ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ (ബിസിബി) സാമ്പത്തികമായി തകര്‍ത്തേക്കും. ഇന്ത്യയും ഐസിസിയും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതീക്ഷ. എന്നാല്‍ എല്ലാം പാളി. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നൊഴിവാക്കി സ്‌കോട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തി. ഈ നീക്കത്തിലൂടെ കോടികളുടെ വരുമാനമാണ് ബംഗ്ലാദേശ് ക്രിക്കറ്റിന് ഒറ്റയടിക്ക് നഷ്ടമാകുന്നത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക വരുമാനത്തില്‍ 60 ശതമാനം നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബ്രോഡ്കാസ്റ്റ് റവന്യു, സ്‌പോണ്‍സര്‍ഷിപ്പ്, പ്രൈസ് മണി എന്നിവ ഉള്‍പ്പെടെ 240 കോടി രൂപയ്ക്കുമുകളില്‍ വരുമാന ചോര്‍ച്ചയുണ്ടാകും. ഇതുമാത്രമാകില്ല അവരുടെ നഷ്ടം.
ഈ വര്‍ഷം അവസാനം ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം ഉണ്ടായിരുന്നു. ഈ പര്യടനവും നടന്നേക്കില്ല. അങ്ങനെ വന്നാല്‍ ബംഗ്ലാദേശിന് ഭീമമായ നഷ്ടമാകും സംഭവിക്കുക. ബംഗ്ലാദേശിന്റെ അനവസരത്തിലുള്ള പിന്മാറ്റം ഐസിസിയില്‍ അവര്‍ ഒറ്റപ്പെടുന്നതിനും വഴിയൊരുക്കും.
ലോകക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ബോര്‍ഡായ ബിസിസിഐയാണ്. അതുകൊണ്ട് തന്നെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനൊപ്പം പാക്കിസ്ഥാനൊഴികെ മറ്റൊരു രാജ്യവും നില്‍ക്കില്ല. ഭാവിയില്‍ പല രാജ്യങ്ങളും ബംഗ്ലാദേശിനെ അവഗണിക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു. ലോകകപ്പില്‍ നിന്ന് ഒഴിവാകാനുള്ള തീരുമാനത്തിനെതിരേ ബംഗ്ലാദേശ് താരങ്ങളും പ്രതിഷേധത്തിലാണ്.
ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിപ്പിക്കേണ്ടെന്ന തീരുമാനമാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് നയിച്ചത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമണം നടക്കുന്നതിനാല്‍ അവിടെനിന്നുള്ള കളിക്കാരനെ ഐപിഎല്ലില്‍ കളിപ്പിക്കുന്നതിനെതിരേ ഇന്ത്യയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ബംഗ്ലാദേശ് കളിക്കാര്‍ വേണ്ടെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചത്. കുറെക്കാലമായി ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ ക്രിക്കറ്റ് കളിക്കാറില്ല.
Read DhanamOnline in English
Subscribe to Dhanam Magazine