News & Views

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പെരുമ്പാവൂരിലേക്ക്, 500 കിടക്കകള്‍, കോടികളുടെ നിക്ഷേപം; ഉദ്ഘാടനം 2026 മധ്യത്തോടെ

2000ന്റെ രണ്ടാംപകുതി മുതല്‍ എറണാകുളത്തേക്ക് എത്താന്‍ ബേബി മെമ്മോറിയലിന് പദ്ധതികളുണ്ടായിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നീണ്ടുപോയി

Dhanam News Desk

കേരള ആരോഗ്യ രംഗത്തെ മുന്‍നിരക്കാരായ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ എറണാകുളത്തെ ആദ്യ ആശുപത്രിയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ പെരുമ്പാവൂരിലാണ് പുതിയ ആശുപത്രി വരുന്നത്. ഈ ഹോസ്പിറ്റലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന സ്‌റ്റേജിലാണ്.

അടുത്ത വര്‍ഷം ജൂലൈയോടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍മാരിലൊരാളായ ഡോ. വിനീത് ഏബ്രഹാം ധനംഓണ്‍ലൈനോട് പറഞ്ഞു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്കിന്റെ വലിയ പ്രൊജക്ടുകളിലൊന്നാണ് പെരുമ്പാവൂരിലേത്. 500 കിടക്കകളുള്ള ആശുപത്രിയുടെ ആദ്യഘട്ടത്തില്‍ 200 കിടക്കകളുമായാകും പ്രവര്‍ത്തനം ആരംഭിക്കുക. രണ്ടാം ഘട്ടവും 2026ല്‍ തന്നെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ചുലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഈ ആശുപത്രി ഒരുങ്ങുന്നത്.

2000ന്റെ രണ്ടാംപകുതി മുതല്‍ എറണാകുളത്തേക്ക് എത്താന്‍ ബേബി മെമ്മോറിയലിന് പദ്ധതികളുണ്ടായിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നീണ്ടുപോയി. 2010ല്‍ കാക്കനാട് ആശുപത്രിക്കായി സ്ഥലം വാങ്ങിയെങ്കിലും പലവിധ കാരണങ്ങളാല്‍ പദ്ധതി നടന്നില്ല. പിന്നീടാണ് പെരുമ്പാവൂരിലേക്ക് കമ്പനി എത്തുന്നത്.

എസ്എന്‍ ട്രസ്റ്റ് ആശുപത്രി ശൃംഖല സ്ഥാപിക്കുന്നതിനായി 2017ല്‍ വാങ്ങിയ സ്ഥലമാണ് 2021-22 സാമ്പത്തികവര്‍ഷം ബേബി മെമ്മോറിയല്‍ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. മന്ദഗതിയിലായിരുന്ന കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബേബി മെമ്മോറിയല്‍ ഏറ്റെടുത്ത ശേഷം ശരവേഗം ലഭിച്ചു.

ആഗോള നിക്ഷേപക സ്ഥാപനമായ കെ.കെ.ആര്‍ അടുത്തിടെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വലിയ നിക്ഷേപം നടത്തിയിരുന്നു. ഇതിനു പിന്നാലെ കേരളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തന്ത്രപ്രധാന ഏറ്റെടുക്കലുകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. തൊടുപുഴയിലെ ചാഴികാട്ട് ഹോസ്പിറ്റലിനെ കഴിഞ്ഞ വര്‍ഷമാണ് കമ്പനി ഏറ്റെടുക്കുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക്

മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി അടുത്തിടെ വെല്ലൂരിലെ നരുവി (Naruvi Hospitals) ഹോസ്പിറ്റലിനെ ഏറ്റെടുത്തിരുന്നു. ഏകദേശം 700 കോടി രൂപയ്ക്കായിരുന്നു ഈ ഏറ്റെടുക്കല്‍. അടുത്ത വര്‍ഷങ്ങളില്‍ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഏറ്റെടുക്കലുകള്‍ നടത്താന്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് പദ്ധതിയുണ്ട്. ദക്ഷിണേന്ത്യയിലെ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമാകുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കങ്ങള്‍.

കോഴിക്കോട് ആസ്ഥാനമായ ബേബി മെമ്മോറിയല്‍ ആശുപത്രി കേരളത്തിലെ പ്രമുഖ ആരോഗ്യസ്ഥാപനങ്ങളിലൊന്നാണ്. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ ചെയര്‍മാനും എം.ഡിയുമായ കെ.ജി അലക്‌സാണ്ടര്‍ 1987ലാണ് ആശുപത്രി സ്ഥാപിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT