ഇന്ത്യയിലെ നിക്ഷേപം അടുത്ത അഞ്ച് വര്ഷത്തിനുള്ളില് ഇരട്ടിയാക്കാനൊരുങ്ങി ലോകത്തെ പ്രമുഖ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണ് (Blackstone). നിലവിലുള്ള 50 ബില്യണ് ഡോളറിന്റെ നിക്ഷേപം 100 ബില്യണ് ഡോളറായി ഉയര്ത്താനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പ്രസിഡന്റ് ജോണ് ഗ്രേ വ്യക്തമാക്കി.
റിയല് എസ്റ്റേറ്റ്, ഡിജിറ്റല് ഇന്ഫ്രാസ്ട്രക്ചര്, ആരോഗ്യരംഗം തുടങ്ങിയ പ്രധാന മേഖലകളിലായിരിക്കും ഈ പുതിയ നിക്ഷേപങ്ങള്. സിഎന്ബിസി-ടിവി18ന് നല്കിയ അഭിമുഖത്തിലാണ് ഇന്ത്യയെക്കുറിച്ചുള്ള കമ്പനിയുടെ ദീര്ഘകാല നിക്ഷേപ കാഴ്ചപ്പാട് ഗ്രേ വിശദീകരിച്ചത്.
കേരളത്തിലെ ഹോസ്പിറ്റല്, ഐടി മേഖലകളിലെ മുന്നിര കമ്പനികളില് ബ്ലാക്സ്റ്റോണിന് നിക്ഷേപമുണ്ട്. ഇന്ത്യന് സമ്പദ്വ്യവസ്ഥയുടെ വളര്ച്ച, വികസിച്ചുവരുന്ന മധ്യവര്ഗം, അടിസ്ഥാനസൗകര്യ വികസനം, സാങ്കേതിക മേഖലയിലെ ശേഷി എന്നിവ രാജ്യത്തെ ആകര്ഷകമായ നിക്ഷേപ കേന്ദ്രമാക്കുന്നുവെന്നാണ് ബ്ലാക്ക്സ്റ്റോണിന്റെ വിലയിരുത്തല്.
വികസിത രാജ്യങ്ങളില് നിലവിലുള്ള ബിസിനസുകളോ ആസ്തികളോ ഏറ്റെടുക്കുകയാണ് നിക്ഷേപകര് പലപ്പോഴും ചെയ്യുന്നത്. എന്നാല് ഇന്ത്യ പോലുള്ള വളരുന്ന വിപണിയില് പുതിയ ബിസിനസുകള് സൃഷ്ടിക്കാനും ശേഷി വര്ധിപ്പിക്കാനും നിക്ഷേപകര് തയാറാകേണ്ടിവരുമെന്നും ജോണ് ഗ്രേ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ബ്ലാക്ക്സ്റ്റോണിന്റെ പ്രധാന നിക്ഷേപ മേഖലകളിലൊന്നാണ് റിയല് എസ്റ്റേറ്റ്. ലോജിസ്റ്റിക്സ്, ഹോട്ടലുകള്, ഷോപ്പിംഗ് സെന്ററുകള് തുടങ്ങിയ മേഖലകളിലെ നിലവിലെ നിക്ഷേപങ്ങള് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് കമ്പനി പറയുന്നു.
അതേസമയം ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ വളര്ച്ചയുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങളിലും ബ്ലാക്ക്സ്റ്റോണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഡാറ്റ സെന്ററുകള്, ക്ലൗഡ് ഇന്ഫ്രാസ്ട്രക്ചര്, കംപ്യൂട്ടിംഗ് ശേഷി തുടങ്ങിയ മേഖലകള് ഇതില് ഉള്പ്പെടുന്നു.
ഇന്ത്യയിലെ മധ്യവര്ഗം വികസിക്കുന്നതിനൊപ്പം ധനകാര്യ സേവനങ്ങള്, ആരോഗ്യപരിചരണം, യാത്ര-ടൂറിസം, നിര്മാണം തുടങ്ങിയ മേഖലകളിലും ആവശ്യകത ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ശക്തമായ മാനേജ്മെന്റ് ടീമുകളുള്ള ബിസിനസുകള് കണ്ടെത്തുകയും അവയുടെ വളര്ച്ചയ്ക്ക് പിന്തുണ നല്കുകയും ചെയ്യുന്നതായിരിക്കും നിക്ഷേപ സമീപനമെന്നും ഗ്രേ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine