മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്‍ഡ് സെസ് ലിമിറ്റഡിന്റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) തയ്യാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടന റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കാനാണ് ധാരണ. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ വികസനത്തില്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാന്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന് പങ്കുവയ്ക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വി.ജി.എഫ്) ലഭ്യമാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
സംസ്ഥാന സര്‍ക്കാര്‍ തുറമുഖ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂര്‍ അഴീക്കല്‍ അന്താരാഷ്ട്ര ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ടും അതോടനുബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവയുടെ വികസനവും. ഇതിനായി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്‍ഡ് സെസ് ലിമിറ്റഡ് എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ട്. 14.1 മീറ്റര്‍ ആഴമുള്ളതും 8,000-75,000 ഡി.ഡബ്ല്യൂ.റ്റി അല്ലെങ്കില്‍ 5,000 ടി.ഇ.യു വരെ ശേഷിയുള്ള പനമാക്‌സ് വലിപ്പമുള്ള കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്നതരത്തിലുള്ള തുറമുഖ വികസനവും വ്യവസായ പാര്‍ക്കുകളും പ്രത്യേക സമ്പത്തിക മേഖലകളും വഴി മലബാറിന്റെ വ്യവസായ വാണിജ്യ വികസനത്തിനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
പദ്ധതി പ്രദേശത്തെ വിശദമായ മണ്ണ് പരിശോധന ( ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍) പൂര്‍ത്തിയാക്കി. അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് സാങ്കേതിക കണ്‍സള്‍ട്ടന്റ് സമര്‍പ്പിച്ച ഡിസൈന്‍ റിപ്പോര്‍ട്ട് പ്രകാരം പുലിമുട്ടിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്ന് കണ്ടു. ഐ.ഐ.ടി മദ്രാസ് പരിശോധിച്ച് ബ്രേക്ക് വാട്ടര്‍ ഫൗണ്ടേഷന്‍ മാറ്റിക്കൊണ്ടുള്ള ശുപാര്‍ശകളോടെ ഡിസൈന്‍ റിപ്പോര്‍ട്ട് സാങ്കേതിക കണ്‍സള്‍ട്ടന്റ് തയ്യാറാക്കി. വിശദമായ പാരിസ്ഥിതിക പഠനങ്ങളും മറ്റു നടപടിക്രമങ്ങളും പുരോഗമിച്ചു വരുന്നു.
കയറ്റുമതി - ഇറക്കുമതി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിനും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക സാമ്പത്തിക മേഖലകളുടെ പരിശോധന റിപ്പോര്‍ട്ട് 2021ലും ബിസിനസ് പൊട്ടന്‍ഷ്യല്‍ റിപ്പോര്‍ട്ട് 2022 മാര്‍ച്ചിലും സര്‍ക്കാരിന് ലഭിച്ചിരുന്നു. വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനും മറ്റുമായി കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമുള്ള പ്രാരംഭ നടപടികളും മാസ്റ്റര്‍പ്ലാനും തയ്യാറാക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം, ബ്രേക്ക് വാട്ടര്‍ നിര്‍മാണം, യൂട്ടിറ്റിലിറ്റി ചെലവുകള്‍, കണ്‍സള്‍ട്ടന്‍സി പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയ്ക്കായി കഴിഞ്ഞ ബജറ്റില്‍ 9.65 കോടി രൂപ വകയിരുത്തിയിരുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനൊപ്പം വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ക്രൂയിസ് ടൂറിസവും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine