News & Views

ഇരുപതാം വാര്‍ഷികത്തില്‍ ₹5,100 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്

2006ല്‍ പ്രവര്‍ത്തനം ആരംഭിച്ച അസറ്റ് ഗ്രൂപ്പ് 19 വര്‍ഷത്തിനിടെ 124 പദ്ധതികള്‍ക്ക് തുടക്കമിട്ടു.

Dhanam News Desk

കേരളം ആസ്ഥാനമായുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അസറ്റ് ഹോംസ് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇതോടനുബന്ധിച്ച് 2026-27 സാമ്പത്തികവര്‍ഷത്തിലേക്കുള്ള പദ്ധതികള്‍ കമ്പനി പ്രഖ്യാപിച്ചു. പ്രീമിയം ലക്ഷ്വറി പദ്ധതികള്‍, സുസ്ഥിര വികസനം എന്നിവയിലൂന്നിയ വളര്‍ച്ചയിലാകും ശ്രദ്ധിക്കുകയെന്ന് അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ വി. സുനില്‍കുമാര്‍ പറഞ്ഞു.

ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,821 പാര്‍പ്പിട യൂണിറ്റുകളടങ്ങുന്ന 28 പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു. 55 ലക്ഷം ചതുരശ്രയടിയില്‍ 5,100 കോടി രൂപയുടെ പദ്ധതികളാണ് അസറ്റ് വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും പദ്ധതികള്‍.

അസറ്റ് ഹോംസിന്റെ 125-മത് പദ്ധതിയായ എറൗണ്ട് ദി ട്രീയുടെ ശിലാസ്ഥാപനം മെയ് എട്ടിന് തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറില്‍ നടക്കും. ഈ വര്‍ഷം കൊണ്ട് കമ്പനിയുടെ ആകെ പദ്ധതികളുടെ എണ്ണം 150 കടക്കുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.

കോഴിക്കോട് ബീച്ചില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട പദ്ധതിയാകും അസറ്റിന്റെ ഈ സാമ്പത്തികവര്‍ഷത്തെ പ്രധാന പ്രോജക്ട്. 63 നിലകളിലായിട്ടാകും ഈ പദ്ധതി. കോയമ്പത്തൂരില്‍ നിര്‍മാണമാരംഭിക്കുന്ന പദ്ധതികള്‍ക്കു പുറമെ ദുബൈയിലേക്കും കമ്പനി പ്രവേശിക്കും. ഈ വര്‍ഷം ദുബൈയില്‍ അഞ്ച് പാര്‍പ്പിട പദ്ധതികളാണ് കമ്പനി ലക്ഷ്യമിടുന്നത്.

അല്‍ ഫുര്‍ജാനില്‍ രണ്ട് ആഡംബര പാര്‍പ്പിട പദ്ധതികള്‍, ദുബൈ ഐലന്‍ഡ്‌സില്‍ അള്‍ട്ര പ്രീമിയം പദ്ധതി എന്നിവയാണ് നിര്‍മാണം ആരംഭിക്കാന്‍ പോകുന്ന മറ്റ് മൂന്ന് പദ്ധതികള്‍. കളമശേരിയില്‍ ടിസിഎം ലിമിറ്റഡുമായി ചേര്‍ന്ന് 24 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനും അസറ്റ് ഗ്രൂപ്പ് തയാറെടുക്കുകയാണ്. 2006ല്‍ പ്രവര്‍ത്തനം ആരംഭിച്ച അസറ്റ് ഗ്രൂപ്പ് 19 വര്‍ഷത്തിനിടെ 124 പദ്ധതികള്‍ക്ക് തുടക്കമിട്ടു. ഇതില്‍ 91 എണ്ണം പൂര്‍ത്തിയാക്കി ഉപയോക്താക്കള്‍ക്ക് നല്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT