image credit : canva and bsnl 
News & Views

വമ്പന്മാര്‍ അരങ്ങുവാഴുന്ന ടെലികോം രംഗത്ത് ബിഎസ്എന്‍എല്ലിന്റെ ലാഭ 'മാജിക്', മുന്നില്‍ കേരള സര്‍ക്കിള്‍; വരുമാനത്തിലും വന്‍കുതിപ്പ്

Dhanam News Desk

പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) തുടര്‍ച്ചയായ രണ്ടാം പാദത്തിലും ലാഭത്തില്‍. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ലാഭം 280 കോടി രൂപയായി ഉയര്‍ന്നു. മൂന്നാംപാദത്തിലും 262 കോടി രൂപ ലാഭത്തിലെത്താന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചിരുന്നു. തൊട്ടുമുന്‍ വര്‍ഷം സമാനപാദത്തില്‍ 849 കോടി രൂപ നഷ്ടത്തില്‍ നിന്നാണ് ഈ ഉയിര്‍ത്തെണീല്‍പ്പ്.

താരിഫ് നിരക്കുകള്‍ കൂട്ടിയതോടെ സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് ചുവടുമാറ്റിയിരുന്നു. ഇതിനൊപ്പം കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയതും പൊതുമേഖല സ്ഥാപനത്തിന് നേട്ടമായി. വരും വര്‍ഷങ്ങളില്‍ 5ജി കൂടി വ്യാപിപ്പിക്കുന്നതോടെ വരുമാനം വര്‍ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിഎസ്എന്‍എല്‍.

കേരള സര്‍ക്കിള്‍ മുന്നില്‍

വരുമാനത്തിലും ലാഭത്തിലും രാജ്യത്തെ മറ്റ് സര്‍ക്കിളുകള്‍ക്ക് മാതൃകയാണ് ബിഎസ്എന്‍എല്‍. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 182.63 കോടി രൂപയാണ് കേരള സര്‍ക്കിളിന്റെ ലാഭം. 2023-24 സാമ്പത്തികവര്‍ഷം ഇത് 90.06 കോടി രൂപയായിരുന്നു. വരുമാനത്തിലും ഈ സാമ്പത്തികവര്‍ഷം വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. മുന്‍ സാമ്പത്തികവര്‍ഷത്തെ 1,859 കോടിയില്‍ നിന്ന് 1,955 കോടിയിലേക്കാണ് വരുമാന വളര്‍ച്ച.

ബിഎസ്എന്‍എല്ലിന്റെ രാജ്യത്തെ സര്‍ക്കിളുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനവും ലാഭവും നേടുന്ന സര്‍ക്കിളാണ് കേരളം. ഒഡീഷയാണ് രണ്ടാമത്. 161 കോടി രൂപയാണ് ഒഡീഷയുടെ വാര്‍ഷിക ലാഭം. മഹാരാഷ്ട്ര (127 കോടി), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ (77 കോടി), രാജസ്ഥാന്‍ (36 കോടി), ഹരിയാന (29 കോടി), ഉത്തര്‍പ്രദേശ് ഈസ്റ്റ് (19 കോടി), കര്‍ണാടക (15 കോടി), ഉത്തരാഖണ്ഡ് (12 കോടി) ജമ്മു കശ്മീര്‍ (5 കോടി) എന്നിങ്ങനെയാണ് ലാഭത്തിലുള്ള സര്‍ക്കിളുകളുടെ കണക്ക്. മറ്റ് സര്‍ക്കിളുകള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം, 2024-25 സാമ്പത്തികവര്‍ഷം മൊത്തം നോക്കുമ്പോള്‍ ബിഎസ്എന്‍എല്‍ ഇപ്പോഴും നഷ്ടത്തിലാണ്. 849 കോടി രൂപയാണ് വാര്‍ഷിക നഷ്ടം. ഘട്ടംഘട്ടമായി നഷ്ടം കുറച്ചു കൊണ്ടുവരാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്. വരുമാനം 7.8 ശതമാനം ഉയര്‍ന്ന് 20,841 കോടിയായിട്ടുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം ലാഭത്തിലെത്തുമെന്നാണ് പ്രതീക്ഷ.

BSNL posts ₹280 crore profit with Kerala Circle leading in revenue and growth among telecom regions

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT