രാജ്യത്ത് എല്‍പിജി ക്ഷാമം തുടരുകയാണ്. കപ്പലുകള്‍ വരാന്‍ തുടങ്ങിയതോടെ പ്രതിസന്ധിക്ക് ചെറിയൊരു അയവ് വന്നെങ്കിലും എല്ലാം പഴയപടിയാകാന്‍ സമയമായിട്ടില്ലെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎസും ഇറാനും വ്യക്തമാക്കിയതോടെ ഗ്യാസ് ലഭ്യത കുടുംബങ്ങളെ ദീര്‍ഘകാലത്തേക്ക് ബാധിക്കുമെന്ന് ഉറപ്പാണ്.
പെട്ടെന്നുള്ള എല്‍പിജി ക്ഷാമം പരിഹരിക്കാന്‍ പുതിയ ആശയം പരീക്ഷിച്ചിരിക്കുകയാണ് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍). രാജ്യത്തെ ആദ്യത്തെ എല്‍പിജി എടിഎം ഗുരുഗ്രാമില്‍ തുറന്നിരിക്കുകയാണ് കമ്പനി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം വഴി രണ്ട് മുതല്‍ മൂന്നു മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ സാധിക്കും. പൈലറ്റ് പദ്ധതിയായ തുടങ്ങിയിരിക്കുന്ന ആശയം ക്ലിക്കായാല്‍ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബിപിസിഎല്ലിന്റെ പദ്ധതി.
ഗുരുഗ്രാമിലെ സെന്‍ട്രല്‍ പാര്‍ക്ക് ജംഗ്ഷനിലാണ് ഈ എല്‍പിജി എടിഎം തുറന്നിരിക്കുന്നത്. സാധാരണഗതിയിലുള്ള ഇരുമ്പിന്റെ സിലിണ്ടറുകള്‍ക്ക് പകരം ഫൈബര്‍ സിലിണ്ടറുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇരുമ്പിന്റെ സിലിണ്ടറുകള്‍ക്ക് 31 കിലോഗ്രാം ഭാരമുള്ളപ്പോള്‍ ഫൈബര്‍ സിലിണ്ടറുകള്‍ക്ക് 15 കിലോ മാത്രമാണ് ഭാരം.
10 കിലോഗ്രാം ഗ്യാസ് ഈ സിലിണ്ടറിലേക്ക് നിറയ്ക്കാന്‍ 2-3 മിനിറ്റുകള്‍ മതിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
വളരെ എളുപ്പത്തില്‍ ഈ എല്‍പിജി എടിഎം ഉപയോഗിക്കാം. ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി വഴി ഐഡന്റിറ്റി സ്ഥിരീകരിക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം യുപിഐ വഴിയോ മറ്റ് രീതികളിലൂടെയോ പണമിടപാട് നടത്താം. ഇതിനുശേഷം മെഷീന്‍ സ്വയമേ നിറച്ച സിലിണ്ടര്‍ പുറത്തുവിട്ട് കാലിയായ സിലിണ്ടര്‍ സ്വീകരിക്കും.
എല്‍പിജി എടിഎം വളരെ ഉപയോഗപ്രദമാണെന്നാണ് ഉപയോഗിച്ചവര്‍ പറയുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഗ്യാസിനായി കാത്തുനില്‍ക്കേണ്ടതില്ല. ഗ്യാസ് ഏജന്‍സികളെ അമിതമായി ആശ്രയിക്കുന്ന രീതിക്ക് മാറ്റംവരുത്താന്‍ പുതിയ മാര്‍ഗത്തിലൂടെ സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine