ക്രിക്കറ്റ് ലോകത്തെ പ്രധാന ടൂര്‍ണമെന്റുകളിലൊന്നാണ് ഏഷ്യാകപ്പ്. എട്ട് പ്രധാനപ്പെട്ട രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സാന്നിധ്യം കൊണ്ടാണ് ആകര്‍ഷകമാകുന്നത്. യുദ്ധത്തോളമെത്തിയ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇരുടീമുകളും ഏതെങ്കിലുമൊരു കായിക ഇനത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്.
സെപ്റ്റംബര്‍ 14 ഞായറാഴ്ച്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഏഷ്യാകപ്പിന്റെ ടിവി, ഡിജിറ്റല്‍ സംപ്രേക്ഷണ കരാര്‍ നേടിയ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്‌സ് ഇന്ത്യയ്ക്ക് കോടികള്‍ വാരാനുള്ള അവസരമാണ് ഇന്ത്യ-പാക് പോരാട്ടം. മത്സരത്തിന്റെ ആവേശം വര്‍ധിച്ചതോടെ മത്സരത്തിനിടയിലെ പരസ്യ നിരക്കുകളും സോണി സ്‌പോര്‍ട്‌സ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ടിവിയില്‍ മത്സരത്തിന്റെ 10 സെക്കന്‍ഡ് പരസ്യത്തിന് 16 ലക്ഷം രൂപയാണ് സോണി സ്‌പോര്‍ട്‌സ് ഈടാക്കുന്നത്. ഈ നിരക്കില്‍ പരസ്യം നല്കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ മത്സരിച്ച് രംഗത്തുണ്ട്. ഉത്സവ സീസണ്‍ ആരംഭിക്കുന്നതും ഇന്ത്യ-പാക് മത്സരം കാണുന്നവരുടെ എണ്ണം കോടികളാണെന്നതും പരസ്യം നല്കുന്നവര്‍ക്ക് ഗുണകരമാണ്.
ടൂര്‍ണമെന്റിന്റെ ടിവി സംപ്രേഷണത്തിന്റെ കോ സ്‌പോണ്‍സര്‍ഷിപ്പിനായി 18 കോടി രൂപയാണ് സോണി സ്‌പോര്‍ട്‌സ് വാങ്ങുന്നത്. അസോസിയേറ്റ് സ്‌പോണ്‍സര്‍ഷിപ്പിന് 13 കോടി രൂപയും. ആദ്യ റൗണ്ടിലെ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാനാണ് സോണി സ്‌പോര്‍ട്‌സ് ലക്ഷ്യമിടുന്നത്. ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വന്നാല്‍ സോണി സ്‌പോര്‍ട്‌സിനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും ചാകരയാകും.
ഇന്ത്യയും പാക്കിസ്ഥാനും ലോകത്തിന്റെ എവിടെ വച്ച് ക്രിക്കറ്റില്‍ ഏറ്റുമുട്ടിയാലും സ്‌റ്റേഡിയം നിറഞ്ഞു കവിയാറുണ്ട്. എന്നാല്‍, ഞായറാഴ്ച്ചത്തെ മത്സരത്തിന്റെ ടിക്കറ്റ് വില്പന മന്ദഗതിയിലാണെന്നത് സംഘാടകരെ അമ്പരപ്പിച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ ഇന്ത്യ-പാക് ടിക്കറ്റ് വില്പനയ്ക്ക് വച്ച് മിനിറ്റുകള്‍ക്കകം വിറ്റുപോകുന്നതാണ്. എന്നാല്‍, ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്.
മുന്‍ വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരു മത്സരത്തിന്റെ ടിക്കറ്റ് മാത്രമായി വാങ്ങാമായിരുന്നു. ഇന്ത്യ-പാക് മത്സരം മാത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ മത്സരത്തിന്റെ ടിക്കറ്റ് മാത്രമായിട്ട് വാങ്ങാമായിരുന്നു. എന്നാല്‍ ഇത്തവണ സംഘാടകര്‍ പാക്കേജ് സിസ്റ്റമാണ് കൊണ്ടുവന്നത്. ഇന്ത്യ-പാക് മത്സരം കാണാന്‍ മാത്രം ആഗ്രഹിക്കുന്നവര്‍ മറ്റ് ഏഴ് ഗ്രൂപ്പ് മത്സരങ്ങളുടെ ടിക്കറ്റും വാങ്ങണം. ഇതിനായി വലിയൊരു തുക മുടക്കേണ്ടതാണ് ആരാധകരെ പിന്തിരിപ്പിക്കുന്നത്. വലിയൊരു തുക മുടക്കേണ്ടത് പലരെയും സ്റ്റേഡിയത്തിലെത്തി കളി കാണുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.
ടിക്കറ്റ് വിലയും ഇത്തവണ കൂടുതലാണ്. രണ്ട് സീറ്റിന് 2.57 ലക്ഷം രൂപയൊക്കെയാണ് ടിക്കറ്റ് വില. അണ്‍ലിമിറ്റഡ് ഫുഡ്, ബീവറേജസ് വി.ഐ.പി പരിഗണന എന്നിവയെല്ലാം ഈ പാക്കേജില്‍ ലഭിക്കും. റോയല്‍ ബോക്‌സ് ടിക്കറ്റ് നിരക്ക് 2.30 ലക്ഷം രൂപ മുതലാണ്. ഏറ്റവും വിലകുറഞ്ഞ ജനറല്‍ ടിക്കറ്റിന് പോലും ഒരാള്‍ക്ക് 5,000 രൂപയ്ക്ക് മുകളിലാകും. ഏഷ്യാകപ്പ് ഫിക്‌സ്ചര്‍ പുറത്തുവന്നതോടെ ഹോട്ടല്‍, വിമാന നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചതും ആരാധകരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine