adani.com
News & Views

₹388 കോടിയുടെ ഓഹരി തട്ടിപ്പ്: അദാനി സഹോദരന്മാരെ കുറ്റവിമുക്തരാക്കി ബോംബൈ ഹൈക്കോടതി

വിപണി തട്ടിപ്പുകാരനായ ഖേതന്‍ പരേക്കിന്റെ സഹായത്തോടെ അദാനി ഗ്രൂപ്പ് അന്യായമായി ലാഭമുണ്ടാക്കിയെന്നാണ് കേസ്

Dhanam News Desk

ഓഹരി വിപണിയില്‍ 388 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ചെയര്‍മാന്‍ ഗൗതം അദാനി, മാനേജിംഗ് ഡയറക്ടര്‍ രാജേഷ് അദാനി എന്നിവരെ കുറ്റവിമുക്തരാക്കി ബോംബൈ ഹൈക്കോടതി. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരി വിലയില്‍ കൃത്രിമം കാട്ടി 388 കോടി രൂപ തട്ടിയെന്നായിരുന്നു ആരോപണം. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി സമ്പാദിക്കാനായിരുന്നില്ല. തുടര്‍ന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് രാജേഷ് എല്‍ ലദ്ദ ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു.

കേസ് ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി തട്ടിപ്പുകേസുകളില്‍ ഒന്നിലെ പ്രതിയായ സ്‌റ്റോക്ക് ബ്രോക്കര്‍ ഖേതന്‍ പരേക്കിന്റെ സഹായത്തോടെ അദാനി സഹോദരന്മാര്‍ കമ്പനി ഓഹരികളില്‍ കൃത്രിമം നടത്തിയെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) 2012ലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗൗതം അദാനി അടക്കം 12 പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. 2014ല്‍ കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ ഈ വിധി 2019 നവംബറില്‍ മുംബൈയിലെ സെഷന്‍സ് കോടതി റദ്ദാക്കി. അദാനി ഗ്രൂപ്പ് പ്രൊമോട്ടര്‍മാര്‍ തെറ്റായ രീതിയില്‍ 388.11 കോടി രൂപയുടെയും ഖേതന്‍ പരേക്ക് 151.40 കോടി രൂപയുടെയും ലാഭമുണ്ടാക്കിയതായി എസ്.എഫ്.ഐ.ഒ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. അദാനി സഹോദരന്മാര്‍ക്കെതിരായ കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിരുന്നു.

എന്നാല്‍ ഇതിനെതിരെ അദാനി സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സെഷന്‍സ് കോടതി വിധിക്ക് 2019 ഡിസംബറില്‍ ബോംബൈ ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചു. പിന്നീട് കേസ് നടപടികള്‍ മന്ദഗതിയിലായി. കേസ് നടപടികളില്‍ എസ്.എഫ്.ഐ.ഒ വരുത്തുന്ന കാലതാമസം 2023 ഫെബ്രുവരിയില്‍ കോടതിയുടെ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണം പുറത്തുവന്ന സന്ദര്‍ഭത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. എന്നാല്‍ അദാനി സഹോദരന്മാര്‍ക്കെതിരായ ആരോപണം തെറ്റാണെന്നും കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും ഇരുവര്‍ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ അമിത് ദേശായി, വിക്രം നന്‍കനി എന്നിവര്‍ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ് കോടതി കേസില്‍ ഇരുവരെയും കുറ്റവിമുക്തരാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT