News & Views

വിദേശ വിദ്യാഭ്യാസ ഭ്രമം അവസാനിച്ചുവോ? ബാങ്കുകളില്‍ വിദ്യാഭ്യാസ ലോണ്‍ അപേക്ഷകളില്‍ വന്‍ കുറവ്; കാരണമെന്ത്?

ചില ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് പകരം ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനായുള്ള വായ്പകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് തൊഴിലവസരങ്ങള്‍ ഉയര്‍ന്നതും ഇതിന് കാരണമായിട്ടുണ്ട്

Dhanam News Desk

വിദേശ വിദ്യാഭ്യാസ വായ്പ അപേക്ഷകള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവരങ്ങളെ അധികരിച്ച് ബിസിനസ്‌ലൈനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2023-24 സാമ്പത്തികവര്‍ഷം 23 ശതമാനം വളര്‍ച്ചയുണ്ടായിരുന്നിടത്തു നിന്ന് 17 ശതമാനത്തിലേക്കാണ് 2024-25 കാലയളവില്‍ വളര്‍ച്ചാനിരക്ക് ചുരുങ്ങിയത്.

2022-23 സാമ്പത്തികവര്‍ഷം വിദേശ വിദ്യാഭ്യാസ വായ്പയിലെ വളര്‍ച്ച 17 ശതമാനമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ പഠനത്തിനായി പോയവരുടെ എണ്ണം വളരെ വലുതായിരുന്നു. ഒട്ടുമിക്ക രാജ്യങ്ങളിലും നിയന്ത്രണം വന്നതും പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് വിദേശത്ത് ജോലി ലഭിക്കുന്നത് കുറഞ്ഞതും വിദേശഭ്രമം കുറയുന്നതിന് ഇടയാക്കി.

ബാങ്കുകള്‍ക്കും പ്രശ്‌നം

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏപ്രിലില്‍ വിദേശ വിദ്യാഭ്യാസവായ്പ വളര്‍ച്ച 23 ശതമാനമായിരുന്നു. എന്നാല്‍ ഇത്തവണ ഇത് പൂജ്യത്തിലാണ്. വിദ്യാഭ്യാസ വായ്പ എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

മുന്‍ വര്‍ഷങ്ങളില്‍ വിദേശപഠനത്തിനായി വായ്പയെടുത്തിരുന്നവര്‍ തിരിച്ചടവില്‍ വൈമുഖ്യം കാണിക്കുന്നതായി ബാങ്കുകള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. തുടക്ക കാലത്ത് വിദേശത്ത് പഠനത്തിനായി പോയിരുന്നവര്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ കൃത്യത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഓവര്‍സീസ് എഡ്യുക്കേഷണല്‍ സ്ഥാപനങ്ങള്‍ പെരുകിയതോടെ യാതൊരു ഗുണനിലവാരവുമില്ലാത്ത സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വിമാനം കയറിയവരുടെ എണ്ണവും ഉയര്‍ന്നു. ഇത് വായ്പ തിരിച്ചടവിലും പ്രതിഫലിച്ചു.

വായ്പ അന്വേഷണങ്ങളും കുറഞ്ഞു

വിദേശ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തിരുന്ന ട്രെന്റിന് മാറ്റമുണ്ടായതായി ബാങ്ക് അധികൃതരും പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വായ്പ അപേക്ഷകളില്‍ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ചില ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് പകരം ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനായുള്ള വായ്പകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് തൊഴിലവസരങ്ങള്‍ ഉയര്‍ന്നതും ഇതിന് കാരണമായിട്ടുണ്ട്. ഒട്ടുമിക്ക ബാങ്കുകളും ആഭ്യന്തര വിദ്യാഭ്യാസ വായപകളിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT