അന്താരാഷ്ട്ര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ആഗമന, പുറപ്പെടൽ കേന്ദ്രങ്ങളില്‍ നാലുവീതം കൗണ്ടറുകളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാമിന് അനുസൃതമായാണ് സംവിധാനം ഒരുക്കുന്നത്.
യാത്രക്കാര്‍ രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്
ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ യാത്രക്കാര്‍ രജിസ്ട്രേഷൻ നടത്തണം. പാസ്പോർട്ട് അടക്കമുളള രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം ബയോമെട്രിക് എൻറോൾമെന്റ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ സിയാലിലെ എഫ്.ആർ.ആർ.ഒ. ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും സജ്ജീകരിച്ചിട്ടുണ്ട്.
രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാല്‍ അന്താരാഷ്ട്ര യാത്രകൾക്ക് ആഗമന, പുറപ്പെടൽ ഇമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട് ഗേറ്റുകളിലൂടെ പ്രവേശനം ഉറപ്പാക്കുന്നു. ഇമിഗ്രേഷന്‍ നടപടികൾ പൂർത്തിയാക്കാന്‍ എടുക്കുന്ന നീണ്ട കാത്തുനില്‍പ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് സംവിധാനം. ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ. കാർഡുള്ളവർക്കും ഇപ്പോള്‍ തന്നെ ഓട്ടോമാറ്റിക്ക് ഇമിഗ്രേഷൻ നടപടികള്‍ പൂർത്തിയാക്കാൻ അനുമതിയുണ്ട്.
ഓട്ടോമാറ്റിക്ക് ഇമിഗ്രേഷൻ നടപടികള്‍
രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ സ്മാർട്ട് ഗേറ്റിലെത്തിയാൽ പാസ്പോർട്ട് സ്‌കാൻ ചെയ്യുകയാണ് ആദ്യ നടപടി. തുടര്‍ന്ന് ഗേറ്റുകൾ താനേ തുറക്കുന്നതാണ്, ശേഷം രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിച്ചാല്‍ സാങ്കേതിക സംവിധാനങ്ങള്‍ യാത്രക്കാരനെ തിരിച്ചറിയുകയും ഗേറ്റ് തുറക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇമിഗ്രേഷൻ നടപടികള്‍ പൂർത്തിയാക്കാന്‍ എടുക്കുന്ന പരമാവധി സമയം 20 സെക്കൻഡാണെന്ന് അധികൃതര്‍ പറയുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളം
സംവിധാനത്തിന്റെ പരീക്ഷണം തിങ്കളാഴ്ച ആരംഭിച്ച് ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് ഇതിന്റെ നടത്തിപ്പു ചുമതല നിര്‍വഹിക്കുക. അന്താരാഷ്ട്ര യാത്രക്കാർക്ക് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളമാണ് കൊച്ചി വിമാനത്താവളം. ഡൽഹി വിമാനത്താവളത്തില്‍ ആയിരുന്നു ആദ്യമായി ഇത് കൊണ്ടുവന്നത്.
ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ട ആവശ്യമില്ല എന്നതാണ് ഓട്ടോമാറ്റിക് ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ പ്രത്യേകത. ചെക്ക്-ഇൻ കഴിഞ്ഞാൽ സെക്കന്‍ഡുകള്‍ക്കുളളില്‍ യാത്രക്കാരന് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാം.
വർഷം ഒരു കോടി യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തിലൂടെ കടന്നു പോകുന്നത്. 70,000 ത്തോളം വിമാന സർവീസുകള്‍ വാഗ്ദാനം ചെയ്യുന്ന സിയാൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ് എന്ന മികച്ച നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine