petrol station canva
News & Views

ഒരു ലിറ്റര്‍ പെട്രോള്‍ വിറ്റാല്‍ 10.3 രൂപ ലാഭം! എണ്ണക്കമ്പനികള്‍ക്ക് കോളടിച്ചു, മുന്‍കാല നഷ്ടവും നികത്തി, ജനങ്ങള്‍ക്ക് ആശ്വാസമെന്ന്?

ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍ പോലുള്ള ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുമ്പോള്‍ ലഭിക്കുന്ന ഗ്രോസ് റിഫൈനിംഗ് മാര്‍ജിനിലും (GRM) കമ്പനികള്‍ മികച്ച ലാഭമാണ് ഇക്കാലത്ത് രേഖപ്പെടുത്തിയത്

Dhanam News Desk

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ ലാഭം നേടിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ എണ്ണവില മാറ്റമില്ലാതെ തുടര്‍ന്നതോടെ കമ്പനികളുടെ മുന്‍കാലങ്ങളിലെ നഷ്ടം നികത്താനും കഴിഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നേടിയത് 16,184 കോടി രൂപയുടെ സംയോജിത ലാഭം. മുന്‍വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ 2.5 മടങ്ങ് വര്‍ധനയാണിതെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ വില 21 ശതമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് കമ്പനികള്‍ മികച്ച ലാഭമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

മുന്നില്‍ ഭാരത് പെട്രോളിയം

6,124 കോടി രൂപയുടെ ലാഭം നേടിയ ഭാരത് പെട്രോളിയമാണ് ലാഭത്തില്‍ മുന്നിലെത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് 5,689 കോടി രൂപയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് 4,371 കോടി രൂപയും ലാഭം നേടാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍ പോലുള്ള ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുമ്പോള്‍ ലഭിക്കുന്ന ഗ്രോസ് റിഫൈനിംഗ് മാര്‍ജിനിലും (GRM) കമ്പനികള്‍ മികച്ച ലാഭമാണ് ഇക്കാലത്ത് രേഖപ്പെടുത്തിയത്. ഭാരത് പെട്രോളിയത്തിന് ബാരലിന് 4.88 ഡോളറാണ് (ഏകദേശം 426 രൂപ) ജി.ആര്‍.എം. 3.08 ഡോളറുമായി (ഏകദേശം 269 രൂപ) ഹിന്ദുസ്ഥാന്‍ പെട്രോളിയവും 2.15 ഡോളറുമായി (ഏകദേശം 187 രൂപ) ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും തൊട്ടുപിന്നിലുണ്ട്. മൂന്ന് കമ്പനികളും സ്ഥാപിത ശേഷിയേക്കാള്‍ എണ്ണശുദ്ധീകരണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വില്‍പ്പനയിലെ ലാഭം ഇങ്ങനെ

ഓരോ ഔട്ട്‌ലെറ്റുകളിലും വില്‍ക്കുന്ന ശരാശരി പെട്രോളിയം ഉത്പന്നങ്ങളുടെ കണക്കിലും ഭാരത് പെട്രോളിയം മുന്നിലാണ്. ഭാരത് പെട്രോളിയത്തിന്റെ ഔട്ട്‌ലെറ്റുകളില്‍ 153 കിലോലിറ്റര്‍ പെട്രോളിയമാണ് പ്രതിമാസം വില്‍ക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പുകളില്‍ ശരാശരി 130 കിലോലിറ്ററാണ് വില്‍പ്പന. ഓരോ ലിറ്റര്‍ പെട്രോളിലും കമ്പനികള്‍ക്ക് 10.3 രൂപ വീതം ലാഭം കിട്ടിയതായി ബ്രോക്കറേജ് സ്ഥാപനമായ ഐ.സി.ഐ.സി.ഐ സെക്യുരിറ്റീസിന്റെ കണക്കും വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇത് 4.4 രൂപയായിരുന്നു. ലാഭം വര്‍ധിച്ചത് ലിറ്ററിന് 5.9 രൂപ. ഡീസല്‍ വില്‍പ്പനയില്‍ ലിറ്ററിന് 8.2 രൂപയും കമ്പനികള്‍ ലാഭം നേടി. മുന്‍ വര്‍ഷങ്ങളില്‍ ഇത് 2.5 രൂപയായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു.

ജനങ്ങള്‍ക്ക് ആശ്വാസമെന്ന്?

അതേസമയം, എണ്ണ ഇറക്കുമതി ചെലവ് കുറയുകയും കമ്പനികളുടെ ലാഭം വര്‍ധിക്കുകയും ചെയ്തതോടെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് രാജ്യത്ത് അവസാനമായി പെട്രോള്‍,ഡീസല്‍ വില കുറച്ചത്. പിന്നീട് അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്ന സാഹചര്യമുണ്ടായെങ്കിലും ചില്ലറ വിലയില്‍ മാറ്റമുണ്ടായില്ല. ക്രൂഡ് ഓയില്‍ വില ബാരലിന് 65 ഡോളറില്‍ താഴെ എത്തിയാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇതിനിടയില്‍ പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്നതും രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നുണ്ട്.

BPCL outperformed in Q1 with industry-best sales, as oil companies earned ₹10.3 on every litre of petrol sold, showing strong refining margins and demand.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT