Donald Trump Image Courtesy: x.com/WhiteHouse/media, canva
News & Views

ട്രംപിന് യു-ടേണ്‍ അടിക്കാതെ പറ്റുമോ? വ്യാപാര യുദ്ധത്തിന്റെ പോക്ക് എങ്ങോട്ടാണ്? തിരുത്തേണ്ടി വരുമെന്ന് സൂചനകള്‍

അമേരിക്കന്‍ ജനത അമര്‍ഷത്തില്‍; റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിനെതിരെ മുറുമുറുപ്പ്

Dhanam News Desk

യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധത്തിന്റെ അവസാനമെന്താണ്? 2008ലെ സാമ്പത്തിക മാന്ദ്യ കാലത്തെ ഓര്‍മിപ്പിക്കുന്ന വിധം ഓഹരി വിപണികള്‍ തകര്‍ന്നു. തത്തുല്യ ചുങ്കത്തിന്റെ ന്യായവാദങ്ങള്‍ ലോകം അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, അതു തെറ്റാണെന്നും തെളിഞ്ഞു.

അമേരിക്കന്‍ ജനതയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടുകയുമാണ് ട്രംപ്. ഈ സാഹചര്യത്തില്‍ തത്തുല്യ ചുങ്ക തീരുമാനവുമായി മുന്നോട്ടു പോകാന്‍ ട്രംപിനു കഴിഞ്ഞെന്നു വരില്ല. ഈ വ്യാപാര ചുങ്കം അധിക കാലം നിലനില്‍ക്കില്ലെന്ന കാഴ്ചപ്പാട് വളരുകയാണ്.

പിടിവള്ളി തേടി ട്രംപ്

അമേരിക്കന്‍ വിപണിയിലെ തിരിച്ചടി, തന്നെ പിന്തുണക്കുന്നവരുടെ സമ്മര്‍ദം എന്നിവക്ക് നടുവിലായ ട്രംപ്, വ്യപാര ചുങ്കം പുനഃപരിശോധിച്ചേക്കും. വിയറ്റ്‌നാം, കംബോഡിയ പോലെ ദുര്‍ബലമായ ചില രാജ്യങ്ങള്‍ ട്രംപിന്റെ തത്തുല്യ ചുങ്ക പ്രഖ്യാപനത്തിനു മുന്നില്‍ അടിയറവു പറഞ്ഞ് ഇറക്കുമതി ചുങ്കത്തില്‍ കാര്യമായ ഇളവു വരുത്തിയേക്കാം. ഇത് തന്റെ നിലപാടിന്റെ വിജയമായി വ്യാഖ്യാനിച്ച്, മറ്റുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ ട്രംപ് ഒരു പുനഃപരിശോധന പ്രഖ്യാപിച്ചേക്കാം.

താരിഫിന്റെ കാര്യത്തില്‍ പ്രസിഡന്റിനുള്ള സവിശേഷാധികാരം യു.എസ് കോണ്‍ഗ്രസ് തിരിച്ചെടുക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. പ്രസിഡന്റിന്റെ സവിശേഷാധികാരം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. നികുതി ചുമത്തലിന് അടിയന്തര സ്വഭാവമൊന്നുമില്ലാത്തത് അതിനുള്ള ശക്തമായ ന്യായവാദവുമാണ്.

തത്തുല്യ ചുങ്കം എങ്ങനെ നടപ്പാക്കാനാണ്!

ചില പ്രശ്‌നങ്ങള്‍ക്ക് ചിലപ്പോള്‍ മരുന്നു കഴിക്കേണ്ടി വരുമെന്നൊക്കെ പറഞ്ഞ് മുഖം രക്ഷിക്കാന്‍ ട്രംപ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ വ്യാപാര ചുങ്കം ശാസ്ത്രീയമായി കണക്കു കൂട്ടി പ്രഖ്യാപിച്ചതല്ലെന്ന പ്രശ്‌നവും ഇതിനിടയില്‍ ട്രംപ് നേരിടുന്നുണ്ട്. അത് നടപ്പാക്കിയെടുക്കാന്‍ ഏറെ പ്രയാസമുണ്ട്. ദരിദ്ര രാജ്യങ്ങളുടെയും മറ്റും കാര്യത്തിലുള്ള താരിഫ് വൈരുധ്യങ്ങള്‍ പുറമെ.

അമേരിക്കയുമായുള്ള വ്യാപാരത്തില്‍ കമ്മി കാണിക്കുന്ന ബല്‍ജിയം പോലുള്ള രാജ്യങ്ങള്‍ക്ക് പുതിയ തത്തുല്യ ചുങ്കം ചുമത്താനുള്ള എല്ലാ ന്യായവാദങ്ങളും ട്രംപു തന്നെ സമ്മാനിച്ചതും അമേരിക്കന്‍ ഭരണകൂടത്തെ വെട്ടിലാക്കുന്നു.

മാന്ദ്യത്തിനും വിലക്കയറ്റത്തിനും സാക്ഷിയായി ട്രംപ്

സ്വന്തം നയങ്ങള്‍ മൂലം അമേരിക്ക മാന്ദ്യത്തിലേക്കും കൂടുതല്‍ വിലക്കയറ്റത്തിലേക്കും നീങ്ങുന്നത് കണ്ടുനില്‍ക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ ട്രംപ്. ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും മുറുമുറുപ്പ് ഉയര്‍ത്തുന്നു. ചൈനയെപ്പോലെ കൂടുതല്‍ രാജ്യങ്ങള്‍ അമേരിക്കക്ക് തത്തുല്യ ചുങ്കം ചുമത്തിയാല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT