ക്രിപ്‌റ്റോകറന്‍സികളിലെ പ്രബലരായ ബിറ്റ്‌കോയിന്‍ (Bitcoin) വില കുത്തനെ ഇടിയുന്നു. നിലവില്‍ ബിറ്റ്‌കോയിന്‍ വ്യാപാരം നടക്കുന്നത് 75,870 ഡോളറിലാണ്. ഇന്നലെ 73,000 ഡോളര്‍ വരെ താഴ്ന്നശേഷം ഇന്ന് ചെറിയ നേട്ടം സ്വന്തമാക്കിയെങ്കിലും ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1,26,198 ഡോളര്‍ വരെയെത്തിയ ശേഷമാണ് ബിറ്റ്‌കോയിന്റെ ഈ വലിയ വീഴ്ച.
ഈ വര്‍ഷം ഇതുവരെ ബിറ്റ്‌കോയിന്‍ വിലയില്‍ 14 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസില്‍ ഭാഗിക ഷട്ട്ഡൗണ്‍ വന്നതും വിലയില്‍ ഇടിവിന് കാരണമായി. ബിറ്റ്‌കോയിന്‍ വിലയിലെ അസ്ഥിരതയ്ക്ക് ഒരു കാരണം മാത്രമല്ലെന്നും പലവിധ ഘടകങ്ങളുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ലാഭമെടുക്കല്‍ (Profit booking): വില കുത്തനെ ഉയരുമ്പോള്‍ വലിയ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ വില്‍പ്പന നടത്തും. വില പെട്ടെന്ന് താഴേക്ക് വരാം. ബിറ്റ്കോയിനില്‍ ഇത് പതിവാണ്. മൂല്യം ഇടിയുന്നുവെന്ന ഭയത്തില്‍ നിക്ഷേപകര്‍ വിറ്റൊഴിവാകുന്നതും വിലയില്‍ പ്രതിഫലിക്കും.
ആഗോള സാമ്പത്തിക ആശങ്കകള്‍: യുഎസ് പലിശനിരക്ക്, ഡോളര്‍ മൂല്യത്തിലെ മാറ്റങ്ങള്‍, ഫെഡ് നയങ്ങള്‍, ജിയോപൊളിറ്റിക്കല്‍ സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയവ ഘടകങ്ങള്‍ ശക്തമാകുമ്പോള്‍ റിസ്‌ക്കുള്ള നിക്ഷേപങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ നിക്ഷേപകര്‍ ശ്രമിക്കും. ആദ്യം ബാധിക്കുന്നത് ക്രിപ്‌റ്റോ കറന്‍സികളിലാകും.
റെഗുലേറ്ററി ആശങ്കകള്‍: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിയന്ത്രണ ചര്‍ച്ചകള്‍, നികുതി നിയമങ്ങള്‍, എക്സ്ചേഞ്ചുകളെക്കുറിച്ചുള്ള അന്വേഷണ വാര്‍ത്തകള്‍ എന്നിവയും വിലയെ സമ്മര്‍ദ്ദത്തിലാക്കും.
ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്‌റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്‌റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും ബിറ്റ്‌കോയിനാണ്.
ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്‌റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്‌റ്റോകറന്‍സിയെ കാണുന്നത്. അതേസമയം, നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്‌റ്റോകറന്‍സികളുടെ പ്രധാന ന്യൂനത. രൂപയെയും ഇന്ത്യന്‍ ധനകാര്യമേഖലയെയും നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കുള്ളത് പോലെ ഒരു നിയന്ത്രണ അതോറിറ്റി ക്രിപ്‌റ്റോകള്‍ക്കില്ല.
Read DhanamOnline in English
Subscribe to Dhanam Magazine