Canva, AxiomSpace.com
News & Views

മസ്‌കിന്റെ റോക്കറ്റില്‍ ലീക്ക്, ഐ.എസ്.ആര്‍.ഒ ₹550 കോടി മുടക്കിയ ആകാശയാത്ര നാലാം തവണയും മാറ്റി, ഇനിയെന്ത്?

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്ടന്‍ ശുഭാംശു ശുക്ല

Dhanam News Desk

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) പുറപ്പെടാനിരുന്ന ആക്‌സിയോം 4 (Axiom -4) ദൗത്യം നാലാമതും മാറ്റി. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ റോക്കറ്റിലുണ്ടായ സാങ്കേതിക തകരാറാണ് ഒടുവിലത്തെ വൈകലിന് പിന്നില്‍. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്ടന്‍ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് യാത്രികരെയാണ് യാത്രക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ആക്‌സിയോം എന്ന സ്വകാര്യ കമ്പനിയാണ് യാത്രക്ക് പിന്നില്‍.

വൈകലിന് പിന്നിലെന്ത്?

ഫാല്‍ക്കന്‍ റോക്കറ്റിലെ ലിക്വിഡ് ഓക്‌സിജന്‍ സംവിധാനത്തില്‍ വന്ന ചോര്‍ച്ചയാണ് വിക്ഷേപണം മാറ്റിവെക്കാന്‍ കാരണമെന്ന് സ്‌പേസ്എക്‌സ് പറയുന്നു. കണ്ടെത്തിയ തകരാര്‍ പരിഹരിച്ച് കൊണ്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. യാത്രയുടെ പുതിയ തീയതി അറ്റകുറ്റപ്പണിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. വിക്ഷേപണത്തിന് മുമ്പുള്ള സ്റ്റാറ്റിക്ക് ഫയര്‍ ബൂസ്റ്റര്‍ പരിശോധനക്കിടെയാണ് തകരാര്‍ കണ്ടെത്തിയതെന്ന് ഐ.എസ്.ആര്‍.ഒയും അറിയിച്ചു.

രണ്ടാമത്തെ ഇന്ത്യക്കാരന്‍

രാകേഷ് ശര്‍മക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു.1984ല്‍ സോവിയറ്റ് യൂണിയന്റെ ഇന്റര്‍കോസ്‌മോസ് പദ്ധതിയുടെ ഭാഗമായി എട്ട് ദിവസമാണ് ശര്‍മ ബഹിരാകാശത്ത് കഴിഞ്ഞത്. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്ടനായ ശുഭാംശു ലഖ്‌നൗ സ്വദേശിയാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെയും (ഐ.എസ്.ആര്‍.ഒ) നാസയുടെയും പിന്തുണയുള്ള ബഹിരാകാശ യാത്രാ പദ്ധതിയുടെ ഭാഗമാണ് ശുക്ല. ഇദ്ദേഹത്തിനൊപ്പം അമേരിക്കന്‍ ബഹിരാകാശ യാത്രികയായ പെഗ്ഗി വിറ്റ്‌സണ്‍ നയിക്കുന്ന യാത്രയില്‍ പോളണ്ടുകാരനായ സ്ലാവോസ് വിസ്‌നീവ്‌സ്‌കിയും ഹംഗറിക്കാരനായ ടിബോര്‍ കാംപുവും ഒപ്പമുണ്ടാകും.

ഇന്ത്യക്ക് ചെലവ് 550 കോടി

ആക്‌സിയോണ്‍ 4 ദൗത്യത്തിനായി ഏകദേശം 550 കോടി രൂപയാണ് ഇന്ത്യയുടെ നിക്ഷേപമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 14 ദിവസത്തെ യാത്രയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി, ഐ.എസ്.ആര്‍.ഒ എന്നിവര്‍ വികസിപ്പിച്ച വിവിധ പരീക്ഷണങ്ങളും നടത്തും. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സഹായകരമാകുന്ന വിവിധ പരീക്ഷണങ്ങളാണ് ഇവ. ബഹിരാകാശത്ത് നട്ടുവളര്‍ത്തുന്ന വിത്തുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തിച്ച് തുടര്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചിട്ടുണ്ട്.

അനാവശ്യ ചെലവോ?

അതേസമയം, ദാരിദ്ര്യവും തൊഴിലില്ലായ്മയും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഇവ പരിഹരിക്കുന്നതിന് പകരം ഇത്രയധികം പണം ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്തിനാണെന്ന സംശയവും ചിലര്‍ക്ക് തോന്നിയേക്കാം. വെറുമൊരു തമാശക്കല്ല ഇത്തരം പരീക്ഷണങ്ങള്‍ ഇന്ത്യ നടത്തുന്നതെന്നാണ് സത്യം. കോടികളുടെ വരുമാനം രാജ്യത്തിന് നല്‍കുന്ന വലിയൊരു വ്യവസായമാണ് ബഹിരാകാശ രംഗം. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം നേടിയ വരുമാനം 9,197 കോടി രൂപയാണ്.

നിലവില്‍ ഇന്ത്യയുടെ ബഹിരാകാശ വിപണി 8.4 ബില്യന്‍ ഡോളര്‍ അതായത് ഏകദേശം 70,000 കോടി രൂപ മൂല്യമുള്ളതെന്നാണ് കണക്ക്. ഏതാണ്ട് മുന്നൂറിലധികം സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. 2033 എത്തുമ്പോള്‍ ഈ രംഗത്തെ 44 ബില്യന്‍ ഡോളര്‍ അല്ലെങ്കില്‍ 3.7 ലക്ഷം കോടി രൂപ ശേഷിയുള്ളതാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നത് കൂടിയാണ് ഇപ്പോഴത്തെ പരീക്ഷണങ്ങള്‍.

Axiom‑4, carrying Indian astronaut Shubhanshu Shukla, has been postponed again due to a liquid‑oxygen (LOx) leak in the Falcon 9 rocket, requiring repairs before launch.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT