Public sector banks canva
News & Views

ബാങ്ക് അക്കൗണ്ടിന് നാലു വരെ നോമിനിയാകാം, വില്‍പത്രമുണ്ടെങ്കില്‍ എന്തിനാണ് നാല് നോമിനികള്‍? അവകാശ തര്‍ക്കം കൂടുമോ, കുറയുമോ?

2025ന്റെ തുടക്കത്തിലെ കണക്കു പ്രകാരം ബാങ്കുകളില്‍ അഞ്ചുവര്‍ഷ കാലയളവില്‍ അവകാശികളില്ലാതെ അനാഥമായ തുക 45,000 കോടി രൂപ

Dhanam News Desk

ഉപയോക്താക്കള്‍ക്ക് ഇനി ഒരു ബാങ്ക് അക്കൗണ്ടില്‍ നാല് നോമിനികള്‍ വരെയാകാം. ബാങ്കിംഗ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്ന 2024ലെ ബാങ്കിംഗ് നിയമ (ഭേദഗതി) നിയമം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലില്‍ ഏപ്രില്‍ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഈ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ എപ്പോള്‍ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി കുറയ്ക്കലോ സ്വകാര്യവല്‍ക്കരണമോ ലക്ഷ്യമിട്ടല്ല നിയമമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

നോമിനികളെ രണ്ട് തരത്തില്‍ നിയമിക്കാം

നിലവില്‍, ഒരു ബാങ്ക് അക്കൗണ്ടിനോ ലോക്കറിനോ ഒരു നോമിനിയെ മാത്രമേ നിയമിക്കാന്‍ കഴിയൂ. പുതിയ നിയമപ്രകാരം, നിക്ഷേപകര്‍ക്കും ലോക്കര്‍ ഉടമകള്‍ക്കും നാല് പേരെ വരെ നോമിനികളായി നിയമിക്കാം. നിക്ഷേപങ്ങള്‍ക്ക് നോമിനികളെ നിയമിക്കാന്‍ രണ്ട് വ്യവസ്ഥകളാണുള്ളത്. ഒന്നുകില്‍, നാല് നോമിനികള്‍ക്കും മുന്‍ഗണനാ ക്രമവും നിക്ഷേപ വിഹിതത്തിന്റെ അനുപാതവും നേരത്തെ നിശ്ചയിച്ച് നല്‍കാം. മുന്‍ഗണനാ ക്രമം മാത്രം തിരഞ്ഞെടുക്കുകയാണെങ്കില്‍, അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍, ആദ്യ നോമിനി ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്കാണ് അവകാശം. ആദ്യ നോമിനി മരണപ്പെട്ടാല്‍, രണ്ടാമത്തെ നോമിനിക്കും അങ്ങനെ തുടര്‍ന്നും അവകാശം ലഭിക്കും. ഈ സംവിധാനം ലോക്കറുകള്‍ക്കും സേഫ്റ്റി ലോക്കറുകള്‍ക്കും ബാധകമാണ്.

അനാഥ നിക്ഷേപങ്ങള്‍ കുറക്കണം

അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന നിക്ഷേപങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ടാണ് നാല് നോമിനികളെ വരെ നിയമിക്കാനുള്ള ഭേദഗതി. 10 വര്‍ഷത്തോളമായി ഉപയോഗിക്കാത്ത സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപം, കാലാവധി (maturity) പൂര്‍ത്തിയായതിന് ശേഷം 10 വര്‍ഷം കഴിഞ്ഞും ക്ലെയിം ചെയ്യാത്ത ടേം ഡെപോസിറ്റിലെ പണം എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപം (Unclaimed Deposit) ആയി പരിഗണിക്കുന്നത്. ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാത്തത്, മരണപ്പെട്ടവരുടെ അക്കൗണ്ടുകള്‍ക്ക് അവകാശികളില്ലാത്തത് തുടങ്ങിയ സാഹചര്യങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. ഈ തുക അതത് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ഡിപ്പോസിറ്റര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് (നിക്ഷേപക വിദ്യാഭ്യാസ-ബോധവല്‍ക്കരണ നിധി) എന്ന ഫണ്ടിലേക്ക് മാറ്റും.

78,000 കോടി രൂപ

2019-20 മുതല്‍ 2024-25 (ഡിസംബര്‍ 31 വരെ) കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ 45,000 കോടി രൂപയാണ് ഡി.ഇ.എ ഫണ്ടിലേക്ക് മാറ്റിയതെന്നാണ് കണക്ക്. 2024 മാര്‍ച്ച് വരെയുള്ള കണക്ക് അനുസരിച്ച് ഈ ഫണ്ടിലുള്ളത് 78,213 രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്ന് ഈ തുക പലിശയടക്കം തിരികെ ക്ലെയിം ചെയ്യാനുള്ള അവസരവുമുണ്ട്.

ശരിക്കും നാല് നോമിനികള്‍ ആവശ്യമുണ്ടോ?

ബാങ്ക് അക്കൗണ്ടുകളില്‍ ഒന്നില്‍ കൂടുതല്‍ നോമിനികളെ നിയമിക്കണമെന്ന നിബന്ധനയൊന്നും നിലവിലില്ല. എന്നാല്‍ അക്കൗണ്ട് ഉടമയുടെ മരണശേഷം ഉണ്ടാകുന്ന നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മികച്ച ഫിനാന്‍ഷ്യല്‍ പ്ലാനിംഗിനുമായി ഇങ്ങനെ ചെയ്യുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒന്നില്‍ കൂടുതല്‍ നോമിനികളെ വെക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാം.

അനന്തരാവകാശികളെ തീരുമാനിക്കല്‍ വളരെയെളുപ്പം

അക്കൗണ്ട് ഉടമയുടെ മരണശേഷം ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം ക്ലെയിം ചെയ്യുന്ന സമയത്ത് നോമിനി ജീവിച്ചിരിക്കാതെയോ സ്ഥലത്തില്ലാതെയോ വന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നീളാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ നോമിനികളെ ചുതലപ്പെടുത്തിയാല്‍ ഇത്തരം

സാഹചര്യങ്ങളെ ഒഴിവാക്കാന്‍ കഴിയും. ഓരോ നോമിനിക്കും ഏത് അനുപാതത്തിലാണ് നിക്ഷേപം വീതിച്ചു നല്‍കേണ്ടതെന്ന് കൂടി രേഖപ്പെടുത്തുന്നത് ഉചിതമാണ്. അക്കൗണ്ട് ഉടമയുടെ മരണശേഷം ബാങ്ക് തന്നെ ഈ അനുപാതത്തില്‍ പണം വീതിച്ചുനല്‍കും. ഇത്തരത്തില്‍ നോമിനിയാക്കിയ കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുന്നതും ആവശ്യമായ രേഖകള്‍ സൂക്ഷിച്ചുവെക്കുന്നതും നല്ലതാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

കുടുംബ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം

ഇങ്ങനെ ഒന്നിലധികം നോമിനികളെ തീരുമാനിക്കുന്നത് കുടുംബ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ഏതെങ്കിലും കുടുംബാംഗത്തിന് കൂടുതല്‍ വിഹിതം ലഭിച്ചുവെന്നത് അടക്കമുള്ള പരാതികളും പരസ്പര തര്‍ക്കവും ഒഴിവാക്കാനും കഴിയും. കൂട്ടുകുടുംബങ്ങള്‍ക്കും ഇത് ഏറെ പ്രയോജനകരമാണ്. കുടുംബത്തിലെ എല്ലാവര്‍ക്കും കൃത്യമായ വിഹിതം ലഭിച്ചുവെന്നും ഇതിലൂടെ ഉറപ്പാക്കാം. എന്നാല്‍ ഇതൊന്നും നിയമപ്രകാരമുള്ള വില്‍പത്രത്തിന് പകരമല്ലെന്ന് കൂടി ഓര്‍ക്കണം. ബാങ്ക് അക്കൗണ്ടിലെ നോമിനികളാക്കുന്നത് കൊണ്ട് മാത്രം ഒരാളെ നിയമപ്രകാരമുള്ള അവകാശിയായി കാണാനും കഴിയില്ല. ബാങ്ക് അക്കൗണ്ടിലെ നോമിനികളെ മാറ്റാനും കൂട്ടിച്ചേര്‍ക്കാനും അക്കൗണ്ട് ഉടമക്ക് അവകാശമുണ്ട്.

സഹകരണ ബാങ്കുകള്‍ക്കും മാറ്റം

സഹകരണ ബാങ്കുകളിലെ ഡയറക്ടര്‍മാരുടെ (ചെയര്‍മാനും മുഴുവന്‍ സമയ ഡയറക്ടറും ഒഴികെ) കാലാവധി എട്ട് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമാക്കി ഉയര്‍ത്താമെന്നും പുതിയ നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ഒരു കേന്ദ്ര സഹകരണ ബാങ്കിലെ ഡയറക്ടര്‍ക്ക് സംസ്ഥാന സഹകരണ ബാങ്കിന്റെ ബോര്‍ഡില്‍ സേവനമനുഷ്ഠിക്കാനും അനുമതി നല്‍കുന്നു. സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാര്‍ക്ക് നല്‍കേണ്ട പ്രതിഫലം തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും നിയമം അനുവദിക്കുന്നുണ്ട്. ബാങ്കുകളുടെ ചട്ടപ്രകാരമുള്ള റിപ്പോര്‍ട്ടിംഗ് തീയതി രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചയില്‍ നിന്നും എല്ലാ മാസത്തെയും 15ാം തീയതിയും മാസത്തിലെ അവസാന തീയതിയിലേക്കും മാറ്റുകയും ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT