ആ വിവരം ബാങ്കുകള്‍ ആദായനികുതി വകുപ്പിന് കൈമാറും.

* Axis, YES, HDFC, PNB തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ തങ്ങളുടെ റിവാര്‍ഡ് പോയിന്റുകളിലും സര്‍വീസ് ചാര്‍ജുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

* എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡില്‍ പോയിന്റ് റെഡീം ചെയ്യുന്നതിനുള്ള ചുരുങ്ങിയ പരിധി 4,000 പോയിന്റാക്കി. റുപേ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് വിമാനത്താവള, റെയില്‍വേ ലോഞ്ചുകളിലെ സൗജന്യപ്രവേശനം ഉണ്ടാകില്ല.

* ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ ഇനി വെറും OTP മാത്രം പോരാ. പേയ്മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ ബയോമെട്രിക് (Fingerprint/Face ID) അല്ലെങ്കില്‍ ഡിവൈസ് ബൈന്‍ഡിംഗ് പോലുള്ള അധിക സുരക്ഷാ സംവിധാനം കൂടി വേണം.

4. റെയില്‍വേ ടിക്കറ്റ് ക്യാന്‍സലേഷന്‍

യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട മാറ്റമാണിത്. മുമ്പ് ട്രെയിന്‍ പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് ലഭിക്കുമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം 8 മണിക്കൂര്‍ മുന്‍പെങ്കിലും ക്യാന്‍സല്‍ ചെയ്താല്‍ മാത്രമേ പണം തിരികെ ലഭിക്കാന്‍ സാധ്യതയുള്ളൂ.

72 മണിക്കൂര്‍മുന്‍പ് റദ്ദാക്കിയാല്‍ മുഴുവന്‍ തുക. 72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലായാല്‍ 25 ശതമാനം തുക നഷ്ടമാകും. 24 മണിക്കൂറിനും എട്ടു മണിക്കൂറിനും ഇടയിലായാല്‍ പകുതി തുക മാത്രം. എട്ടുമണിക്കൂറില്‍ താഴെയായാല്‍ മുഴുവന്‍ തുകയും നഷ്ടമാകും.

5. ഓഹരി വിപണിയും നിക്ഷേപങ്ങളും

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (F&O) ട്രേഡിംഗിന് സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (STT) വര്‍ധിപ്പിച്ചു. ഓപ്ഷന്‍സ് ട്രേഡിംഗിന് ഇത് 0.15% ആയി ഉയര്‍ന്നു.

സോവറിന്‍ ഗോള്‍ഡ് ബോണ്ട് സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയവര്‍ക്ക് അതിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടി വരും.

6. പുതിയ ശമ്പള ഘടന (Labor Code)

തൊഴില്‍ നിയമങ്ങളിലെ മാറ്റം ശമ്പള ഘടനയെ ബാധിക്കും. നിങ്ങളുടെ ആകെ ശമ്പളത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും അടിസ്ഥാന ശമ്പളവും (Basic) ഡിഎയും (DA) ആയിരിക്കണം.

ഇതിലൂടെ നിങ്ങളുടെ പിഎഫ് (PF), ഗ്രാറ്റുവിറ്റി എന്നിവ വര്‍ധിക്കും. അതേസമയം, കൈയില്‍ കിട്ടുന്ന ശമ്പളത്തില്‍ (Take-home salary) നേരിയ കുറവുണ്ടായേക്കാം.

മറ്റു പ്രധാന മാറ്റങ്ങള്‍

അവശ്യ മരുന്നുകളുടെ പട്ടികയിലുള്ള പെയിന്‍ കില്ലറുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയ്ക്ക് നേരിയ വില വര്‍ദ്ധനയുണ്ടാകാം.

കെവൈസി (KYC) പൂര്‍ത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ റദ്ദാക്കപ്പെടും. ഫാസ്ടാഗ് വാര്‍ഷിക പാസിന്റെ ഫീസ് 3,000 രൂപയില്‍നിന്ന് 3,075 രൂപയായി കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT