Canva, Linkedin /Bill Gates
News & Views

ബില്‍ ഗേറ്റ്‌സ് ഇനി ആദ്യത്തെ 10 ലോകസമ്പന്നരില്‍ ഒരാളല്ല, സ്വന്തം കമ്പനിയുടെ പഴയ സി.ഇ.ഒ പത്തില്‍ ഒരാള്‍, ഒരാഴ്ച കൊണ്ട് സമ്പത്ത് ചോര്‍ന്നത് 30%

ലോകസമ്പന്ന പട്ടികയിലെ ആദ്യ സ്ഥാനക്കാരന്‍ ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കാണെന്നും ബ്ലൂംബെര്‍ഗ് ബില്യനയേഴ്‌സ് സൂചിക പറയുന്നു

Dhanam News Desk

ലോകസമ്പന്ന പട്ടികയിലെ ആദ്യ പത്തില്‍ നിന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പുറത്ത്. ഗേറ്റ്‌സിന്റെ പിന്‍ഗാമിയും മൈക്രോസോഫ്റ്റിന്റെ മുന്‍ സി.ഇ.ഒയുമായ സ്റ്റീവ് ബാല്‍മറാണ് (Steve Ballmer) ആദ്യ പത്തിലെത്തിയ പുതിയ അതിഥി. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ഗേറ്റ്‌സിന്റെ സമ്പാദ്യത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായെന്ന് ബ്ലൂംബെര്‍ഗ് ബില്യനയേര്‍സ് ഇന്‍ഡെക്‌സ് പറയുന്നു. പട്ടികയില്‍ 12ാം സ്ഥാനത്തുള്ള ബില്‍ ഗേറ്റ്‌സിന്റെ സമ്പാദ്യത്തില്‍ അടുത്തിടെ 351 മില്യന്‍ ഡോളറിന്റെ (ഏകദേശം 3,000 കോടി രൂപ) കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35.1 ബില്യന്‍ ഡോളര്‍ (ഏകദേശം 3ലക്ഷം കോടി രൂപ) നഷ്ടത്തില്‍ 124 ബില്യന്‍ ഡോളറാണ് (ഏകദേശം 10 ലക്ഷം കോടി രൂപ) നിലവില്‍ ബില്‍ ഗേറ്റ്‌സിന്റെ സമ്പാദ്യം.

മാറ്റത്തിന് പിന്നിലെന്ത്?

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബില്‍ ഗേറ്റ്‌സ് നല്‍കുന്ന സംഭാവനകള്‍ കുറച്ചത് കൊണ്ടാണ് സമ്പത്തില്‍ ഇടിവുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തന്റെ സമ്പത്തിലെ ഭൂരിഭാഗവും അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് അടുത്തിടെ അദ്ദേഹം അറിയിച്ചിരുന്നു. ആഫ്രിക്കയിലെ വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് ഇതില്‍ കൂടുതലും ചെലവഴിക്കുന്നത്. 2045 ഡിസംബര്‍ 31ന് തന്റെ പേരിലുള്ള ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2024ന് ശേഷം അദ്ദേഹവും മുന്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും ചേര്‍ന്ന് 60.2 ബില്യന്‍ ഡോളര്‍ സംഭാവന ചെയ്‌തെന്നാണ് കണക്ക്.

ഒന്നാം സ്ഥാനത്ത് മസ്‌ക് തന്നെ

അതേസമയം, തിരിച്ചടികള്‍ക്കിടയിലും ലോക സമ്പന്ന പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍ ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 86.7 ബില്യന്‍ ഡോളറിന്റെ കുറവുണ്ടായെങ്കിലും 346 ബില്യന്‍ ഡോളറിന്റെ സമ്പാദ്യവുമായി ഏറെ മുന്നിലാണ് മസ്‌ക്. രണ്ടാം സ്ഥാനത്തുള്ള മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പാദ്യം 253 ബില്യന്‍ ഡോളര്‍. ഇരുവരുടെയും സമ്പത്തിലെ വ്യത്യാസം 93 ബില്യന്‍ ഡോളറാണ്.

പട്ടികയില്‍ ആരൊക്കെ?

സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഒറാക്കിളിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ലാറി എലിസനാണ് 248 ബില്യന്‍ ഡോളറുമായി മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ലാറിയുടെ സമ്പത്തില്‍ 55.5 ബില്യന്‍ ഡോളറിന്റെ വര്‍ധയുണ്ടായി. നാലാം സ്ഥാനത്ത് ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസാണ്. അഞ്ചാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് മുന്‍ സി.ഇ.ഒ സ്റ്റീവ് ബാല്‍മറും ഇടം പിടിച്ചു. മുന്‍ ഗൂഗ്ള്‍ സി.ഇ.ഒ ലാറി പേജ്, ലോകത്തിലെ ഏറ്റവും വലിയ ലക്ഷ്വറി ബ്രാന്‍ഡായ എല്‍.വി.എം.എച്ച് (LVMH) സി.ഇ.ഒ ബെര്‍ണാഡ് അര്‍ണോള്‍ട്, ഗൂഗ്ള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രയാന്‍ (Sergey Brin), അമേരിക്കന്‍ നിക്ഷേപകന്‍ വാറന്‍ ബഫറ്റ്, എന്‍വിഡിയ(NVIDIA) സി.ഇ.ഒ ജെന്‍സന്‍ ഹുവാംഗ്, ഡെല്‍ ടെക്‌നോളജീസ് സ്ഥാപകന്‍ മിച്ചല്‍ ഡെല്‍ എന്നിവരും യഥാക്രമം ലോക സമ്പന്ന പട്ടികയിലെ ആദ്യ പേരുകാരാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT