canva
News & Views

ലക്ഷാധിപതികളായ നികുതിദായകര്‍ കൂടുതലും കര്‍ണാടകയില്‍, ഉയര്‍ന്ന വരുമാനമുള്ളവരുടെ പട്ടികയില്‍ കേരളവും

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന അഞ്ചില്‍ ഒരാളുടെ വരുമാനം 12 മുതല്‍ 50 ലക്ഷം രൂപ വരെയെന്ന് ലോക്സഭയില്‍ ധനമന്ത്രാലയം

Dhanam News Desk

ലക്ഷാധിപതികളായ നികുതിദായകര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കര്‍ണാടക. ഇന്ത്യയുടെ സിലിക്കന്‍ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവാണ് കര്‍ണാടകയെ ഈ നേട്ടത്തിലെത്തിച്ചത്. കര്‍ണാടകയില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന അഞ്ചില്‍ ഒരാളുടെ വരുമാനം 12 മുതല്‍ 50 ലക്ഷം രൂപ വരെയെന്ന് ലോക്സഭയില്‍ ധനമന്ത്രാലയം. തൊട്ടുപിന്നില്‍ തെലങ്കാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണെന്നും കണക്കുകള്‍ പറയുന്നു.

കര്‍ണാടകയിലെ ആദായ നികുതി ദായകരില്‍ 20.6 ശതമാനവും പ്രതിമാസം ഒരു ലക്ഷത്തില്‍ കൂടുതല്‍ സമ്പാദിക്കുന്നവരാണ്. ബംഗളൂരുവില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഐ.ടി, സ്റ്റാര്‍ട്ടപ്പ്, സര്‍വീസ്, ഫിനാന്‍ഷ്യല്‍ മേഖലയാണ് ഇത്തരക്കാരെ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. തെലങ്കാനയിലെ ആകെ നികുതിദായകരില്‍ 19.8 ശതമാനം പേരും സമാനമായ ഗ്രൂപ്പിലുള്ളവരാണ്. 18.8 ശതമാനവുമായി തമിഴ്‌നാടും 17.6 ശതമാനവുമായി ഡല്‍ഹിയും ആദ്യ അഞ്ചില്‍ ഇടം പിടിച്ചു. പുതുച്ചേരി, ഒഡിഷ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ആദ്യ പത്തിലുണ്ട്.

രാജ്യത്തെ ആകെ നികുതിദായകരില്‍ 14.1 ശതമാനം പേരും 12-50 ലക്ഷം രൂപ വരെ വരുമാനം നേടുന്നവരാണെന്നും കണക്കുകള്‍ പറയുന്നു. വലിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഗുജറാത്ത് ഇക്കാര്യത്തില്‍ ബീഹാറിനും താഴെ ഏറ്റവും പിന്നിലാണ്. സംസ്ഥാനത്തെ നികുതി ഘടനയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.

കേരളവും പട്ടികയില്‍

അതേസമയം, 25-50 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളയാളുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ കേരളവും ഇടം പിടിച്ചു. 1.4 ലക്ഷം ആളുകളുമായി മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍. കര്‍ണാടകയും തമിഴ്‌നാടുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കേരളം കൂട്ടത്തില്‍ ഒമ്പതാം സ്ഥാനത്താണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT