ഇന്ത്യയുടെ നല്ല സുഹൃത്തായിരുന്നു ഒരുകാലത്ത് ബംഗ്ലാദേശ്. ഷേഖ് ഹസീനയെന്ന വികസന നായികയില്‍ നിന്ന് അധികാരം മതവാദികളിലേക്ക് എത്തപ്പെട്ടതോടെ മുങ്ങുന്ന കപ്പലായി മാറുകയാണ് ബംഗ്ലാദേശ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പേരില്‍ ഹസീനയെ അധികാരഭ്രഷ്ടയാക്കി കളംപിടിച്ച യൂനസ് ഇപ്പോള്‍ നടുക്കടലിലാണ്. എന്തും സംഭവിക്കാവുന്ന അവസ്ഥയില്‍ കളത്തിലേക്ക് ബംഗ്ലാദേശ് സൈന്യവും രംഗപ്രവേശം ചെയ്തിരിക്കുകയാണ്.
വികസന നായകനെന്ന പരിവേഷത്തോടെയാണ് നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ ഭാഗമാകുന്നത്. യുവാക്കളെ വലിയ തോതില്‍ ആകര്‍ഷിച്ചിരുന്ന യൂനസിന് തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് പിന്നീട് കണ്ടത്. തീവ്ര മതസംഘടനകളുടെ ആജ്ഞയ്ക്കനുസരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിച്ചും മതസ്വാതന്ത്രത്തിന് തടയിട്ടുമായിരുന്നു ഇടക്കാല സര്‍ക്കാര്‍ മുന്നോട്ടു പോയത്.
ഷേക് ഹസീനയുടെ കാലഘട്ടത്തില്‍ ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയില്‍ നിന്ന് അതിവേഗ തകര്‍ച്ചയിലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തി. ബംഗ്ലാദേശിന്റെ നട്ടെല്ലായിരുന്ന ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രിയെ ഏറെക്കുറെ ഇല്ലാതാക്കാന്‍ യൂനുസിന്റെ നയങ്ങള്‍ കാരണമായി. ആ രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ നിന്നായിരുന്നു.
പണിമുടക്കും തൊഴിലാളി പ്രശ്‌നങ്ങളും കാരണം ഒട്ടുമിക്ക ലോകോത്തര കമ്പനികളും ഓര്‍ഡറുകള്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റി. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വസ്ത്ര നിര്‍മാണ മേഖലയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ തൊഴില്‍ നഷ്ടമായത്.
അതിസങ്കീര്‍ണമാണ് ബംഗ്ലാദേശിലെ കാര്യങ്ങള്‍. പ്രക്ഷോഭത്തിലൂടെയാണ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വന്നതെന്നത് ശരിതന്നെ. ഇവരുടെ പ്രവര്‍ത്തനരീതിയില്‍ പലരും തൃപ്തരല്ല. തൊഴിലില്ലായ്മയും ദാരിദ്രവും വര്‍ധിക്കുന്നത് ഒരുവശത്ത്. മത തീവ്രത പോരെന്ന ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളുടെ തിട്ടൂരം മറുവശത്ത്. ഇതിനിടയില്‍ വെറുപ്പിക്കുന്ന നിലപാടുകളുമായി യൂനുസും തന്റേതായ വഴിയെ മുന്നോട്ടു പോകുന്നു.
ഈ രീതിയില്‍ ഏറെക്കാലം പോകാന്‍ പറ്റില്ലെന്ന നിലപാടിലാണ് സൈന്യം. പട്ടാള മേധാവി വാകർ ഉസ്സമാൻ തിരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തി അധികാരം കൈമാറണമെന്ന് യൂനുസിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അധികാരമേറ്റെടുത്തപ്പോള്‍ പുതിയ സര്‍ക്കാരിന് എത്രയും പെട്ടെന്ന് ചുമതല കൈമാറ്റുമെന്നായിരുന്നു യൂനസിന്റെ വാഗ്ദാനം. അധികാരം ആസ്വദിച്ച് തുടങ്ങിയ യൂനുസ് വാക്ക് മറന്നുവെന്ന ഓര്‍മപ്പെടുത്തലാണ് സൈന്യം നടത്തിയിരിക്കുന്നത്.
ഇന്ത്യ വിരുദ്ധത മുഖമുദ്രയാക്കിയായിരുന്നു യൂനുസിന്റെ പ്രവര്‍ത്തനരീതി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമാക്കുമെന്നു വരെ ഒരുഘട്ടത്തില്‍ യൂനുസ് പറഞ്ഞുവച്ചു. ഇന്ത്യ വിരുദ്ധര്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്രം അനുവദിച്ചും പാക് ഭീകരവാദ സംഘങ്ങള്‍ക്ക് അഭയമേകിയും രാജ്യത്ത് അശാന്തി മുളപ്പിക്കുന്ന സമീപനമാണ് യൂനുസില്‍ നിന്നുണ്ടായത്.
മ്യാന്മാറില്‍ നിന്നുള്ള രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കൂടുതലായി സ്വീകരിക്കാനുള്ള യൂനുസിന്റെ തീരുമാനവും രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മനുഷത്വപരമായ തീരുമാനമെന്ന് പറയുമ്പോഴും പലര്‍ക്കും അതത്ര ദഹിച്ചിട്ടില്ല. യൂനുസിനെ സംബന്ധിച്ച് വരുംനാളുകള്‍ പരീക്ഷണത്തിന്റേതാകുമെന്ന് ഉറപ്പാണ്.
Read DhanamOnline in English
Subscribe to Dhanam Magazine