ഓണ്‍ലൈന്‍ സിനിമ ബുക്കിംഗ് ആപ്പായ ബുക്ക്‌മൈഷോയ്ക്കും പി.വി.ആര്‍ സിനിമാസിനും ആശ്വാസം പകരുന്ന വിധിയുമായി ബോംബെ ഹൈക്കോടതി. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ചെയ്യുമ്പോള്‍ ഈടാക്കിയിരുന്ന കണ്‍വീനിയന്‍സ് ഫീ നിര്‍ത്തലാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേയുള്ള ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കണ്‍വീനിയന്‍സ് ഫീ വാങ്ങാന്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ടിക്കറ്റ് നിരക്കും വിനോദ നികുതിയുമല്ലാതെ മറ്റൊരു തുകയും ഇടപാടുകാരോട് ഈടാക്കരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരേയാണ് പി.വി.ആര്‍ ലിമിറ്റഡും ബിഗ് ട്രീ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും (ബുക്ക്‌മൈഷോ) ഹൈക്കോടതിയെ സമീപിച്ചത്.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിനായി ഇത്തരം കമ്പനികള്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. അതില്‍ നിന്നും വരുമാനം ഇല്ലാതെ കമ്പനികള്‍ക്ക് നിലനില്‍ക്കാനാകില്ല. കമ്പനികളുടെ സാമ്പത്തിക നിലനില്പ് അവതാളത്തിലാകാന്‍ സര്‍ക്കാരിന്റെ ഇത്തരം ഉത്തരവുകള്‍ വഴിയൊരുക്കുമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
തീയറ്ററില്‍ പോകാതെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത് സൗകര്യപ്രദമാണെന്നതിനാലാണ് അവര്‍ ഈ രീതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. അതിന് കണ്‍വീനിയന്‍സ് ഫീയായി ഒരു തുക നല്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു.
ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ക്ക് അത്തരത്തിലുള്ള മാര്‍ഗങ്ങളും ലഭ്യമാണ്. തീയറ്റര്‍ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ക്ക് ദോഷം ചെയ്യുന്ന ഉത്തരവാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine