Representational image, courtesy: facebook, Canva
News & Views

എറണാകുളം-ആലപ്പുഴ യാത്രയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കും; അതിവേഗ ഇടനാഴിയുടെ റാമ്പ് പണി പുരോഗമിക്കുന്നു

വൈദ്യുതി ലൈനുകൾ നീക്കം ചെയ്യുന്നതിലെ മെല്ലെപ്പോക്ക് അതിവേഗ ഇടനാഴിയുടെ കമ്മീഷനിംഗിനെ വൈകിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ആശങ്ക

Dhanam News Desk

ദേശീയപാത 66-ലെ ഗതാഗതക്കുരുക്ക് കാരണം ഏറെ ബുദ്ധിമുട്ടുന്ന എറണാകുളം-ആലപ്പുഴ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകാൻ ലക്ഷ്യമിട്ടുള്ള അരൂർ-തുറവൂർ അതിവേഗ ഇടനാഴിയുടെ (Elevated Highway) നിർമ്മാണം നിർണായക ഘട്ടത്തില്‍. 12.75 കിലോമീറ്റർ നീളമുള്ള ഈ ആറ് വരിപ്പാതയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമുളള റാമ്പുകളുടെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും നീളമേറിയ സിംഗിൾ-പില്ലേർഡ് ആകാശപാത (Single-pillared skyway) ആയി ഇത് മാറും.

പ്രത്യേക ടോൾ

താഴെയുള്ള തിരക്കേറിയ പ്രാദേശിക ഗതാഗതത്തെ ഒഴിവാക്കി, അതിവേഗത്തിൽ സഞ്ചരിക്കാൻ വാഹനങ്ങളെ സഹായിക്കുന്ന ഈ എലിവേറ്റഡ് ഹൈവേയിലേക്ക് പ്രവേശിക്കുന്നതിനായി മൂന്ന് പ്രത്യേക റാമ്പുകളാണ് നിർമ്മിക്കുന്നത്. അരൂർ, ചന്തിരൂർ, കുത്തിയതോട് എന്നിവിടങ്ങളിലാണ് ഈ റാമ്പുകൾ സ്ഥാപിക്കുന്നത്. ഇതിൽ 401.23 മീറ്റർ നീളമുള്ള കുത്തിയതോടിലെ റാമ്പാണ് ഏറ്റവും വലുത്.

ഈ അതിവേഗ ഇടനാഴി ഉപയോഗിക്കുന്ന വാഹനങ്ങൾ നിലവിലുള്ള ടോളിന് പുറമെ പ്രത്യേക ടോൾ നൽകേണ്ടിവരും. എന്നിരുന്നാലും, ടോൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് സമാന്തരമായ സർവീസ് റോഡ് ഉപയോഗിക്കാവുന്നതാണ്.

വെല്ലുവിളികൾ

ഈ വലിയ പദ്ധതിയുടെ വേഗതയ്ക്ക് ഇപ്പോൾ പ്രധാന തടസമായിരിക്കുന്നത് കെ.എസ്.ഇ.ബി.യുടെ എക്സ്ട്രാ ഹൈ-ടെൻഷൻ വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസമാണ്. ലൈനുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്താൽ, 2026 മാർച്ച് മാസത്തോടെ അരൂർ-തുറവൂർ പാതയുടെ പണി പൂർത്തിയാക്കാൻ കഴിയുമെന്ന് ദേശീയപാത അതോറിറ്റി (NHAI) ഉദ്യോഗസ്ഥർ അറിയിച്ചു.

വൈദ്യുതി ലൈനുകൾ നീക്കം ചെയ്യുന്നതിലെ മെല്ലെപ്പോക്ക് റാമ്പുകളുടെ നിർമ്മാണത്തെയും അതുവഴി അതിവേഗ ഇടനാഴിയുടെ കമ്മീഷനിംഗിനെയും വൈകിപ്പിക്കാൻ സാധ്യതയുണ്ടെന്നും എന്‍.എച്ച്.എ.ഐ ആശങ്കപ്പെടുന്നു. ഈ വെല്ലുവിളികൾ മറികടന്നാൽ, കേരളത്തിലെ യാത്രാ സൗകര്യങ്ങളിൽ ഈ പദ്ധതി ഒരു നാഴികക്കല്ലായി മാറും.

Aroor–Thuravoor elevated highway ramps under construction to ease NH 66 traffic congestion between Ernakulam and Alappuzha.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT