News & Views

യുദ്ധത്തില്‍ സ്‌പോര്‍ട്‌സിനും അടിതെറ്റുന്നു, ഗള്‍ഫ് മേഖലയിലെ കായിക ഇവന്റുകള്‍ റദ്ദാക്കപ്പെട്ടു; നഷ്ടം ശതകോടികള്‍

യുദ്ധം മിഡില്‍ ഈസ്റ്റിലെ സ്‌പോര്‍ട്‌സ് ഇവന്റുകളെയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന സൗദി പ്രൊ ലീഗില്‍ ചില മത്സരങ്ങള്‍ പുനക്രമീകരിച്ചിരുന്നു

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധം ആഗോള സമാധാനത്തിന് കനത്ത പ്രഹരമാണുണ്ടാക്കിയത്. ഇന്ധന വില ക്രമാതീതമായി വര്‍ധിച്ചതിനൊപ്പം രാജ്യാന്തര തലത്തില്‍ വിമാന സര്‍വീസുകളെയും അത് ബാധിച്ചു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ടൂറിസം, ആരോഗ്യ മേഖലകളില്‍ കനത്ത തിരിച്ചടിയാണ് യുദ്ധത്തിലൂടെ സംഭവിക്കുന്നത്. ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായി മാറുമെന്ന് കരുതിയിരുന്ന ദുബൈയും അബുദാബിയും താല്ക്കാലികമായെങ്കിലും നിക്ഷേപകര്‍ കൈയൊഴിയുന്ന അവസ്ഥയിലാണ്.

യുദ്ധം മിഡില്‍ ഈസ്റ്റിലെ സ്‌പോര്‍ട്‌സ് ഇവന്റുകളെയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന സൗദി പ്രൊ ലീഗില്‍ ചില മത്സരങ്ങള്‍ പുനക്രമീകരിച്ചിരുന്നു. എന്നാല്‍ മത്സരങ്ങള്‍ റദ്ദാക്കുന്ന സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം, യുദ്ധം തുടങ്ങിയശേഷം കളികാണാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. സാമ്പത്തികരംഗത്ത് തിരിച്ചടി നേരിട്ടതോടെ സാമ്പത്തികനഷ്ടവും ലീഗിനെ തുറിച്ചുനോക്കുന്നുണ്ട്.

ഇറ്റലി ആതിഥേയത്വം വഹിക്കുന്ന പാരാലിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള അത്‌ലറ്റുകളുടെ യാത്ര യുദ്ധം മൂലം താറുമാറായി. പല അത്‌ലറ്റുകള്‍ക്കും ദിവസങ്ങളോളം യാത്ര തടസപ്പെടുന്ന അവസ്ഥയുണ്ടായതായി സംഘാടകര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും തിരക്കേറിയ ട്രാന്‍സിറ്റ് ഹബുകളിലൊന്നാണ് ദുബൈ വിമാനത്താവളം. മിഡില്‍ ഈസ്റ്റിലെ വിമാന സര്‍വീസുകള്‍ താറുമാറായതാണ് അത്‌ലറ്റുകളെ ബാധിച്ചത്.

യുഎഇയിലെ ഫുജൈറയില്‍ നടക്കേണ്ടിയിരുന്ന എടിപി ചലഞ്ചര്‍ ടെന്നീസിനെയും ബാധിച്ചു. ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെ സംഘാടകരുടെ ചെലവില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ സ്വദേശത്ത് എത്തിക്കുകയും ചെയ്തു.

ഇറാനില്‍ സമ്പൂര്‍ണ നിശബ്ദത

ഏഷ്യന്‍ ഫുട്‌ബോളിലെ മുന്‍നിര ടീമുകളിലൊന്നാണ് ഇറാന്‍. അവിടുത്തെ പ്രെഫഷണല്‍ ഫുട്‌ബോള്‍ ലീഗായ പേര്‍ഷ്യന്‍ ഗള്‍ഫ് പ്രോ ലീഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ എല്ലാ സ്‌പോര്‍ട്‌സ് ഇവന്റുകളും റദ്ദാക്കിയിരിക്കുകയാണ് ഇറാനിയന്‍ ഭരണകൂടം. ഇസ്രയേലും യുഎസും നടത്തിയ വ്യോമാക്രമണങ്ങളില്‍ ടെഹ്‌റാനിലെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ബഹ്‌റിനിലും ഖത്തറിലും പ്രധാനപ്പെട്ട കായിക ഇവന്റുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അടുത്തയാഴ്ച്ചയോടെ ഖത്തറില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമെന്നാണ് വിവരം.

അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മില്‍ യുഎഇയില്‍ നടക്കാനിരുന്ന ക്രിക്കറ്റ് പരമ്പരയും ഉപേക്ഷിച്ചു. ടീമുകള്‍ക്ക് യുഎഇയിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണമാണ് പരമ്പര റദ്ദാക്കിയത്. ഗള്‍ഫ് മേഖലയില്‍ കായിക ഇവന്റുകള്‍ വ്യാപകമായി ഉപേക്ഷിക്കേണ്ടി വന്നതുമൂലം കോടികളുടെ നഷ്ടമാണ് നേരിടേണ്ടിവരുന്നത്.

The West Asian war has disrupted sports events across Gulf countries, causing cancellations, travel disruptions for athletes, and massive financial losses

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT