News & Views

എപ്സ്റ്റീന്‍ വിവാദങ്ങള്‍ക്കിടെ പിന്‍മാറ്റം; ഇന്ത്യ എഐ സമ്മിറ്റില്‍ നിന്ന് ബില്‍ ഗേറ്റ്സ് വിട്ടുനിന്നു

ഗേറ്റ്സിന് പകരം 'ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ' മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ചടങ്ങില്‍ സംബന്ധിച്ചത്

Dhanam News Desk

ആഗോള ടെക് ലോകം ഉറ്റുനോക്കിയ ഇന്ത്യ എഐ (India AI) സമ്മിറ്റിലെ പ്രധാന സെഷനില്‍ നിന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് വിട്ടുനിന്നു. അടുത്തിടെ അദ്ദേഹവുമായി ബന്ധപ്പെട്ടുണ്ടായ ചില വിവാദങ്ങളെത്തുടര്‍ന്നാണ് ഈ പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ നടക്കുന്ന ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്മിറ്റില്‍ പ്രധാന പ്രസംഗകനായി നിശ്ചയിച്ചിരുന്ന സെഷനില്‍ നിന്ന് ബില്‍ ഗേറ്റ്സ് അവസാന നിമിഷമാണ് വിട്ടുനിന്നത്. ഗേറ്റ്സിന് പകരം 'ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ' മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ചടങ്ങില്‍ സംബന്ധിച്ചത്.

അനിശ്ചിതത്വത്തിനൊടുവില്‍

സുന്ദര്‍ പിച്ചൈ, സാം ആള്‍ട്ട്മാന്‍, ഡാരിയോ അമോഡി തുടങ്ങിയ പ്രമുഖ ടെക് നേതാക്കള്‍ക്കൊപ്പം 12 മിനിറ്റ് നീളുന്ന മുഖ്യപ്രഭാഷണം നടത്താനായിരുന്നു ഗേറ്റ്സ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം പരിപാടിയില്‍ സംസാരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ചൊവ്വാഴ്ച മുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഗേറ്റ്സ് നേരിട്ട് പങ്കെടുക്കുമെന്ന് ഫൗണ്ടേഷന്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും, ഒടുവില്‍ അദ്ദേഹത്തിന് പകരം ഫൗണ്ടേഷന്‍ പ്രതിനിധികളാണ് സമ്മിറ്റില്‍ എത്തിയത്.

പിന്‍മാറ്റത്തിന്റെ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നിലവിലെ വിവാദങ്ങളും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്ന് സൂചന. എന്നിരുന്നാലും, ഫൗണ്ടേഷന്റെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തത് ഇന്ത്യയിലെ എഐ വികസനത്തോടുള്ള ഫൗണ്ടേഷന്റെ പ്രതിബദ്ധത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ്. ഇന്ത്യയിലെ ആരോഗ്യ-സാങ്കേതിക മേഖലകളില്‍ ഫൗണ്ടേഷന്‍ നടത്തുന്ന നിക്ഷേപങ്ങളും സഹകരണവും തുടരുമെന്ന് ഫൗണ്ടേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. എഐ ഉപയോഗിച്ച് സാമൂഹിക മാറ്റങ്ങള്‍ എങ്ങനെ കൊണ്ടുവരാം എന്ന വിഷയത്തില്‍ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ സമ്മിറ്റില്‍ ആശയങ്ങള്‍ പങ്കുവെച്ചു.

ഇന്ത്യയെ ഒരു ആഗോള എഐ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ചതാണ് ഈ സമ്മിറ്റ്. ടെക് ലോകത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയില്‍ ബില്‍ ഗേറ്റ്സിന്റെ സാന്നിധ്യം വലിയ പ്രതീക്ഷയോടെയാണ് കാണപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹം സെഷനില്‍ നിന്ന് വിട്ടുനിന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

വാര്‍ത്താ വിനിമയ മന്ത്രാലയവും ഐടി മന്ത്രാലയവും സംയുക്തമായാണ് സമ്മിറ്റിന് നേതൃത്വം നല്‍കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആഗോള ടെക് ഭീമന്മാര്‍ സമ്മിറ്റില്‍ സംസാരിക്കാനിരിക്കെ, ഗേറ്റ്സിന്റെ വിട്ടുനില്‍ക്കല്‍ വലിയ ബിസിനസ് ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

എപ്സ്റ്റീന്‍ ഫയലില്‍ കുടുങ്ങി

കഴിഞ്ഞ ദിവസം യുഎസ് നീതിന്യായ വകുപ്പ് അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകള്‍ പുറത്തുവിട്ടിരുന്നു. ബില്‍ ഗേറ്റ്സ്, ഇലോണ്‍ മസ്‌ക്, അമേരിക്കന്‍ കൊമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് തുടങ്ങിയവരടക്കമുള്ളവരുടെ പേരുകള്‍ ഈ രേഖയില്‍ പരാമര്‍ശിച്ചതാണ് വിവാദത്തിന് കാരണം. ലോകത്തെ ഞെട്ടിച്ച ഒരു വലിയ ലൈംഗിക ചൂഷണ പരമ്പരയുടെയും അതിന് പിന്നിലെ ഉന്നതബന്ധങ്ങളുടെയും വിവരങ്ങളാണ് ഇതിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT