News & Views

ബി.ആര്‍ ഷെട്ടിയുടെ 1913 കോടി കടം ഈടാക്കാന്‍ കേസുമായി ബാങ്ക് ഓഫ് ബറോഡ

Dhanam News Desk

ദുബായിലെ എന്‍എംസി സ്ഥാപകനായ ഇന്ത്യന്‍ പ്രവാസി വ്യവസായി ബി.ആര്‍ ഷെട്ടിയില്‍ നിന്നും അദ്ദേഹത്തിന്റെ കമ്പനികളില്‍ നിന്നും 250 ദശലക്ഷം ഡോളറിലധികം വരുന്ന വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്ക് ഓഫ് ബറോഡ ശ്രമം തുടങ്ങിയതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ സ്വത്തുക്കള്‍ വില്‍ക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലും ഷെട്ടിക്കും ഭാര്യക്കും കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ബെംഗളൂരു ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളിലായി 16 സ്വത്തുവകകളാണ് 253 മില്യണ്‍ ഡോളര്‍ (1913 കോടി രൂപ) വായ്പയ്ക്കായി  ഷെട്ടിയും ഭാര്യയും ബാങ്കില്‍ ഗ്യാരന്റിയായി കൊടുത്തത്. കേസില്‍ അടുത്ത വാദം ജൂണ്‍ എട്ടിന് ബാംഗ്ലൂര്‍ കോടതിയില്‍ നടക്കാനിരിക്കെയാണ് സ്വത്തുക്കള്‍ വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വിലക്കിയുള്ള നടപടി.ഗ്യാരണ്ടിയായി ബാങ്കില്‍ പണയം വെച്ച 16 സ്വത്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഷെട്ടി ബാധ്യസ്ഥനാണെന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി.

യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റല്‍ ശൃംഖലയായ എന്‍എംസിയെ മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കു ശേഷം ഏപ്രിലില്‍ പുതിയ ഭരണ സംവിധാനത്തിലേക്കു മാറ്റിയിരിക്കുകയാണ്. കമ്പനിയുടെ ആസ്തി വിറ്റ്് സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള നീക്കവും നടന്നു വരുന്നു. നേരത്തെ നല്‍കിയ കണക്കുകള്‍ പ്രകാരം കമ്പനിയുടെ കടബാധ്യത 2.1 ബില്യണ്‍ ഡോളറായിരുന്നെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചില്‍, 6.6 ബില്യണ്‍ ഡോളറിന്റെ കടമുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. നേരത്തെ റിപ്പോര്‍ട്ടു ചെയ്തതിനേക്കാള്‍ ഒരു ബില്യണ്‍ ഡോളറിലധികം കടബാധ്യതയുണ്ടെന്നാണ് ഷെട്ടിക്ക് നിയന്ത്രണ പങ്കാളിത്തമുള്ള ധനകാര്യസ്ഥാപനമായ ഫിനാബ്ലര്‍ കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT