Image by Canva 
News & Views

ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ആശുപത്രി ശ്യംഖല: കേരളത്തിൽ വേരുകളുള്ള ആശുപത്രികൾ ഒന്നിക്കുന്നു

9,900 കിടക്കകളുമായി ഇന്ത്യയിലെ മൂന്നാമനാകും

Dhanam News Desk

ബംഗളൂരു ആസ്ഥാനമായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറും ഹൈദരാബാദിലെ കെയർ ഹോസ്പിറ്റലും ലയനത്തിലേക്കെന്ന് റിപ്പോർട്ട്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക് സ്റ്റോണിന്റെ സഹായത്തോടെയാണിത്. ആസ്റ്റർ ഡി.എമ്മിന്റെ പ്രൊമോട്ടറായ ഡോ.ആസാദ് മൂപ്പനാകും ആസാദ് ഡി എം ക്വാളിറ്റി കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിടുമെന്ന് കരുതപ്പെടുന്ന പുതിയ കമ്പനിയുടെ ചെയർമാൻ. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹോസ്പിറ്റൽ ശ്യംഖലയെന്ന പേരും കമ്പനി സ്വന്തമാക്കും.

ഇരുകമ്പനികളുടെയും ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുന്ന ബ്ലാക്സ്റ്റോണിന് ഇന്ത്യൻ ആരോഗ്യം മേഖലയിലുള്ള താത്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രവർത്തനം തുടങ്ങിയാൽ 9,900 കിടക്കകളുമായി അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസിനും മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസിനും പിന്നിൽ മൂന്നാമതെത്താൻ പുതിയ കമ്പനിക്ക് കഴിയും. ലയനത്തിനു ഈ കരാർ ഒപ്പിട്ടുവെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണത്തിന് കമ്പനി അധികൃതർ തയ്യാറായിട്ടില്ല.

അസാദ് മൂപ്പൻ തുടരും

ആസ്റ്റർ ഡി.എമ്മിന്റെ 42% ഓഹരികളും കയ്യാളുന്ന മൂപ്പൻ കുടുബത്തിന് മറ്റ് നിക്ഷേപകരായ ബ്ലാക്ക് സ്റ്റോൺ, ടി.പി.ജി എന്നിവർക്കൊപ്പം പുതിയ കമ്പനിയിലും പങ്കാളിത്തമുണ്ടാകും. ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തിയ ആസ്റ്റര്‍ പൂര്‍ണമായും ഇന്ത്യന്‍ ബിസിനസില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. നിലവില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന് ആറ് സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 13 ക്ലിനിക്കുകള്‍, 215 ഫാര്‍മസികള്‍, 232 ലാബുകള്‍ എന്നിവയുണ്ട്. പുതിയ കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് ആസ്റ്റർ ഡി.എമ്മിന്റെ പ്രൊമോട്ടറായ ഡോ.ആസാദ് മൂപ്പൻ തുടരും. ലിസ്റ്റഡ് കമ്പനിയായ ആസ്റ്റർ ഡി എമ്മിന്റെ വിപണിമൂല്യം 2.27 ബില്യൻ ഡോളറാണ് (ഏകദേശം 18,777.44 കോടി രൂപ). ലയനത്തിലൂടെ കെയർ ഹോസ്പിറ്റലിന്റെ നടത്തിപ്പുകാരായ ക്വാളിറ്റി കെയർ പ്രൈവറ്റ് ലിമിറ്റഡിന് ലിസ്റ്റഡ് കമ്പനിയാകാമെന്നും റിപ്പോർട്ടുണ്ട്.

ആസ്റ്റർ ഡി.എം ഹെൽത്ത് കെയറും കെയർ ഹോസ്പിറ്റലും തമ്മിലുള്ള ലയന ചർച്ചകൾ കഴിഞ്ഞ വർഷം തന്നെ ആരംഭിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT