News & Views

193 രൂപയുടെ മദ്യം വില്‍ക്കുന്നത് 700 രൂപയ്ക്ക്! വില വര്‍ധിപ്പിച്ചപ്പോള്‍ നേട്ടം മദ്യക്കമ്പനികള്‍ക്ക്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജവാന്‍ ബ്രാന്‍ഡിലുള്ള മദ്യത്തിന്റെ വില 193.73 രൂപയാണ്. ഇതിന്റെ നികുതിയാകട്ടെ 486.27 രൂപയും

Dhanam News Desk

സംസ്ഥാനത്ത് മദ്യത്തിന് വീണ്ടും വില വര്‍ധിപ്പിച്ചെങ്കിലും സര്‍ക്കാരിന്റെ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകില്ല. വിലവര്‍ധിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയത് മദ്യ നിര്‍മാതാക്കളാണ്. മദ്യ നിര്‍മാണത്തിന് ഉപയോഗിക്കുന്ന എഥനോള്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

ഇപ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ ഭൂരിഭാഗവും മദ്യ നിര്‍മാതാക്കള്‍ക്കാണ് ലഭിക്കുക. രാജ്യത്ത് മദ്യത്തിന് കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജവാന്‍ ബ്രാന്‍ഡിലുള്ള മദ്യത്തിന്റെ വില 193.73 രൂപയാണ്. ഇതിന്റെ നികുതിയാകട്ടെ 486.27 രൂപയും. 700 രൂപയ്ക്കാണ് ഒരു ലീറ്റര്‍ ജവാന്‍ ഉപയോക്താക്കളുടെ കൈയിലെത്തുന്നത്.

മദ്യ കമ്പനികളുമായി കരാര്‍

മദ്യ കമ്പനികളും ബെവ്‌കോയും തമ്മിലുള്ള കരാര്‍ അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും വിലവര്‍ധനയ്ക്കായി മദ്യ കമ്പനികള്‍ ആവശ്യം ഉന്നയിക്കാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലായ്‌പ്പോഴും നിരക്ക് കൂട്ടി കൊടുക്കാന്‍ തയാറാകാറില്ല. അടുത്തിടെ യുണൈറ്റഡ് ബ്രൂവറിസിന്റെ ബിയര്‍ ബ്രാന്‍ഡുകള്‍ തെലങ്കാനയില്‍ വില്‍ക്കില്ലെന്ന് കമ്പനി തീരുമാനിച്ചിരുന്നു. തെലങ്കാന സര്‍ക്കാര്‍ ബിയര്‍ വില കൂട്ടാത്തതിനാല്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.

മദ്യവില അടിക്കടി കൂട്ടുന്നത് ഉപയോക്താക്കളുടെ തലയിലേക്ക് ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് വരുന്നത് മദ്യവില്പനയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ മദ്യത്തിന്റെ നികുതി കുറച്ച് ഉപയോക്താക്കളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകില്ല.

എതിര്‍പ്പ് ശക്തം

മദ്യവില കൂട്ടിയതിനെതിരേ പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്. മദ്യ കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് വില വര്‍ധിപ്പിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചത്. വില വര്‍ധിപ്പിച്ച മദ്യത്തിന്റെ പട്ടികയില്‍ മദ്യ നിര്‍മ്മാണ കമ്പനി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി അനുമതി നല്‍കിയ ഒയാസിസ് കമ്പനിയുടെ വിവിധ ബ്രാന്‍ഡുകളും ഉള്‍പ്പെട്ടിട്ടുണ്ട്. മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നാലെ മദ്യ കമ്പനികള്‍ക്കു വേണ്ടി വില വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ തീരുമാനം സംശയകരമാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT