News & Views

ടിന്‍ ബിയര്‍ കിട്ടാക്കനിയാകുമോ? അപൂര്‍വ പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ബിയര്‍ നിര്‍മാതാക്കള്‍; സര്‍ക്കാര്‍ രക്ഷയ്‌ക്കെത്തുമോ?

ബ്രീവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ 55 കമ്പനികള്‍ അംഗങ്ങളാണ്. 27,000 പേര്‍ നേരിട്ട് തൊഴിലെടുക്കുന്നുണ്ട്. ബിയര്‍ ഇന്‍ഡസ്ട്രിയില്‍ ഈ കമ്പനികള്‍ നിക്ഷേപിച്ചിരിക്കുന്നത് ഏകദേശം 25,000 കോടി രൂപയാണ്

Dhanam News Desk

രാജ്യത്ത് ബിയര്‍ വ്യവസായം അപൂര്‍വമായൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 500 മില്ലിലിറ്ററിന്റെ ബിയര്‍ ക്യാനുകളുടെ ലഭ്യത കുറഞ്ഞതാണ് ഇന്‍ഡസ്ട്രിക്ക് തിരിച്ചടിയായിരിക്കുന്നത്. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ബ്രീവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. 12-13 കോടി ക്യാനുകളുടെ ദൗര്‍ലഭ്യമാണുള്ളതെന്നും ഇത് ഇന്ത്യയിലെ ബിയര്‍ വില്പനയുടെ 20 ശതമാനത്തോളം വരും.

കുപ്പിയിലും ടിന്‍ ക്യാനിലുമാണ് രാജ്യത്ത് ബിയര്‍ വില്ക്കുന്നത്. അടുത്ത കാലത്ത് ടിന്‍ ബിയറിന്റെ ജനപ്രീതി കുതിച്ചുയര്‍ന്നിരുന്നു. ആവശ്യത്തിന് ടിന്‍ ക്യാനുകള്‍ കിട്ടാതെ വന്നാല്‍ സര്‍ക്കാരിന് 1,3000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബിയര്‍ നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്കുന്നു.

പ്രതിസന്ധിക്ക് കാരണം ചട്ടം

ഈ വര്‍ഷം ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരമാണ് ബിയര്‍ വ്യവസായത്തിന് തിരിച്ചടിയാകുന്നത്. ബിയര്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന അലുമിനിയം ക്യാനുകള്‍ക്ക് നിര്‍ബന്ധിത ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നാണ് ചട്ടം.

മുമ്പ് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലായിരുന്നു. രാജ്യത്ത് ബിയര്‍ കമ്പനികള്‍ ഉപയോഗിക്കുന്ന അലുമിനിയം ടിന്നുകളില്‍ ഭൂരിഭാഗവും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ ഇറക്കുമതി പെടുന്നനെ തടസപ്പെട്ടു.

ഇറക്കുമതിയില്‍ തടസം നേരിട്ടതോടെ ആഭ്യന്തര ബിയര്‍ ക്യാന്‍ നിര്‍മാതാക്കള്‍ക്ക് പുതിയ അവസരമാണ് കൈവന്നിരിക്കുന്നത്. എന്നാല്‍ ഇത്രയും വലിയ അളവില്‍ അലുമിനിയം ക്യാനുകള്‍ ലഭ്യമാക്കാന്‍ ആഭ്യന്തര നിര്‍മാതാക്കള്‍ക്ക് സാധിക്കില്ലെന്നതാണ് വസ്തുത.

ഒറ്റയടിക്ക് നിര്‍മാണം ഉയര്‍ത്താനുള്ള ശേഷി പല വിതരണക്കാര്‍ക്കുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അടുത്തവര്‍ഷം ഏപ്രില്‍ വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്നാണ് ആവശ്യം.

ബ്രീവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ 55 കമ്പനികള്‍ അംഗങ്ങളാണ്. 27,000 പേര്‍ നേരിട്ട് തൊഴിലെടുക്കുന്നുണ്ട്. ബിയര്‍ ഇന്‍ഡസ്ട്രിയില്‍ ഈ കമ്പനികള്‍ നിക്ഷേപിച്ചിരിക്കുന്നത് ഏകദേശം 25,000 കോടി രൂപയാണ്. അലുമിനിയം ക്യാനുകളുടെ ലഭ്യത കുറഞ്ഞാല്‍ കര്‍ഷകര്‍ മുതല്‍ ചെറുകിട യൂണിറ്റുകള്‍ വരെയുള്ളവരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Aluminium tin shortage hits Indian beer industry; manufacturers urge government to ease BIS certification norms

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT