പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ടിക്കി ടാര്‍ ആന്‍ഡ് ഷെല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Tiki Tar and Shell India Private Ltd) എന്ന കമ്പനിയില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കി. 85 കോടി രൂപയ്ക്കാണ് ഇടപാട്.
മൂന്നു മാസത്തിനുള്ളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റില്‍ നിന്നുള്ള അനുമതി ഉള്‍പ്പെടെ ലഭിച്ച് ഇടപാട് പൂര്‍ത്തിയാകുമെന്നാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബിപിസിഎല്‍ വ്യക്തമാക്കിയത്.
ടിക്കി ടാര്‍ ഗ്രൂപ്പും ഷെല്‍ ഗ്യാസ് ബിവിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ടിക്കി ടാര്‍ ആന്‍ഡ് ഷെല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. റോഡ് നിര്‍മാണത്തിന് ആവശ്യമായ ബിറ്റുമിന്‍ (Bitumen) ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. രാജ്യവ്യാപക വിതരണ ശൃംഖലയുള്ള കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കുന്നതുവഴി അടിസ്ഥാന സൗകര്യ വികസനരംഗത്ത് കൂടുതല്‍ ശ്രദ്ധേയ ഇടപെടല്‍ നടത്താമെന്ന പ്രതീക്ഷയിലാണ് ബിപിസിഎല്‍.
2019ല്‍ സ്ഥാപിതമായ ടിക്കി ടാര്‍ ആന്‍ഡ് ഷെല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബിറ്റുമിന്‍ ഇന്ത്യയ്ക്ക് പുറമെ നേപ്പാള്‍, ഭൂട്ടന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതി നടത്തുന്നുണ്ട്. 2026 സാമ്പത്തികവര്‍ഷം 404.6 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.
പുതിയ ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ വൈകുന്നേരം പുറത്തു വന്നെങ്കിലും ഓഹരി വിപണിയിലെ നെഗറ്റീവ് പ്രവണത ഇന്ന് ബിപിസിഎല്‍ ഓഹരികളെയും ബാധിച്ചു. 2.89 ശതമാനം ഇടിവോടെ ഓഹരിവില 300.80 രൂപയിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine