Image: Canva 
News & Views

എ.ടി.എം വഴി പണം പിന്‍വലിക്കല്‍ ഇനി ചെലവേറും; ഇന്റര്‍ചാര്‍ജ് ഫീ വര്‍ധിപ്പിക്കാന്‍ നീക്കം

2021ലാണ് ഇതിനുമുമ്പ് ഇന്റര്‍ചാര്‍ജ് ഫീ കൂട്ടിയത്

Dhanam News Desk

എ.ടി.എം വഴി പണം പിന്‍വലിക്കുമ്പോള്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്റര്‍ചേഞ്ച് ചാര്‍ജുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ടി.എം ഓപ്പറേറ്റേഴ്‌സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും (ആര്‍.ബി.ഐ) നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയയെും (എന്‍.പി.സി.ഐ) സമീപിച്ചു. ഇന്റര്‍ചേഞ്ച് ചാര്‍ജ് 23 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രീയുടെ (സി.എ.ടി.എം.ഐ) ആവശ്യം.

ആര്‍.ബി.ഐയും എന്‍.പി.സി.ഐയും ഈ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021ലാണ് ഇതിനുമുമ്പ് ഇന്റര്‍ചാര്‍ജ് ഫീ കൂട്ടിയത്. അന്ന് 15 രൂപയില്‍ നിന്ന് 17ലേക്കാണ് നിരക്ക് വര്‍ധിപ്പിച്ചത്.

എന്താണ് ഇന്റര്‍ചാര്‍ജ് ഫീ?

ഒരു ബാങ്കിന്റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്റെ എ.ടി.എം വഴി പണം പിന്‍വലിക്കുമ്പോള്‍ ഇടപാടിന് നിശ്ചിത ചാര്‍ജ് നല്കണം. ബാങ്കുകള്‍ തമ്മിലാണ് ഈ ചാര്‍ജുകള്‍ കൈമാറുന്നത്. ഉദാഹരണത്തിന്, നിങ്ങള്‍ എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം കാര്‍ഡാണ് ഉപയോഗിക്കുന്നത് കരുതുക. ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ പോയി പണം പിന്‍വലിക്കുമ്പോള്‍ എസ്.ബി.ഐ ഫെഡറല്‍ ബാങ്കിന് നല്‍കുന്ന ചാര്‍ജാണ് ഇന്റര്‍ചാര്‍ജ് ഫീ.

നിലവില്‍ ഈ ചാര്‍ജ് 17 രൂപയാണ്. ഇത്തരത്തില്‍ ഇന്റര്‍ചാര്‍ജ് നിരക്ക് കൂട്ടിയതോടെ ബാങ്കുകള്‍ എ.ടി.എം ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഓരോ മാസവും നിശ്ചിത തവണയില്‍ കൂടുതല്‍ എ.ടി.എം വഴി പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്.

ഓരോ ബാങ്കുകള്‍ക്കും ഈ തുക വ്യത്യസ്തമാണ്. ഗ്രാമ,നഗര വ്യത്യാസമനുസരിച്ച് ഇളവുകളിലും മാറ്റം ഉണ്ടാകും. പ്രമുഖ ബാങ്കുകള്‍ മെട്രോ നഗരങ്ങളില്‍ 5 സൗജന്യ ഇടപാടുകളാണ് ഓരോ മാസവും അനുവദിക്കുന്നത്. ഇന്റര്‍ചാര്‍ജ് ഫീ കൂട്ടുന്നതോടെ എ.ടി.എം ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ചാര്‍ജ് നല്‍കേണ്ടിവരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT