crypto currency canva
News & Views

ക്രിപ്‌റ്റോ വിപണിയില്‍ മാന്ദ്യം: ബിറ്റ് കോയിന്‍ 90,000 ഡോളറിന് താഴെ; 230 ബില്യണ്‍ ഡോളര്‍ നഷ്ടം

മെക്‌സിക്കോക്കും കാനഡക്കും മേല്‍ യുഎസ് മാര്‍ച്ച് 4 മുതല്‍ താരിഫ് ചുമത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഇടിവിന് ആക്കം കൂട്ടി

Dhanam News Desk

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുതിച്ചുയര്‍ന്ന ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ കടുത്ത മാന്ദ്യം. വിവിധ ക്രിപ്‌റ്റോകളുടെ മൂല്യം നിരന്തരം ഇടിയുകയാണ്. പ്രമുഖ ക്രിപ്‌റ്റോകളായ ബിറ്റ്‌കോയിന്‍, ഈഥര്‍, സൊളാന, ഡോഗ്‌കോയിന്‍ തുടങ്ങിയവയുടെ മൂല്യം കുറഞ്ഞു. ക്രിപ്‌റ്റോ വിപണിയില്‍ ഇന്നും കനത്ത തകര്‍ച്ചയാണുണ്ടായത്. മാര്‍ച്ച് 4 മുതല്‍ മെക്‌സിക്കോക്കും കാനഡക്കും മേല്‍ യുഎസ് താരിഫ് ചുമത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവാണ് വിപണിയെ ഇടിച്ചത്.

ബിറ്റ്‌കോയിന്‍ വിലയില്‍ തകര്‍ച്ച

ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഒരു ലക്ഷം ഡോളര്‍ കടന്ന ബിറ്റ് കോയിന്‍ ഇന്നലെ 90,000 ഡോളറില്‍ താഴെയെത്തി. ക്രിപ്‌റ്റോ വിപണിയില്‍ എട്ടു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വിപണി മൂല്യം 230 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞതായാണ് കണക്കാക്കുന്നത്. ആഗോള വ്യാപാരത്തില്‍ വരാനിരിക്കുന്ന താരിഫുകളുടെ ആഘാതത്തെക്കുറിച്ചുള്ള അനിശ്ചിതത്വം വിപണിയെ ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ക്രിപ്‌റ്റോകളില്‍ വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിക്കുന്നത് നിരവധി നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈഥര്‍, സോളാന, ഡോഗ്കോയിന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ കോയിനുകളും വില്‍പ്പന സമ്മര്‍ദ്ദം നേരിടുകയാണ്.

ഈഥറിന്റെ ഇടിവ് 10 ശതമാനം

ബിറ്റ് കോയിന് ശേഷമുള്ള രണ്ടാമത്തെ വലിയ ക്രിപ്റ്റോ കറന്‍സിയായ ഈഥര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 10 ശതമാനത്തിലധികം ഇടിഞ്ഞു. സോളാന ഏകദേശം 15 ശതമാനവും ഡോഗ്‌കോയിന്‍ ഏകദേശം 13 ശതമാനം ഇടിവ് നേരിട്ടു. കഴിഞ്ഞ ആഴ്ച ഹാക്കര്‍മാര്‍ നഷ്ടപ്പെടുത്തിയതായി കണക്കാക്കുന്ന 1.4 ബില്യണ്‍ ഡോളര്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന് ക്രിപ്റ്റോ എക്സ്ചേഞ്ച് ബൈബിറ്റ് വാഗ്ദാനം ചെയ്തിട്ടും ഈഥര്‍ സമ്മര്‍ദ്ദം തുടര്‍ന്നു.

ക്രിപ്റ്റോകള്‍ ഇപ്പോള്‍ ദുര്‍ബലമാണെന്നാണ് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. എട്ട് ആഴ്ചയായി വിപണി ഈ നിലയിലാണ്. ക്രിപ്റ്റോ വിപണി മാത്രമാണ് വലിയ തോതില്‍ താഴേക്ക് പോകുന്നത്. വിപണിയിലെ മോശം മനോഭാവം, പുതിയ ടോക്കണ്‍ ലോഞ്ചുകളെ പിന്തുണക്കുന്നതിനുള്ള മൂലധനത്തിന്റെ അഭാവം എന്നിവയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കമ്പനികള്‍ക്കും നഷ്ടം

ക്രിപ്റ്റോയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളും കുറഞ്ഞു. കോയിന്‍ബേസ് ഗ്ലോബല്‍ തുടര്‍ച്ചയായി ആറ് ദിവസത്തേക്ക് നഷ്ടം നേരിട്ടു. മൈക്രോ സ്ട്രാറ്റജി 5.7 ശതമാനം ഇടിഞ്ഞ് ഏറ്റവും കുറഞ്ഞ നിലയില്‍ എത്തി. ബിറ്റ്കോയിന്‍ മൈനിംഗ് കമ്പനിയായ മാര ഹോള്‍ഡിംഗ്‌സ് കഴിഞ്ഞയാഴ്ച 13 ശതമാനം ഇടിവാണ് നേരിട്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT