ഓരോ നിമിഷവും രീതികള്‍ മാറിമറിയുന്നതാണ് ക്വിക്ക് കൊമേഴ്‌സ് വിപണിയിലെ ട്രെന്റ്. ഉപയോക്താക്കളെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കാനും കമ്പനികള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. പുതിയ ട്രെന്റുകള്‍ പരീക്ഷിക്കാനും വില്‍പന വര്‍ധിപ്പിക്കാനും പല വഴികളാണ് മുന്‍നിര ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ ശ്രമിക്കുന്നത്.
വെറും പത്ത് മിനിറ്റില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനൊപ്പം വിലക്കിഴിവുകള്‍ മാത്രം ആശ്രയിച്ചുള്ള രീതി മാറ്റി, കൂടുതല്‍ ലാഭം നേടാനും ഉപഭോക്താക്കളെ സ്ഥിരമായി നിലനിര്‍ത്താനുമുള്ള തന്ത്രങ്ങളിലാണ് ബ്ലിങ്കിറ്റും സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ ഇരു കമ്പനികളും സ്വീകരിക്കുന്നത് തികച്ചും വ്യത്യസ്തമായ വഴികളാണെന്നതാണ് രസകരം.
സ്വന്തം ബ്രാന്‍ഡുകളില്‍ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത് വലിയ നേട്ടമുണ്ടാക്കില്ലെന്ന നിലപാടിലാണ് എറ്റേണലിന്റെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്. നിര്‍മാണം, ഗുണനിലവാര പരിശോധന, സ്റ്റോക്ക് മാനേജ്മെന്റ്, പരസ്യം എന്നിവയ്ക്കായി വലിയ മുതല്‍മുടക്ക് ആവശ്യമാണെന്നും, എന്നാല്‍ ആ നിക്ഷേപത്തിന് തക്കതായ വരുമാനമോ പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനോ ഇതിലൂടെ സാധിക്കുന്നില്ലെന്നുമാണ് കമ്പനിയുടെ വിലയിരുത്തല്‍.
സ്വന്തം ഉത്പന്നങ്ങളുമായി വരുന്നതില്‍ മറ്റൊരു പ്രശ്‌നം കൂടി അവര്‍ കാണുന്നുണ്ട്. പ്ലാറ്റ്ഫോമില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന പ്രമുഖ എഫ്എംസിജി ബ്രാന്‍ഡുകളുമായുള്ള മത്സരത്തിന് ഇടയാക്കിയേക്കാം എന്നതാണ് അത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പന്ന വില്‍പനയ്ക്കൊപ്പം അവയുടെ പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തെയും സ്വന്തം ബ്രാന്‍ഡുകളുമായി രംഗത്തെത്തുന്നത് ബാധിച്ചേക്കാമെന്ന് ബ്ലിങ്കിറ്റ് കരുതുന്നു. അതേസമയം, പഴങ്ങളും പച്ചക്കറികളും പോലെയുള്ള വിഭാഗങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഉറപ്പാക്കാനാണ് കമ്പനി പ്രാധാന്യം നല്‍കുന്നത്.
മറുവശത്ത്, ദീര്‍ഘകാല വളര്‍ച്ചയ്ക്കും ലാഭക്ഷമതയ്ക്കും സ്വന്തം ബ്രാന്‍ഡുകള്‍ അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്. മറ്റ് പ്ലാറ്റ്ഫോമുകളില്‍ ലഭിക്കാത്ത സവിശേഷ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളെ സ്ഥിരമായി നിലനിര്‍ത്താമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
ഇതിന്റെ ഭാഗമായി അവതരിപ്പിച്ച 'സ്വിച്ച്' സംവിധാനത്തിലൂടെ നോയ്‌സ്, നെക്ടര്‍ തുടങ്ങിയ സ്വന്തം ബ്രാന്‍ഡുകള്‍ക്കൊപ്പം 400-ലധികം ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തവും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. 2026 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റാമാര്‍ട്ടിലെ 20 ശതമാനത്തിലധികം ഓര്‍ഡറുകളിലും സ്വിച്ച് ഉല്‍പന്നങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.
ഡെലിവറി, സംഭരണം, ജീവനക്കാര്‍ തുടങ്ങിയ മേഖലകളില്‍ വലിയ ചെലവുള്ള ക്വിക്ക് കൊമേഴ്‌സ് രംഗത്ത് ലാഭക്ഷമത ഉറപ്പാക്കുക എന്നത് കമ്പനികളെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്‍സ്റ്റാമാര്‍ട്ടിന്റെ നഷ്ടം 895 കോടിയായിരുന്നു. ഈ സാഹചര്യത്തില്‍ സ്വന്തം ബ്രാന്‍ഡുകളുടെ വളര്‍ച്ച വഴി ലാഭക്ഷമത മെച്ചപ്പെടുത്താനാകുമെന്നാണ് സ്വിഗ്ഗിയുടെ പ്രതീക്ഷ.
എന്നാല്‍ ഒരു ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്ഫോം നടത്തുന്നതും സ്വന്തമായി പുതിയ ബ്രാന്‍ഡുകള്‍ സൃഷ്ടിച്ച് വിജയിപ്പിക്കുന്നതും തികച്ചും വ്യത്യസ്തമായ ബിസിനസ് മാതൃകകളാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഐ.ടി.സി പോലെയുള്ള വമ്പന്‍ കമ്പനികളും പുതിയ തലമുറ ബ്രാന്‍ഡുകളെ ഏറ്റെടുത്തുകൊണ്ട് വിപണിയിലെ മാറ്റങ്ങളെ നേരിടാന്‍ സജ്ജമായിക്കഴിഞ്ഞു. വേഗതയ്ക്കൊപ്പം സുസ്ഥിരമായ ലാഭം ലക്ഷ്യമിട്ടുള്ള ഈ രണ്ട് തന്ത്രങ്ങളില്‍ ഏതായിരിക്കും വിജയം കാണുകയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine