കേരളത്തിലെ കുരുമുളക് വില റെക്കോര്‍ഡ് പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. കൊച്ചി വിപണിയില്‍ കുരുമുളക് വില കിലോയ്ക്ക് 750 രൂപ കടന്നു. ലഭ്യതക്കുറവും ഉത്തരേന്ത്യന്‍ ആവശ്യകതയും വരും ദിവസങ്ങളില്‍ വില 800 കടത്തുമോയെന്ന ആകാംക്ഷയിലാണ് വിപണി. വിപണിയില്‍ കുരുമുളകിന്റെ ലഭ്യത ഇനിയും കുറഞ്ഞാല്‍ വില കിലോയ്ക്ക് 800 രൂപ കടക്കുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് തുടര്‍ച്ചയായി വര്‍ഷങ്ങളില്‍ കുരുമുളക് ഉല്‍പാദനം കുറയുകയാണ്. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും കൃഷിയെ ബാധിച്ചതോടെ കേരളത്തിലെ പ്രധാന ഉല്‍പാദന കേന്ദ്രങ്ങളില്‍ വിളവ് കുറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും സംഭരണം വര്‍ധിപ്പിച്ചതാണ് വില ഉയര്‍ത്തിയത്.
ഉത്തരേന്ത്യയില്‍ ഉല്‍സവകാലങ്ങളില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍, മസാലക്കൂട്ടുകള്‍, പരമ്പരാഗത ഔഷധ ഉല്‍പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനായി കൂടുതല്‍ കുരുമുളക് ആവശ്യമായി വരും. ആഗോള വിപണിയിലും ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുന്ന സമയമാണിത്.
വില പുതിയ ഉയരങ്ങള്‍ താണ്ടിയിട്ടും കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമുണ്ടാകുന്നില്ല. വിളവെടുപ്പിന് പിന്നാലെ ചെറുകിട, ഇടത്തരം കര്‍ഷകര്‍ ചരക്കു വില്‍ക്കുന്നതാണ് പതിവ്. ഉയര്‍ന്ന വില പ്രതീക്ഷിച്ച് കുരുമുളക് സൂക്ഷിച്ചിട്ടുള്ള കര്‍ഷകര്‍ക്കാണ് നിലവിലെ വിപണിസാഹചര്യം കൂടുതല്‍ ഗുണകരമാകുന്നത്.
കുരുമുളക് വില ആദ്യമായാണ് കിലോയ്ക്ക് 750 രൂപ കടക്കുന്നതെന്ന് ഇന്ത്യ പെപ്പര്‍ ആന്‍ഡ് സ്പൈസ് ട്രേഡ് അസോസിയേഷന്‍ ഡയറക്ടര്‍ കിഷോര്‍ ഷാംജി പറഞ്ഞു. 2014ല്‍ വില കിലോയ്ക്ക് 720 രൂപ വരെ എത്തിയിരുന്നു.
ആഭ്യന്തര ലഭ്യത കുറഞ്ഞതോടെ ശ്രീലങ്കയില്‍നിന്നടക്കം കുരുമുളക് ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങളും സജീവമാണ്. ചില വന്‍കിട കമ്പനികള്‍ ഇറക്കുമതി കരാറുകളില്‍ ഏര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറക്കുമതി വര്‍ധിച്ചാല്‍ ആഭ്യന്തര വിപണിയിലെ വിലക്കയറ്റത്തിന് ഒരു പരിധിവരെ തടയിടാന്‍ സാധിച്ചേക്കും.
അതേസമയം, കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ കുരുമുളക് ആഭ്യന്തര വിപണിയില്‍ എത്തുന്നതിനെക്കുറിച്ചും വ്യാപാരികള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വിലകുറഞ്ഞ കുരുമുളക് വന്‍തോതില്‍ ഇറക്കുമതി ചെയ്തതാണ് 2015നുശേഷം ആഭ്യന്തര വിപണിയില്‍ വില കുത്തനെ ഇടിയാന്‍ കാരണമായത്.
കുരുമുളകിന്റെ ചരിത്രപരമായ കേന്ദ്രം കേരളമാണെങ്കിലും, രാജ്യത്ത് ഏറ്റവും കൂടുതല്‍ കുരുമുളക് കൃഷി ചെയ്യുന്നതും ഉല്‍പാദിപ്പിക്കുന്നതും നിലവില്‍ കര്‍ണാടകയാണ്. കേരളത്തില്‍ ഇടുക്കിയും വയനാടുമാണ് കുരുമുളക് കൃഷിയുടെ പ്രധാന കേന്ദ്രങ്ങള്‍. സ്‌പൈസസ് ബോര്‍ഡിന്റെ 2024-25ലെ കണക്കുപ്രകാരം കര്‍ണാടകയില്‍ 2.02 ലക്ഷം ഹെക്ടറിലാണ് കുരുമുളക് കൃഷി. ഉല്‍പാദനം 66,028 ടണ്‍. കേരളത്തിലാകട്ടെ 69,891 ഹെക്ടറില്‍നിന്ന് 29,503 ടണ്‍ കുരുമുളകാണ് ഉല്‍പാദിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine