BJP flag canva
News & Views

ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചിലവ് 1,737 കോടി; തെരഞ്ഞെടുപ്പു കാലത്ത് വരുമാനം 5,555 കോടി

പരസ്യങ്ങള്‍ക്ക് ചിലവിട്ടത് 884 കോടി; സ്റ്റാര്‍ കാമ്പയിനര്‍മാര്‍ക്ക് 168 കോടി

Dhanam News Desk

കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി ചിലവിട്ടത് 1,737 കോടി രൂപ. പാര്‍ട്ടിയുടെ പൊതു പ്രചാരണ ചിലവുകളും സ്ഥാനാര്‍ഥികളുടെ പ്രത്യേകം ചിലവുകളും ചേര്‍ത്തുള്ള തുകയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ചിലവ് റിപ്പോര്‍ട്ടിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെ പാര്‍ട്ടിക്ക് 5,555 കോടി രൂപയുടെ വരുമാനമുണ്ടായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ തുക പരസ്യങ്ങള്‍ക്ക്

884.45 കോടി രൂപ പൊതു പാര്‍ട്ടി പ്രചാരണത്തിനും 853.23 കോടി രൂപ സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട ചിലവുകള്‍ക്കുമായിരുന്നു. പരസ്യങ്ങള്‍ക്ക് മാത്രം 611.50 കോടി രൂപ ചിലവഴിച്ചു. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍, ബള്‍ക്ക് എസ്എംഎസ് കാമ്പയിനുകള്‍, കേബിള്‍, വെബ്സൈറ്റുകള്‍, ടിവി ചാനലുകള്‍ എന്നിവയിലൂടെയുള്ള പ്രമോഷനുകള്‍ ഉള്‍പ്പെടെയാണിത്. പോസ്റ്ററുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, പതാകകള്‍ തുടങ്ങിയവക്കായി 55.75 കോടി രൂപയും പൊതുയോഗങ്ങള്‍, ഘോഷയാത്രകള്‍, റാലികള്‍ എന്നിവക്കായി 19.84 കോടി രൂപയും ചിലവിട്ടു.

സ്റ്റാര്‍ കാമ്പയിനര്‍മാര്‍ക്ക് 168 കോടി

പാര്‍ട്ടി കേന്ദ്ര നേതൃത്വം അംഗീകരിച്ച സ്റ്റാര്‍ കാമ്പയിനര്‍മാര്‍രുടെ യാത്രക്കായി 168.92 കോടി രൂപയും മറ്റ് പാര്‍ട്ടി നേതാക്കളുടെ യാത്രകള്‍ക്കായി 2.53 കോടി രൂപയും ചിലവിട്ടു. കേന്ദ്രമന്ത്രിമാര്‍, പാര്‍ട്ടി ദേശീയ നേതാക്കള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ക്കുള്ള ചിലവുകളാണ് വ്യക്തിപരമായ ചിലവുകളില്‍ ഏറെയും. ലോക് സഭാ തെരഞ്ഞെടുപ്പിന് പുറമെ അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചിലവുകളും പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT