Image Courtesy: donaldjtrump.com 
News & Views

പത്തുവര്‍ഷത്തിനകം ബിറ്റ്‌കോയിന്‍ ഡോളറിന്റെ ആധിപത്യം അവസാനിപ്പിക്കും! അമേരിക്കയ്ക്ക് മുന്നറിയിപ്പായി ഒരു പ്രവചനം

യു.എസിന്റെ കടം ഓരോ വര്‍ഷവും ക്രമാതീതമായി ഉയരുകയാണ്. ഇത് ഡോളറിന്റെ വീഴ്ച്ചയ്ക്ക് കാരണമാകും. കടം ഉയരുന്നത് യു.എസ് സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയിലേക്ക് നയിക്കും

Dhanam News Desk

അടുത്ത പത്തുവര്‍ഷത്തിനിടെ ബിറ്റ്‌കോയിന്‍ അത്ഭുതകരമായി വളരുമെന്നും യു.എസ് ഡോളറിന്റെ ആധിപത്യം അവസാനിക്കുമെന്നും പ്രവചനം. യു.എസ് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ ടിം ഡ്രാപെറാണ് ഈ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ആഗോള തലത്തില്‍ ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ പ്രാധാന്യം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ക്രിപ്‌റ്റോ കറന്‍സികളിലെ ജനപ്രിയമായ ബിറ്റ്‌കോയിന്‍ കഴിഞ്ഞയാഴ്ച്ച ആദ്യമായി ഒരു ലക്ഷം മാര്‍ക്ക് പിന്നിട്ടിരുന്നു. അധികം വൈകാതെ ബിറ്റ്‌കോയിന്‍ മൂല്യം 2.5 ലക്ഷം ഡോളറാകുമെന്നും ഡ്രാപെര്‍ പറയുന്നു. മറ്റ് ലോകരാജ്യങ്ങളില്‍ ബിറ്റ്‌കോയിന് സ്വീകാര്യതയേറുന്നത് യു.എസ് ഡോളറിന് ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

യു.എസിന്റെ കടം വര്‍ധിക്കുന്നു

യു.എസിന്റെ കടം ഓരോ വര്‍ഷവും ക്രമാതീതമായി ഉയരുകയാണ്. ഇത് ഡോളറിന്റെ വീഴ്ച്ചയ്ക്ക് കാരണമാകും. കടം ഉയരുന്നത് യു.എസ് സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയിലേക്ക് നയിക്കും. അങ്ങനെ സംഭവിച്ചാല്‍ ബിറ്റ്‌കോയിനാണ് കൂടുതല്‍ സുരക്ഷിത നിക്ഷേപമെന്ന ചിന്ത ജനങ്ങളില്‍ ഉടലെടുക്കുമെന്ന് ഡ്രാപെര്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം വായ്പ തിരിച്ചടയ്ക്കുന്നതിന് മാത്രമായി 952 ബില്യണ്‍ ഡോളറാണ് ചെലവഴിക്കേണ്ടത്. ഇത് പ്രതിരോധ ചെലവുകളേക്കാള്‍ കൂടുതലാണ്. 2030ഓടെ സര്‍ക്കാരിന്റെ ചെലവുകളും വായ്പ തിരിച്ചടവും യു.എസിന്റെ വരുമാനം മുഴുവന്‍ തീര്‍ക്കുന്ന അവസ്ഥ സംജാതമാക്കും. ഇത് യു.എസ് ഡോളറിന്റെ മൂല്യം ചോര്‍ത്തിക്കളയുമെന്നും ഡ്രാപെര്‍ മുന്നറിയിപ്പ് നല്കുന്നു.

ക്രിപ്‌റ്റോ കറന്‍സി

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്‌റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്‌റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും ബിറ്റ്‌കോയിനാണ്. ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്‌റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്‌റ്റോകറന്‍സിയെ കാണുന്നത്.

നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്‌റ്റോകറന്‍സികളുടെ പ്രധാന ന്യൂനത. രൂപയെയും ഇന്ത്യന്‍ ധനകാര്യമേഖലയെയും നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കുള്ളത് പോലെ ഒരു നിയന്ത്രണ അതോറിറ്റി ക്രിപ്‌റ്റോകള്‍ക്കില്ല. അതിനാല്‍, ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നതും മറ്റും സുരക്ഷിതമല്ലെന്ന് വാദിക്കുന്നവരുണ്ട്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ക്രിപ്റ്റോ കറന്‍സികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.

Bitcoin may surpass the US dollar's dominance within the next decade, predicts venture capitalist Tim Draper

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT