Image Credits: Prathyush Thomas/ Wikimedia commons 
News & Views

ബാങ്കറില്‍ നിന്ന് വ്യവസായിയിലേക്ക്; വിജയങ്ങള്‍ക്കൊടുവില്‍ തിരിച്ചടികളും ജയില്‍ ജീവിതവും; അറ്റ്‌ലസ് രാമചന്ദ്രന്‍ മടങ്ങുന്നത് പുതിയ സംരംഭമെന്ന മോഹം ബാക്കിവച്ച്

സിനിമാ നിര്‍മാതാവും അഭിനേതാവുമൊക്കെയായ രാമചന്ദ്രന്‍ വ്യക്തിബ്രാന്‍ഡ് ആയി വളര്‍ന്നത് സ്വന്തം ശൈലിയിലൂടെ

Dhanam News Desk

പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (എം.എം. രാമചന്ദ്രന്‍) ഓര്‍മയായി. ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമാ കഥ പോലെ സംഭവബഹുലമാണ് അദ്ദേഹത്തിന്റെ കഥ. ഒരു സംരംഭകനായി പരിണമിച്ച പ്രൊഫഷണല്‍ കടന്നു പോയ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ. സോഷ്യല്‍മീഡിയയോ വലിയ പരസ്യ കാമ്പെയ്‌നോ ഇല്ലാതിരുന്നിട്ടും 'ജനകോടികളുടെ വിശ്വസ്തസ്ഥാപനം ' എന്ന പരസ്യവാക്യത്തിലൂടെ അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് അറ്റ്‌ലസ് എന്ന ബ്രാന്‍ഡിനെ സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു.

ന്യൂഡല്‍ഹിയില്‍ കനറാ ബാങ്ക് ജീവനക്കാരന്‍ ആയാണ് തൃശൂര്‍ സ്വദേശി രാമചന്ദ്രന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് പ്രൊബേഷണറി ഓഫീസറായും അക്കൗണ്ടന്റായും മാനേജറായും ജോലി. നൂറിലധികം ബ്രാഞ്ചുകളുടെ അസിസ്റ്റന്റ് സൂപ്രണ്ട് ആയി ജോലി നോക്കുന്ന സമയത്താണ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റിന്റെ പരസ്യം ശ്രദ്ധയില്‍പ്പെടുന്നതും 1974 മാര്‍ച്ചില്‍ പോകുന്നതും.

കുവൈറ്റിലെ ജീവിതത്തിനിടയില്‍ ഒരിക്കല്‍ ഒരു ജൂവല്‍റിയുടെ മുന്നില്‍ വലിയൊരു ക്യൂ കണ്ടു. കാര്യം തിരക്കിയപ്പോള്‍ സ്വര്‍ണത്തിന് വില കുറഞ്ഞു, അതുവാങ്ങാനെത്തിയവരുടെ ക്യൂ ആണെന്നറിഞ്ഞു. ജ്വല്ലറി ബിസിനസിലേക്ക് ഇറങ്ങിയാലോ എന്ന ആശയമുണ്ടായത് അപ്പോഴാണ്. പിന്നീട് 1981 ഡിസംബറില്‍ കയ്യിലുള്ള സമ്പാദ്യം കൊണ്ട് രണ്ടുകിലോ സ്വര്‍ണം വാങ്ങി ആദ്യജൂവല്‍റി തുടങ്ങുന്നത്. ആത്മവിശ്വാസമാണ് അന്നുമുതല്‍ അദ്ദേഹത്തിന് കൂട്ടായിരുന്നത്. ബിസിനസ് തകര്‍ന്ന്, ജയില്‍ശിക്ഷ അനുഭവിച്ച് തിരിച്ചെത്തിയപ്പോഴും ഇതേ ആത്മവിശ്വാസം അദ്ദേഹം കൈവിട്ടില്ല.

വ്യത്യസ്തമായ ബ്രാന്‍ഡിംഗ്

കേരളം ഒന്നടങ്കം ഏറ്റെടുത്ത പരസ്യവാചകമാണ് ജനകോടികളുടെ വിശ്വസ്തസ്ഥാപനം എന്നത്. ഇത്രമാത്രം പ്രചാരം നേടിയ വാചകവും ശബ്ദവും വേറെയുണ്ടാകില്ല. സ്ഥാപന ഉടമയായ അറ്റ്ലസ് രാമചന്ദ്രന്‍ തന്നെയാണ് ഈ ശബ്ദത്തിനുടമ. ആ കഥയും ഒരിക്കല്‍ അദ്ദേഹം ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ആദ്യകാലത്ത് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ അലിയാര്‍ ആയിരുന്നു അറ്റ്ലസ് ജൂവല്‍റിയുടെ പരസ്യശബ്ദം. ഒരിക്കല്‍ മദ്രാസില്‍ വെച്ച് പരസ്യവാചകം റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ അലിയാര്‍ക്ക് വരാനായില്ല.

വിശ്വസ്ത സ്ഥാപനം എന്ന് ശരിയായി ഉച്ചരിക്കാന്‍ അവിടെയാര്‍ക്കും കഴിഞ്ഞില്ല. അങ്ങനെയാണ് അതിന് അദ്ദേഹം ശ്രമിക്കുന്നതും അതുമതിയെന്ന് എല്ലാവരും തീരുമാനിക്കുന്നതും. എന്നാല്‍ ഈ ഒറ്റ വാചകത്തിലൂടെ മലയാളിക്ക് സുപരിചിതനായി മാറിയ വ്യവസായിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. അതുവരെ കണ്ടുശീലിച്ച രീതിയില്‍ നിന്ന് വ്യത്യസ്തമായ പരസ്യം അറ്റ്‌ലസ് രാമചന്ദ്രനെയും അദ്ദേഹത്തിന്റെ ജൂവല്‍റിയേയും കൊച്ചുകുട്ടികള്‍ക്ക് പോലും ചിരപരിചിതനാക്കി.

അറ്റ്‌ലസ് ഗ്രൂപ്പിന് തുടക്കമിട്ടത് കുവൈറ്റിലാണെങ്കിലും പിന്നീട് വിവിധ ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും പടര്‍ന്നു പന്തലിച്ചു. കുവൈറ്റ് യുദ്ധം ബിസിനസിന് തിരിച്ചടിയായപ്പോഴും തളരാതെ പിടിച്ചു നിന്നു. മെഡിക്കല്‍ കെയറിലും റിയല്‍ എസ്റ്റേറ്റിലും സിനിമയിലും അദ്ദേഹം തിളങ്ങി. ചന്ദ്രകാന്ത ഫിലിംസ് എന്ന ബാനറില്‍ വൈശാലി, സുകൃതം, ധനം, വാസ്തുഹാര തുടങ്ങി ഇരുപതിലേറെ ചിത്രങ്ങള്‍ നിര്‍മിച്ചു.

ഹോളിഡേയ്‌സ് എന്ന ചിത്രത്തിലൂടെ സംവിധാകനുമായി. അറബിക്കഥ, ടു ഹരിഹര്‍ നഗര്‍, മലബാര്‍ വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ ബാങ്കിന് തിരിച്ചടയ്ക്കാനുണ്ടായിരുന്ന വായ്പ മുടങ്ങിയത് തിരിച്ചടിയായി. 350 കോടി ദിര്‍ഹം വരുമാനമുണ്ടായിരുന്ന സ്ഥാപനം തകര്‍ന്ന് അടിഞ്ഞു. പിന്നീട് 2015ല്‍ ദുബായിയില്‍ ജയിലിലായി. കേസ് ഒത്തുതീര്‍പ്പാക്കി ജയില്‍ മോചിതനായത് 33 മാസങ്ങള്‍ക്ക് ശേഷം. അപ്പോഴേക്കും പടുത്തുയര്‍ത്തിയ സാമ്രാജ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിനുള്ളിലെ സംരംഭ വീര്യം കെട്ടടങ്ങിയില്ല.

എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന ആല്‍ബം പുറത്തിറക്കി. പുതിയ സംരംഭം തുടങ്ങാനുള്ള ആലോചനയിലായിരുന്നു അദ്ദേഹം. ഒപ്പം തന്റെ സംഭവബഹുലമായ ജീവിതകഥ പുസ്തകരൂപത്തിലാക്കാനും ആഗ്രഹിച്ചു. ഈ ആഗ്രഹങ്ങള്‍ ബാക്കിവച്ചാണ് അദ്ദേഹം കരള്‍ രോഗത്തിന് കീഴടങ്ങിയത്.

Image Credit : Prathyush Thomas/ Wikimedia commons

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT