ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്രബജറ്റ് പ്രഖ്യാപിക്കാനിരിക്കെ മാധ്യമങ്ങളിലെ ഇന്നത്തെ ചര്‍ച്ച ധനമന്ത്രാലയത്തിലെ മധുരം നുണയല്‍ ചടങ്ങ്. ബജറ്റ് തയ്യാറാക്കലിന്റെ അവസാന ഘട്ടങ്ങളിലൊന്നായി അറിയപ്പെടുന്ന ഹല്‍വ സെറിമണിക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് ക്വാറന്റൈന്‍ വാസവുമുണ്ടാകും. 1950ലെ ബജറ്റ് ചോര്‍ച്ചക്ക് ശേഷം രഹസ്യാത്മകത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത രീതിയില്‍ ജീവനക്കാരെ പാര്‍പ്പിക്കുന്നത്. ഹല്‍വ സെറിമണി പോലെ മധുരമുള്ളതാകുമോ നിര്‍മലാ സീതാരാമന്റെ ബജറ്റെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 1950ലെ ബജറ്റ് ചോര്‍ച്ചക്ക് ശേഷമാണ് ഈ ചടങ്ങിന് കൂടുതല്‍ പ്രാമുഖ്യം കൈവന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആറ് മാസത്തോളം നീണ്ടുനില്‍ക്കുന്ന ബജറ്റ് തയ്യാറാക്കലിന്റെ അവസാന ഘട്ടങ്ങളിലൊന്നാണ് ഹല്‍വ സെറിമണി. ബജറ്റ് തയ്യാറാക്കാന്‍ അഹോരാത്രം പണിയെടുത്ത ജീവനക്കാര്‍ക്കുള്ള നന്ദിപ്രകടനം കൂടിയാണിത്. ധനമന്ത്രി നേരിട്ടെത്തി മധുരം തയ്യാറാക്കി ജീവനക്കാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും വിളമ്പുന്നതാണ് രീതി. ഹല്‍വ സെറിമണി തുടങ്ങിയതിന് പിന്നിലെ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.
കേവലം ചടങ്ങിനപ്പുറം 10 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ക്വാറന്റൈന്‍ വാസത്തിന്റെ തുടക്കം കൂടിയാണ് ഹല്‍വ സെറിമണി. മധുരം നുണയല്‍ കഴിഞ്ഞാല്‍ ഇരുന്നൂറോളം ജീവനക്കാരെ ധനമന്ത്രാലയത്തിലെ നോര്‍ത്ത് ബ്ലോക്കിലേക്ക് മാറ്റും. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ബജറ്റ് രേഖകള്‍ ചോരാതിരിക്കാന്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള എല്ലാവിധ ആശയവിനിമയ സംവിധാനങ്ങളും സര്‍ക്കാര്‍ തടയും. പുറത്തുള്ളവരെ ബന്ധപ്പെടാനോ വെളിയിലിറങ്ങാനോ സാധിക്കില്ല. 24 മണിക്കൂറും ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണവുമുണ്ടാകും. മധുരം നുണയല്‍ ചടങ്ങ് കഴിഞ്ഞതിന് ശേഷമാണ് ധനമന്ത്രാലയത്തിലെ നോര്‍ത്ത് ബ്ലോക്കിലുള്ള പ്രസില്‍ ബജറ്റ് പ്രസംഗത്തിന്റെ അച്ചടി ആരംഭിക്കുന്നത്.
ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റും ആദ്യ മുഴുബജറ്റുമാണിത്. ആദായ നികുതി, ജി.എസ്.ടി നിരക്ക് തുടങ്ങി നിര്‍ണായകമായ പല പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine