canva
News & Views

നോ യു.പി.ഐ, ഒണ്‍ലി ക്യാഷ്! ഓണ്‍ലൈന്‍ പേയ്‌മെന്റിനോട് നോ പറഞ്ഞ് കച്ചവടക്കാര്‍; കാരണമിതാണ്

ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വലിയ തോതില്‍ പീഡനം ഉണ്ടാകുമെന്ന ഭയത്താലാണ് പലരും ഡിജിറ്റല്‍ ഇടപാടുകള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചത്

Dhanam News Desk

കര്‍ണാടകയില്‍ ഒരുവിഭാഗം വ്യാപാരികള്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് വാങ്ങുന്നത് നിര്‍ത്തിവച്ചു. യു.പി.ഐ പേയ്‌മെന്റ് വഴിയുള്ള ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് സംസ്ഥാന ജിഎസ്ടി വിഭാഗം നോട്ടീസ് നല്കിയതാണ് കച്ചവടക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഒട്ടുമിക്ക കടകള്‍ക്കു മുന്നിലും നോ യു.പി.ഐ ബോര്‍ഡുകള്‍ വന്നതോടെ ഇടപാടുകാരും ദുരിതത്തിലായിരിക്കുകയാണ്.

യു.പി.ഐ സേവനദാതാക്കളില്‍ നിന്ന് കച്ചവടക്കാരുടെ ഇടപാടുകളെക്കുറിച്ച് ജിഎസ്ടി വകുപ്പ് കണക്ക് ശേഖരിച്ചിരുന്നു. 40 ലക്ഷം രൂപയ്ക്കു മുകളില്‍ വിറ്റുവരവ് ഉള്ളവര്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കണമെന്നാണ് നിയമം. 40 ലക്ഷം രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള പലരും ജി.എസ്.ടി എടുത്തിട്ടില്ലെന്ന് കണ്ടെത്തിയതോടെ ഇവര്‍ക്കെല്ലാം വിശദീകരണ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്.

പെട്ടിക്കടകള്‍ക്ക് വരെ നോട്ടീസ്

ഇക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് റോഡ് സൈഡില്‍ ചെറിയ ഷോപ്പുകള്‍ നടത്തുന്നവര്‍ക്ക് വരെ ജിഎസ്ടി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വലിയ തോതില്‍ പീഡനം ഉണ്ടാകുമെന്ന ഭയത്താലാണ് പലരും ഡിജിറ്റല്‍ ഇടപാടുകള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചത്. അതേസമയം, പിഴയടയ്ക്കാനോ നിര്‍ബന്ധമായി ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കാനോ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് വാണിജ്യവകുപ്പ്.

രാജ്യം ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന വേളയില്‍ ഇത്തരം വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന ഭയം നിലനില്‍ക്കുന്നുണ്ട്. ചെറുകിട കച്ചവടക്കാരില്‍ ഭൂരിഭാഗവും ജി.എസ്.ടി രജിസ്‌ട്രേഷന് പുറത്താണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT