Bank of England Bank notes 
News & Views

കറന്‍സി നോട്ടില്‍ നേതാക്കള്‍ ഔട്ട്, വന്യജീവികള്‍ ഇന്‍! കുറുക്കനു മുമ്പില്‍ ചര്‍ച്ചില്‍ പോലും മാറിനില്‍ക്കും; ഇത് ബ്രിട്ടീഷ് മോഡല്‍

നോട്ടുകളുടെ മുന്നില്‍ രാജാവ് ചാള്‍സ് മൂന്നാമന്റെ ചിത്രം തുടരുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിന്നിലെ ഭാഗം പൂര്‍ണമായും പുതിയ തീമിലേക്ക് മാറും

Dhanam News Desk

ബ്രിട്ടന്റെ കറന്‍സി നോട്ടുകളില്‍ നിന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പോലുള്ള ചരിത്രപ്രധാന വ്യക്തികളുടെ ചിത്രങ്ങള്‍ നീക്കുന്നു. പകരം വരുന്നത് ഒരു കുറുക്കനോ, റോബിന്‍ പക്ഷിയോ, ചുവന്ന മാന്‍ പോലുള്ള വന്യജീവികളോ ആയിരിക്കാം. ബ്രിട്ടന്റെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതിയ സീരീസ് ബാങ്ക് നോട്ടുകളില്‍ ബ്രിട്ടനിലെ വന്യജീവികളെ ചിത്രീകരിക്കാന്‍ പദ്ധതിയിടുകയാണ്. ഈ തീരുമാനം രാജ്യത്ത് വലിയ ചര്‍ച്ചക്ക് വഴിവെച്ചു.

ഡിസൈനില്‍ വലിയ മാറ്റം

ദശാബ്ദങ്ങളായി ബ്രിട്ടീഷ് ബാങ്ക് നോട്ടുകളുടെ പിന്നില്‍ രാജ്യത്തെ ചരിത്രപ്രസിദ്ധരായ വ്യക്തികളുടെ ചിത്രങ്ങളാണ് പതിവ്. നിലവിലെ സീരീസില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ജെയ്ന്‍ ഓസ്റ്റിന്‍, കലാകാരന്‍ ജെ.എം.ഡബ്ല്യു. ടേര്‍ണര്‍, കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ അലന്‍ ട്യൂറിംഗ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഉള്ളത്. എന്നാല്‍ അടുത്ത സീരീസില്‍ ഈ വ്യക്തികളെ ഒഴിവാക്കി യുകെയിലെ സ്വാഭാവിക ജൈവ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന വന്യജീവികളെ ഉള്‍പ്പെടുത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം.

നോട്ടുകളുടെ മുന്നില്‍ രാജാവ് ചാള്‍സ് മൂന്നാമന്റെ ചിത്രം തുടരുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിന്നിലെ ഭാഗം പൂര്‍ണമായും പുതിയ തീമിലേക്ക് മാറും. പൊതുജനാഭിപ്രായ സര്‍വേയാണ് കാരണമായത്. 2025 ജൂലൈയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പൊതുജനങ്ങളില്‍ നിന്ന് പുതിയ ബാങ്ക് നോട്ടുകള്‍ക്ക് വേണ്ട തീം സംബന്ധിച്ച് അഭിപ്രായം തേടിയിരുന്നു. ആ സര്‍വേയില്‍ 44,000ത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. അതില്‍ ഏകദേശം 60 ശതമാനം ആളുകള്‍ വന്യജീവികളെ പ്രമേയമാക്കുന്നതിനെ പിന്തുണച്ചു. വാസ്തുവിദ്യ, സംസ്‌കാരം, ചരിത്ര വ്യക്തികള്‍ തുടങ്ങിയ മറ്റ് ആശയങ്ങളെ മറികടന്നാണ് ഈ നിര്‍ദേശം മുന്‍പന്തിയില്‍ എത്തിയത്.

ഇനി ബ്രിട്ടീഷ് വന്യജീവി വിദഗ്ധരുമായി ചേര്‍ന്ന് നോട്ടുകളില്‍ ഉള്‍പ്പെടുത്താവുന്ന മൃഗങ്ങളുടെ പട്ടിക തയ്യാറാക്കും. പിന്നീട് പൊതുജനാഭിപ്രായം വീണ്ടും തേടി അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് പദ്ധതി. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നവരുണ്ടെങ്കിലും ശക്തമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ചില രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് ബാങ്ക് നോട്ടുകളില്‍ നിന്ന് ചരിത്രപ്രസിദ്ധരായ വ്യക്തികളെ നീക്കുന്നത് രാജ്യത്തിന്റെ ചരിത്രം അവഗണിക്കുന്നതാണ് എന്നാണ്. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന നോട്ടുകള്‍ രാജ്യത്തെ ചരിത്രത്തെയും വ്യക്തികളെയും ഓര്‍മിപ്പിക്കുന്ന ഒരു ചിഹ്നമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, പരിസ്ഥിതി ബോധവും ജൈവ വൈവിധ്യ സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന ഒരു നല്ല ആശയമായി കാണുന്നവരും കുറവല്ല.

സുരക്ഷയും പുതിയ സാങ്കേതികവിദ്യയും

പുതിയ ഡിസൈന്‍ വെറും ദൃശ്യ മാറ്റം മാത്രമല്ല. കേന്ദ്രബാങ്കുകള്‍ ഇടയ്ക്കിടെ ബാങ്ക് നോട്ടുകള്‍ പുതുക്കുന്നത് കള്ളനോട്ടുകള്‍ തടയാന്‍ പാകത്തില്‍ പുതിയ സുരക്ഷാ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തുന്നതിനു കൂടിയാണ്. മൃഗങ്ങള്‍, പ്രകൃതി ദൃശ്യങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് കൂടുതല്‍ സങ്കീര്‍ണമായ ഡിസൈനുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കും ഗുണകരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഏത് മൃഗങ്ങള്‍ വരാം?

ഇതുവരെ അന്തിമ പട്ടിക പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് താഴെപ്പറയുന്ന ബ്രിട്ടീഷ് വന്യജീവികള്‍ ശക്തമായ സാധ്യതയുള്ളവയാണെന്നാണ്: റെഡ് ഡിയര്‍ (ചുവന്ന മാന്‍), ബ്രിട്ടീഷ് റെഡ് ഫോക്‌സ്, റോബിന്‍ പക്ഷി, ബാഡ്ജര്‍, കടല്‍ സീലുകള്‍. 1970 മുതല്‍ ബ്രിട്ടീഷ് ബാങ്ക് നോട്ടുകളില്‍ ചരിത്രപ്രസിദ്ധരായ വ്യക്തികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന പതിവാണ് തുടരുന്നത്. അതില്‍ നിന്ന് മാറി വന്യജീവികളെ പ്രധാന തീമാക്കുന്ന തീരുമാനം ബ്രിട്ടീഷ് കറന്‍സിയുടെ ചരിത്രത്തില്‍ വലിയ മാറ്റമായി മാറാന്‍ സാധ്യതയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT