മെച്ചപ്പെട്ട 4ജി,5ജി സേവനങ്ങള്‍ ലഭ്യമാകുന്ന ഓവര്‍ ദ എയര്‍ (ഒ.ടി.എ), യൂണിവേഴ്‌സല്‍ സിമ്മുകള്‍ പുറത്തിറക്കാന്‍ ബി.എസ്.എന്‍.എല്‍. ഉപയോക്താക്കള്‍ക്ക് നിലവിലെ സിം കാര്‍ഡ് മാറ്റാതെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് യൂണിവേഴ്‌സല്‍ സിം കാര്‍ഡിലുള്ളത്.
അതായത് ഈ സിം കാര്‍ഡുണ്ടെങ്കില്‍ ബി.എസ്.എന്‍.എല്‍ 4ജി, 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന മുറയ്ക്ക് ഉപയോക്താവിന് അത് ലഭ്യമാകും. ഇതിനായി പ്രത്യേകം സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ബി.എസ്.എന്‍.എല്ലിന്റെ ഓഫീസുകളിലെത്താതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ഓവര്‍ ദ എയര്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടച്ചുപൂട്ടലിന്റെ അറ്റത്ത് നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പ്
കടത്തില്‍ മുങ്ങി പ്രതിസന്ധിയിലായിരുന്ന ബി.എസ്.എന്‍.എല്‍ ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. പൊതുമേഖലാ സ്ഥാപനത്തെ രക്ഷിച്ചെടുക്കാന്‍ കേന്ദ്രം മൂന്ന് രക്ഷാ പാക്കേജുകളാണ് പ്രഖ്യാപിച്ചത്. 2019ല്‍ 69,000 കോടി രൂപയും 2022ല്‍ 1.64 ലക്ഷം കോടി രൂപയും അവസാന ഘട്ടമായി 89,047 കോടി രൂപയും അനുവദിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണ ലഭിച്ചതും അപ്രതീക്ഷിതമായി സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ കൂട്ടിയതും ബി.എസ്.എന്‍.എല്ലിന് തുണയായി. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് സ്വകാര്യ കമ്പനികളുടെ സിം കാര്‍ഡ് ഉപേക്ഷിച്ച് ബി.എസ്.എന്‍.എല്ലിലേക്ക് തിരികെ വന്നത്.
ഈ വര്‍ഷം 4ജി, അടുത്ത വര്‍ഷം 5ജി
പരീക്ഷണാടിസ്ഥാനത്തില്‍ കേരളമടക്കം ഇന്ത്യയിലെ പല സ്ഥലങ്ങളിലും ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വയനാട്ടില്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ ബി.എസ്.എന്‍.എല്‍ ഇതിനോടകം 4ജി സര്‍വീസ് തുടങ്ങി. രാജ്യത്തെ 15,000 ടവറുകളില്‍ 4ജി സര്‍വീസുകള്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യയിലാണ് ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ഒരുക്കുന്നതെന്നും ശ്രദ്ധേയമാണ്. ഇപ്പോള്‍ ഇന്ത്യയിലെ പല സ്ഥലങ്ങളിലും പരീക്ഷണം നടക്കുന്ന 5ജി സേവനങ്ങള്‍ അടുത്ത വര്‍ഷത്തില്‍ തന്നെ വ്യാപകമാക്കുമെന്നും ബി.എസ്.എന്‍.എല്‍ വൃത്തങ്ങള്‍ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine