ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ പിന്നിട്ടതോടെ രാജ്യത്തെ എണ്ണക്കമ്പനികളുടെ നഷ്ടം വര്‍ധിച്ചു. ഓരോ ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോഴും അഞ്ചുരൂപയുടെ നഷ്ടമാണ് കമ്പനികള്‍ക്ക് നേരിടേണ്ടി വരുന്നത്. ഡീസലിന് 23 രൂപയാണ് ലിറ്ററിലെ നഷ്ടം. ക്രൂഡ് വില ആറാഴ്ച്ചയിലെ ഉയര്‍ന്ന നിരക്കിലെത്തിയതാണ് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായത്.
ഫെബ്രുവരി 28ന് മിഡില്‍ ഈസ്റ്റില്‍ യുദ്ധം തുടങ്ങിയതോടെയാണ് എണ്ണവില ക്രമാതീതമായി കൂടാന്‍ തുടങ്ങിയത്. 60 ഡോളറുകളിലായിരുന്ന ക്രൂഡ് വില പെട്ടെന്ന് 120 ഡോളര്‍ വരെ കയറിയിരുന്നു. രണ്ടാംവട്ടവും സംഘര്‍ഷം കനത്തതോടെ വില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ക്രൂഡ് വില 140-150 നിരക്കിലേക്ക് ഉയര്‍ന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ക്രൂഡ് വില 100 കടന്നപ്പോള്‍ മേയ് മാസം നാല് തവണകളായി ഇന്ധന വില പെട്രോളിന് 7.35 രൂപയും ഡീസല്‍ വില 7.53 രൂപയും വര്‍ധിപ്പിച്ചിരുന്നു. നഷ്ടം നികത്താന്‍ ഇന്ധനവിലയില്‍ വര്‍ധന വേണമെന്ന ആവശ്യം എണ്ണക്കമ്പനികള്‍ ഉന്നയിച്ചു കഴിഞ്ഞു.
എണ്ണയുടെ വിതരണ സംവിധാനം പ്രതിസന്ധിയിലാകുന്നത് ഇന്ത്യയുടെ ഇറക്കുമതിയെ ഗുരുതരമായി ബാധിക്കും. നിലവില്‍ ഒരു ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താവിന് കൈമാറുമ്പോള്‍ 200 രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികള്‍ നേരിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരില്‍ ഒന്നായ ഇന്ത്യയ്ക്ക് ഉയര്‍ന്ന എണ്ണവില വലിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ ഏകദേശം 89 ശതമാനവും പ്രകൃതിവാതക ആവശ്യത്തിന്റെ പകുതിയോളവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.
2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ബില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 56.5 ശതമാനം ഉയര്‍ന്ന് 63.4 ബില്യണ്‍ ഡോളറിലെത്തി. അതേസമയം ഇറക്കുമതി അളവില്‍ കാര്യമായ മാറ്റമില്ല. ഈ വര്‍ഷം 81.9 ദശലക്ഷം ടണ്‍ ക്രൂഡാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 81.5 ദശലക്ഷം ടണ്‍ ആയിരുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം ശക്തമാകുന്നത് വിലയ്‌ക്കൊപ്പം എണ്ണ ലഭ്യതയിലും ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യ, ബ്രസീല്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ലഭ്യമാക്കാനുള്ള സാധ്യതകള്‍ ഇന്ത്യന്‍ റിഫൈനറികള്‍ പരിശോധിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രൂഡ് വില 100 കടന്നതുകൊണ്ട് മാത്രം ഇന്ധന വില വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയാറായേക്കില്ല. ഇന്ധനവില വര്‍ധിക്കുന്നത് രാജ്യത്ത് അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി ഉയരാന്‍ കാരണമാകും. പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനം എടുത്തേക്കില്ല.
Read DhanamOnline in English
Subscribe to Dhanam Magazine