News & Views

ക്രിപ്‌റ്റോ കറന്‍സിയില്‍ കൂട്ടത്തകര്‍ച്ച, തലകുത്തിവീണ് മൂല്യം; പ്രവര്‍ത്തനം അവസാനിപ്പിച്ച് പ്രമുഖ കമ്പനി

കഴിഞ്ഞ 30 ദിവസത്തിനിടെ ദീര്‍ഘകാല നിക്ഷേപകര്‍ 8,15,000 ബിറ്റ്‌കോയിനാണ് വിറ്റഴിച്ചത്. 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇടപാടാണിത്

Dhanam News Desk

ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നേരിടുന്നത് സമാനതകളില്ലാത്ത തകര്‍ച്ച. പ്രമുഖ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ മൂല്യം ഒരുമാസത്തിനിടെ 25-30 ശതമാനത്തിനടുത്താണ് ഇടിഞ്ഞത്. 1,26,000 ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്‌കോയിന്‍ വില നിലവില്‍ 91,040 ഡോളറിലാണ്. നിക്ഷേപകരുടെ ക്രിപ്‌റ്റോ മൂല്യത്തില്‍ കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ 1.2 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

ക്രിപ്‌റ്റോകറന്‍സികളിലെല്ലാം വീഴ്ച്ച പ്രകടമാണെങ്കിലും സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമാക്കിയത് ബിറ്റ്‌കോയിന്റെ ഇടിവാണ്. ഇപ്പോഴത്തേത് സമ്പൂര്‍ണ വീഴ്ച്ചയല്ലെന്നും വിപണിയില്‍ തിരുത്തലാണ് നടക്കുന്നതെന്നാണ് ക്രിപ്‌റ്റോ വിദഗ്ധരുടെ വാദം. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികള്‍ അസ്ഥിരമാണെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്.

തകര്‍ച്ച നീണ്ടുനില്‍ക്കുമെന്ന ഭയത്തില്‍ വന്‍കിട നിക്ഷേപകരില്‍ പലരും ക്രിപ്‌റ്റോ നിക്ഷേപം വിറ്റഴിക്കുന്നുണ്ട്. ഇതും വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ദീര്‍ഘകാല നിക്ഷേപകരില്‍ പലരും അനിശ്ചിതത്വം മുന്നില്‍ കണ്ട് ലാഭമെടുക്കലിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇത് വീഴ്ച്ചയുടെ ആഴം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ 30 ദിവസത്തിനിടെ ദീര്‍ഘകാല നിക്ഷേപകര്‍ 8,15,000 ബിറ്റ്‌കോയിനാണ് വിറ്റഴിച്ചത്. 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇടപാടാണിത്. ഉയര്‍ന്ന ഭീതിയില്‍ കൂടിയാണ് ഈ മേഖല കടന്നുപോകുന്നതിന് ഇതിലും കൂടുതല്‍ തെളിവ് വേണ്ടെന്ന് ക്രിപ്‌റ്റോകറന്‍സി വിമര്‍ശകര്‍ പറയുന്നു.

കമ്പനി പൂട്ടിക്കെട്ടി

ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്കിയിരുന്ന പ്രമുഖ കമ്പനികളിലൊന്നായ ഡാപ്പ്‌റഡാര്‍ (DappRadar) പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 2018ല്‍ ആരംഭിച്ച ബ്ലോക്ക്‌ചെയിന്‍ കേന്ദ്രീകൃത ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയാണിത്. സാമ്പത്തികമായി ലാഭകരമല്ലാത്ത അവസ്ഥയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ഉടമകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.

എന്താണ് ക്രിപ്റ്റോകറന്‍സി

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്‌റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്‌റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും ബിറ്റ്‌കോയിനാണ്.

ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്‌റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്‌റ്റോകറന്‍സിയെ കാണുന്നത്. അതേസമയം, നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്‌റ്റോകറന്‍സികളുടെ പ്രധാന ന്യൂനത. രൂപയെയും ഇന്ത്യന്‍ ധനകാര്യമേഖലയെയും നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കുള്ളത് പോലെ ഒരു നിയന്ത്രണ അതോറിറ്റി ക്രിപ്‌റ്റോകള്‍ക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT