ദീപാവലി കച്ചവടം പിടിക്കാന്‍ വെടിക്കെട്ട് ഓഫറുകളുമായി ബാങ്കുകള്‍. കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പ, പ്രോസസിംഗ് ഫീസിലെ വമ്പന്‍ ഇളവുകള്‍, ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കല്‍ തുടങ്ങിയവക്ക് പുറമെ ക്യാഷ് ബാക്കുകളും ഡിസ്‌ക്കൗണ്ടുകളും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബാങ്കുകള്‍ സാധാരണ 8.75-9.65 ശതമാനം വരെ പലിശയാണ് ഭവന വായ്പക്ക് ഈടാക്കുന്നത്. വാഹന വായ്പക്ക് 10 ശതമാനം വരെ പലിശയുണ്ട്. വ്യക്തിഗത വായ്പകള്‍ക്കാണെങ്കില്‍ 12-13 ശതമാനം വരെയും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഇതിന് പുറമെ ബാങ്കുകള്‍ക്ക് പ്രോസസിംഗ് ഫീസും നല്‍കേണ്ടി വരും. വായ്പയെടുക്കുന്നയാളിന്റെ ക്രെഡിറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാകും ഇതെല്ലാം നിശ്ചയിക്കുന്നത്. അടുത്തിടെ ആദായ നികുതി പരിധിയും ജി.എസ്.ടി നിരക്കുകളും കുറച്ചതോടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നും 20 ശതമാനമെങ്കിലും വായ്പാ വളര്‍ച്ചയുണ്ടാകുമെന്നുമാണ് ബാങ്കുകളുടെ പ്രതീക്ഷ. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് കൂടുതല്‍ ഓഫറുകള്‍ കൂടി ബാങ്കുകള്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി വിവിധ വിഭാഗങ്ങളിലായി 10,000ത്തോളം ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 72 മാസത്തെ തിരിച്ചടവില്‍ 9.99 ശതമാനം പലിശക്ക് പേഴ്‌സണല്‍ വായ്പ നല്‍കമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. ലോണ്‍കാലാവധിക്ക് മുമ്പ് ഫോര്‍ക്ലോഷര്‍ ഫീസ് നല്‍കാതെ സൗജന്യമായി വായ്പ തിരിച്ചടക്കാം. 730ന് മുകളില്‍ സിബില്‍ സ്‌കോറുള്ള ഉപയോക്താക്കളുടെ 15 ലക്ഷം രൂപക്ക് മുകളിലുള്ള വായ്പക്കാണ് ഈ സൗകര്യം. ഒക്ടോബര്‍ അവസാനം വരെ 7.40 ശതമാനം പലിശയില്‍ ഭവന വായ്പകള്‍ ലഭിക്കും. സീറോ ഫോര്‍ക്ലോഷര്‍ ഫീയോടെ 8.55 ശതമാനത്തിലാണ് വാഹന വായ്പ ലഭ്യമാക്കിയിരിക്കുന്നത്. ഉത്സവ സീസണില്‍ ബ്രാഞ്ചുകളുടെ എണ്ണം 9,499ലേക്കും എ.ടി.എമ്മുകളേത് 21,215ആയും ഉയര്‍ത്തുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
ഭവന വായ്പകള്‍ക്ക് 5,000 രൂപയും വാഹന വായ്പക്ക് 999 രൂപയും പ്രത്യേക പ്രോസസിംഗ് ഫീസായി ഈടാക്കാനാണ് ഐ.സി.ഐ.സി.ഐ തീരുമാനം. ആപ്പിള്‍ ഐഫോണ്‍ 17 ഫോണുകള്‍ക്ക് വാങ്ങുന്നവര്‍ക്ക് 6,000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. എല്‍.ജി, ഹെയര്‍, പാനസോണിക്ക്, ജെ.ബി.എല്‍ പോലുള്ള ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ 50,000 രൂപ വരെയും ക്യാഷ് ബാക്ക് ലഭിക്കും. ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ ഷോറൂമുകളിലും ഉപയോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും.
ബാങ്ക് ഓഫ് ബറോഡയുടെ (BoB) ഭവനവായ്പ 7.45 ശതമാനം മുതലാണ് ആരംഭിക്കുന്നത്. പ്രോസിംഗ് ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി. വനിതകള്‍ക്കും യുവാക്കള്‍ക്കും വായ്പാ പലിശയില്‍ പ്രത്യേക ഇളവുകളും കിട്ടും. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രോസസിംഗ് ചാര്‍ജില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍-റോഡ് വിലയുടെ 90% വരെ ഇത്തരം വണ്ടികള്‍ക്ക് വായ്പ നല്‍കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ എല്ലാ വായ്പകളുടെയും പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ടാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഫര്‍ ചെയ്യുന്നത്. 10 കോടി രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് 10,000 രൂപയുടെ ഫ്‌ളാറ്റ് പ്രോസസിംഗ് ഫീസും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine