Image : bharatpetroleum.in 
News & Views

കൊച്ചി റിഫൈനറിക്ക് 60 വയസ്, ഗംഭീരമായി ആഘോഷിച്ച് ഭാരത് പെട്രോളിയം, ₹5,044 കോടിയുടെ പുതിയ നിക്ഷേപമെത്തും

യു.എസ്.എയിലെ ഫിലിപ്പ്‌സ് പെട്രോളിയത്തിന്റെ സഹകരണത്തോടെ 1966ലാണ് കൊച്ചിന് റിഫൈനറീസ് ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങുന്നത്

Dhanam News Desk

കൊച്ചി റിഫൈനറിയുടെ 60ാം വാര്‍ഷികം ആഘോഷിച്ച് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്. യു.എസ്.എയിലെ ഫിലിപ്പ്‌സ് പെട്രോളിയത്തിന്റെ സഹകരണത്തോടെ 1966ലാണ് കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങുന്നത്. തുടക്കത്തില്‍ പ്രതിദിനം 50,000 ബാരല്‍ ശുദ്ധീകരണ ശേഷിയാണ് ഉണ്ടായിരുന്നത്. നിലവില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ പ്രധാന എണ്ണശുദ്ധീകരണ ശാലയാണിത്. പ്രതിവര്‍ഷം 15.5 മില്യന്‍ മെട്രിക്ക് ടണ്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട്. കൊച്ചി റിഫൈനറി ലിമിറ്റഡ് എന്ന് പുനര്‍നാമകരണം നടത്തുകയും ചെയ്തു.

ലിക്വിഡ് പെട്രോളിയം ഗ്യാസ് (എല്‍.പി.ജി), നാഫ്ത, മോട്ടോര്‍ സ്പിരിറ്റ്, മണ്ണെണ്ണ, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍, ഹൈ സ്പീഡ് ഡീസല്‍, ആസ്ഫാള്‍ട്ട് എന്നിവയാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നത്. തദ്ദേശീയ വിപണിയിലേക്കായി ബെന്‍സീന്‍, ടൊളുവിന്‍ (Toluene), ഫുഡ് ഗ്രേഡ് ഹെക്‌സൈന്‍, പ്രൊപ്പലീന്‍, സ്‌പെഷ്യല്‍ ബോയിലിംഗ് പോയിന്റ് സ്പിരിറ്റ്, മിനെറല്‍ ടര്‍പന്റൈന്‍ ഓയില്‍, സര്‍ഫര്‍, പെറ്റ്‌കോക്ക്, ഹൈഡ്രജന്‍ എന്നിവയും ഉത്പാദിപ്പിക്കുന്നു. പുതിയ പോളിപ്രൊപ്പലിന്‍ യൂണിറ്റിനായി കൊച്ചി റിഫൈനറിയില്‍ 5,044 കോടി രൂപയുടെ നിക്ഷേപവും ഭാരത് പെട്രോളിയം നടത്തും. ഇതോടെ വാര്‍ഷിക പോളിപ്രൊപ്പലിന്‍ ഉത്പാദക ശേഷി 400 കിലോടണ്‍ ആയി ഉയരും. പാക്കേജിംഗ് ഫിലിം, കണ്ടെയ്‌നറുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് വേണ്ടിയാണ് പോളിപ്രൊപ്പലിന്‍ ഉപയോഗിക്കുന്നത്.

60ാം വാര്‍ഷിക ആഘോഷങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കേവലം എണ്ണശുദ്ധീകരണ ശാലയെന്നതിലുപരി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഊര്‍ജ്ജ രംഗത്തെ സ്വയംപര്യാപ്തതക്കും വിലയേറിയ സംഭാവന ചെയ്ത സ്ഥാപനമാണ് കൊച്ചി റിഫൈനറിയെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ടും അല്ലാതെയുമുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതിലൂടെ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ കൊച്ചി റിഫൈനറിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കൊച്ചി റിഫൈനറി കൈവരിച്ച സാമ്പത്തിക നേട്ടങ്ങളില്‍ ഊന്നിയായിരുന്നു ചെയര്‍മാന്‍ സഞ്ജയ് ഖന്നയുടെ പ്രഭാഷണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT